ന്യൂഡല്‍ഹി : ബുള്‍ഡോസറുകളും മറ്റും കൊണ്ടുവന്ന് ഗാല്‍വാന്‍ നദിയിലെ ഒഴുക്ക് തടസ്സപ്പെടുത്താന്‍ ചൈനീസ് നീക്കം നടക്കുന്നതായി റിപ്പോര്‍ട്ട്. 20 ഇന്ത്യന്‍ സൈനികരെ കൊലപ്പെടുത്തിയ സ്ഥലത്തിന് ഒരു കിലോമീറ്റര്‍ അകലെയായി നദിയില്‍ നടക്കുന്ന ചൈനീസ് ഇടപെടല്‍ സംബന്ധിച്ച സാറ്റലൈറ്റ് ചിത്രങ്ങള്‍ പുറത്തുവന്നു. ഗാല്‍വാന്‍ നദിയില്‍ വെള്ളം വഴിതിരിച്ചുവിടാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. അതിര്‍ത്തിരേഖക്ക് സമീപം നദിയോട് ചേര്‍ന്ന് ചൈനീസ് ബുള്‍ഡോസറുകള്‍ പ്രവര്‍ത്തിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ബുള്‍ഡോസറുകളുടെ പ്രവര്‍ത്തനം നടക്കുന്നിടത്ത് നദിയുടെ ഒഴുക്ക് മാറുന്നത് ചിത്രത്തില്‍ വ്യക്തമാണ്. നിര്‍മാണം നടക്കുന്നിടത്ത് ചെളി കൂട്ടിയിട്ടതും കാണം. ചെറിയ അരുവി നിര്‍മിച്ച് വെള്ളം വഴിതിരിച്ചുപിടാനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
ലഡാക്ക് അതിര്‍ത്തിയില്‍ സമാനതകളില്ലാത്ത ക്രൂര ആക്രമണമാണ് കഴിഞ്ഞ ദിവസം ചൈന നടത്തിയത്. ഇന്ത്യന്‍ സൈനികരെ കല്ലുകളും വടികളും മറ്റ് മാരക ആയുധങ്ങളുമായി 500 ഓളം വരുന്ന ചൈനീസ് സംഘം മര്‍ദിക്കുകയായിരുന്നു. മര്‍ദിച്ച് അവശനാക്കിയ ശേഷം ഗാല്‍വാന്‍ നദിയിലേക്ക സൈനികരെ എടുത്ത് എറിഞ്ഞതായും തുടര്‍ന്ന് നദിയിലുള്ള സൈനികരെ കല്ലുകൊണ്ട് എറിഞ്ഞതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഒരു കേണലടക്കം 20 ഇന്ത്യന്‍ സൈനികര്‍ക്കാണ് ചൈനയുടെ ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത്. ശക്തമായ തിരിച്ചടി ഇന്ത്യന്‍ സൈനികര്‍ നല്‍കിയതായും ഇതില്‍ 35ഓളം ചൈനീസ് സൈനികര്‍ മരിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.