തിരുവനന്തപുരം: ഇന്ധന നികുതി വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് മറുപടി നല്‍കി സംസ്ഥാന ധനമന്ത്രി കെ എന്‍ ബാലഗോപാല്‍.കഴിഞ്ഞ ആറ് വര്‍ഷമായി കേരളം ഇന്ധന നികുതി കൂട്ടിയിട്ടില്ലെന്നാണ് മോദിയുടെ വിമര്‍ശനങ്ങള്‍ക്ക് ധനമന്ത്രി പ്രതികരിച്ചത്. കേരളമടക്കമുള്ള പ്രതിപക്ഷ ഭരണ സംസ്ഥാനങ്ങള്‍ കേന്ദ്രം ആവശ്യപ്പെട്ടിട്ടും ഇന്ധനങ്ങളുടെ മൂല്യ വര്‍ദ്ധിത നികുതി കുറച്ചില്ലെന്ന് മുഖ്യമന്ത്രിമാരുടെ കൊവിഡ് അവലോകന യോഗത്തില്‍ മോദി ആരോപിച്ചിരുന്നു.
നികുതി കൂട്ടാത്ത അപൂര്‍വ്വം ചില സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നിരന്തരമായി കേന്ദ്രസര്‍ക്കാര്‍ നികുതി വര്‍ദ്ധിപ്പിക്കുകയാണ്. ഒരിക്കലും പിരിക്കാന്‍ പാടില്ലാത്ത നികുതിയാണ് കേരളത്തില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ ഈടാക്കുന്നത്. ന്യായമല്ലാത്ത രീതിയില്‍ പിരിച്ചുകൊണ്ടിരിക്കുന്ന സര്‍ചാര്‍ജും സെസും കേന്ദ്രം അവസാനിപ്പിക്കണം. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ പ്രധാനമന്ത്രി പ്രചാരണം നടത്തരുതെന്നും കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.
രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ വിളിച്ചുകൂട്ടിയ മുഖ്യമന്ത്രിമാരുടെ അവലോകന യോഗത്തില്‍ കേരളത്തെ മോദി പേരെടുത്ത് വിമര്‍ശിച്ചിരുന്നു. കേന്ദ്ര സര്‍ക്കാര്‍ ഇന്ധന നികുതി കുറച്ചിട്ടും ചില സംസ്ഥാനങ്ങള്‍ ഇതിന് തയ്യാറായില്ല. കേരളം, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, തെലങ്കാന, ആന്ധ്രാ പ്രദേശ്, തമിഴ്‌നാട്, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളാണ് നികുതി കുറയ്ക്കാന്‍ തയ്യാറാകാത്തതെന്ന് മോദി യോഗത്തില്‍ ആരോപിച്ചു.
രാജ്യത്തെ ജനങ്ങളുടെ പ്രതിസന്ധികള്‍ കണക്കിലെടുത്ത് കഴിഞ്ഞ നവംബറില്‍ കേന്ദ്രം പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് ഡ്യൂട്ടി കുറച്ചിരുന്നു. നികുതി കുറയ്ക്കാന്‍ കേന്ദ്രം സംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടു. ചിലര്‍ അനുസരിച്ചു. എന്നാല്‍ കുറച്ചു സംസ്ഥാനങ്ങള്‍ ഇതിന് തയ്യാറായില്ല. ഇക്കാരണത്താല്‍ ഈ സംസ്ഥാനങ്ങളില്‍ ഇന്ധനവില വര്‍ദ്ധനവ് തുടരുകയാണ്. ഇത് രാജ്യത്തെ ജനങ്ങളോടുള്ള അനീതി മാത്രമല്ല അയല്‍രാജ്യങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്നും മോദി വിമര്‍ശിച്ചിരുന്നു. മുഖ്യമന്ത്രി വിദേശത്തായതിനാല്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആയിരുന്നു യോഗത്തില്‍ പങ്കെടുത്തത്.