ദില്ലി: ഗാന്ധി സ്മൃതി മന്ദിരത്തില്‍ നിന്ന് ഗാന്ധിജി വെടിയേറ്റു വീഴുന്ന ചിത്രങ്ങള്‍ നീക്കം ചെയ്തു. കേന്ദ്രസർക്കാർ നടപ്പാക്കിയ ഡിജിറ്റൈസേഷനെത്തുടർന്നാണ് ചിത്രങ്ങൾ നീക്കം ചെയ്തത്. എന്നാൽ സംഭവം വിവാദമായിരിക്കുകയാണ് ഇപ്പോൾ. ഡൽഹി തീസ് ജനുവരി മാർഗിലെ ബിർളഹൗസ് എന്നറിയപ്പെടുന്ന ഗാന്ധിസ്മൃതി സ്വാതന്ത്ര്യലബ്ധിക്കുശേഷം ഗാന്ധിജി അവസാനനാളുകൾ ചെലവഴിക്കുകയും രക്തസാക്ഷിയാവുകയുംചെയ്ത ഈ സ്ഥലം പിന്നീട് മ്യൂസിയമാക്കുകയായിരുന്നു.
ഗാന്ധിവധത്തിന്റെ ചരിത്രം മായ്ച്ചുകളയാനാണ് ചിത്രം നീക്കം ചെയ്തതെന്ന് ആരോപിച്ച് മഹാത്മജിയുടെ കൊച്ചുമകൻ തുഷാർ ഗാന്ധി രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദേശമനുസരിച്ചാണ് ചിത്രങ്ങൾ നീക്കിയതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിനുകീഴിലുള്ള ഗാന്ധിസ്മൃതിയുടെ ചെയർമാൻ പ്രധാനമന്ത്രിയാണ്. അതേസമയം തുഷാർ ഗാന്ധിയുടെ ആരോപണം സാംസ്കാരികമന്ത്രി പ്രഹ്ലാദ് സിങ് പട്ടേൽ തള്ളി. ചിത്രങ്ങൾ നിറംമങ്ങിയതിനാലാണ് അവ മാറ്റിയതെന്നും ഡിജിറ്റൽ ദൃശ്യങ്ങളായി സൂക്ഷിച്ചിട്ടുണ്ടെന്നും മന്ത്രി വിശദീകരിച്ചു.