പത്തനാപുരം : നടിയെ ആക്രമിച്ച കേസിലെ മാപ്പ് സാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രദീപ് കുമാറിനെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിന്ന് പുറത്താക്കിയെന്ന് കെബി ഗണേഷ് കുമാര്‍ എംഎല്‍എ. ഇതുമായി ബന്ധപ്പെട്ട് പരസ്യപ്രതികരണത്തിന് ഇല്ലെന്നും ഗണേഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. ഇന്ന് പുലര്‍ച്ചയോടെ എംഎല്‍എയുടെ ഓഫീസിലെത്തിയ ബേക്കല്‍ പോലീസാണ് പ്രദീപ് കുമാറിനെ അറസ്റ്റ് ചെയ്തത്.
കാസര്‍ഗോഡ് സിഐയുടെ നേതൃത്വത്തില്‍ പത്തനാപുരത്ത് എത്തിയ പോലീസ് സംഘം പ്രദീപ് കുമാറുമായി കാസര്‍ഗോഡേക്ക് തിരിച്ചു. നടിയെ ആക്രമിച്ച കേസിലെ സാക്ഷി ബേക്കല്‍ മലാകുന്ന് സ്വദേശി വിപിന്‍ ലാലിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്.
കെ ബി ഗണേഷ് കുമാറിന്റെ ഓഫീസ് സെക്രട്ടറിയാണ് പ്രദീപ് കുമാര്‍. ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കാസര്‍ഗോഡ് സെഷന്‍സ് കോടതി തള്ളിയിരുന്നു. അന്വേഷണം ഇപ്പോള്‍ പ്രാരംഭ ഘട്ടത്തിലാണെന്നും പ്രതിയെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യണമെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് പിന്നില്‍ ഉന്നത ഗൂഡാലോചന നടന്നിട്ടുണ്ട്. 2020 ജനുവരി 20ന് എറണാകുളത്ത് ഒരു യോഗവും നടന്നിട്ടുണ്ട്. പ്രദീപ് ഈ ഗൂഡാലോചനയില്‍ പങ്കെടുത്തോ എന്നുള്ള കാര്യം അറിയാനുണ്ടെന്നും പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. കേസില്‍ ഗൂഡാലോചന നടന്നിട്ടുണ്ട്, ഗുഡാലോചന നടത്തിയവര്‍ ആരൊക്കെ, എന്തിനായിരുന്നു ഇത് എന്ന് തുടങ്ങിയ കാര്യങ്ങള്‍ വിശദമായ ചോദ്യം ചെയ്യലിലൂടെ മാത്രമേ അറിയാന്‍ കഴിയുമെന്നും പോലീസ് വ്യക്തമാക്കുന്നു.