കോട്ടയം : വീടിന്റെ ഭിത്തിയിലും മതിലിലും ചെടിയിലും പറ്റം ചേർന്നിരിക്കുന്ന ആഫ്രിക്കൻ ഒച്ചിന്റെ ശല്യം സഹിക്കാനാവാതെ പള്ളിക്കത്തോട് ഇളമ്പള്ളി നിവാസികൾ കഴിയാൻ തുടങ്ങിയിട്ട് മാസങ്ങൾ. ചെടികൾ തിന്നും. മണൽ, സിമന്റ്, കോൺക്രീറ്റുവരെ ഇവയുടെ ഭക്ഷണമെനുവിലുണ്ട്. കിണറ്റിൽ വീണാലോ കുടിവെള്ളത്തിനും നിറവ്യത്യാസം. എന്ത് ചെയ്യണമെന്നറിയാതെ നാട്ടുകാർ വ്യാകുലപ്പെടുകയാണ്. പ്രധാനമായും പള്ളിക്കത്തോട് ഇളമ്പള്ളിയിലാണ് ഇവയുടെ ശല്യമേറിയത്. ഇളമ്പള്ളിയോട് ചേർന്നുള്ള എലിക്കുളം – വാഴൂർ പഞ്ചായത്തുകളിലും ഒച്ചുകളെത്തിത്തുടങ്ങിയെന്ന് നാട്ടുകാർ പറയുന്നു. കറിയുപ്പ് വിതറി കൊല്ലാനാണ് പലരും ശ്രമിക്കുന്നത്. എന്നാൽ അമിതമായ ഉപ്പിന്റെ ഉപയോഗം മണ്ണിന്റെ രാസഘടനയിൽ മാറ്റം ഉണ്ടാക്കി കൃഷിക്ക് അനുയോജ്യമല്ലാതാക്കുമോയെന്നാണ് നാട്ടുകാർക്ക് ഭയം. ഈ ഒച്ചിന്റെ വിസർജ്യത്തിലൂടെ മസ്തിഷ്കജ്വരം പടരുമെന്നും ആളുകൾ ഭയക്കുന്നു.
ശല്യം വർധിച്ചതിനാൽ കുമരകം കൃഷിവിജ്ഞാനകേന്ദ്രം മേധാവി ജി.ജയലക്ഷ്മിയുടെ നേതൃത്വത്തിൽ ഒരു സംഘം പ്രദേശത്തെത്തി, ആഫ്രിക്കൻ ഒച്ചിനെക്കുറിച്ച് ഗവേഷണം നടത്തുന്നുണ്ട്. പള്ളിക്കത്തോട് കൃഷിഭവനിലെ കൃഷി ഓഫീസർ പ്രവീണും കൃഷി അസിസ്റ്റന്റുമാരായ പി.എസ് ശശികല, എസ്.ഹീര എന്നിവരും സംഘത്തിനൊപ്പം ചേർന്നു. പ്രതികൂലാവസ്ഥയിൽ, മൂന്നുവർഷം വരെ തോടിനുള്ളിൽ സമാധിയിരിക്കാൻ കഴിവുണ്ട്. അതിനാൽ ഇവയെ നശിപ്പിക്കുക എളുപ്പമല്ല. ലിംഗ വ്യത്യാസം ഇല്ല. വർഷത്തിൽ അഞ്ചുമുതൽ ആറ് തവണ മുട്ടകൾ ഇടും. ഓരോ പ്രാവശ്യവും 800 – 900 മുട്ടകളിടും. 90 ശതമാനം മുട്ടകൾ വിരിയാറുമുണ്ട്.