പാലക്കാട് : പുതുപ്പരിയാരത്ത് വൃദ്ധ ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയായ മകൻ സനല്‍ പിടിയിലായി. മൈസൂരില്‍ ഒളിവില്‍പോയ സനലിനെ സഹോദരന്‍ നാട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. നാട്ടുകാരുടെ സഹായത്തോടെയാണ് പോലീസ് സനലിനെ പിടികൂടിയത്. സനലിനായുള്ള അന്വേഷണം കർണാടകത്തിലേക്കും പോലീസ് വ്യാപിപ്പിച്ചിരുന്നു. ഇന്നലെ രാവിലെയാണ് വൃദ്ധ ദമ്പതികളായ ചന്ദ്രനേയും ദേവിയേയും വെട്ടി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. തെളിവുകളുടെ അടിസ്ഥാനത്തിൽമകനാണ് കൊലപാതകം നടത്തിയതെന്ന നിഗമനത്തിലാണ് പോലീസ്.
കോവിഡ് സാഹചര്യത്തിൽ ജോലി രാജിവെച്ച് മഹാരാഷ്ട്രയിൽ നിന്ന് നാട്ടിലെത്തിയ സനൽ ഏതാനും നാളുകളായി മാനസികസമ്മർദ്ദം അനുഭവിച്ചിരുന്നതായും ചികിത്സ തേടിയിരുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കൊലപാതകം നടന്ന വീട്ടിൽ നിന്ന് കണ്ടെടുത്ത സിറിഞ്ചുകൾ സനൽ മയക്കുമരുന്നിന് വേണ്ടിയാണ് ഉപയോഗിച്ചിരുന്നതെന്ന സംശയം പോലീസിനുണ്ട്. വൃദ്ധ ദമ്പതികളുടെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും .