ബംഗളൂരു : കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ കന്യാകുമാരി- ബംഗളൂരു ഫെസ്റ്റിവല്‍ സ്പെഷ്യല്‍ എക്സ്പ്രസില്‍ (06525) ട്രെയിനിലെ യാത്രക്കാരിയുടെ മാല കവര്‍ന്ന സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. കുപ്പം മേഖല കേന്ദ്രീകരിച്ച് ട്രെയിനുകളിലും റെയില്‍വെ സ്റ്റേഷനുകളിലും മോഷണം പതിവാക്കിയ മൂന്നംഗ സംഘത്തെയാണ് റെയില്‍വെ പോലീസ് പിടികൂടിയത്.
ആന്ധ്ര കുപ്പം സ്വദേശികളായ എസ്. വിജയ് (20), കെ. ശരവണന്‍ (26), ഹരീഷ് (26) എന്നിവരാണ് അറസ്റ്റിലായത് . പ്രതികളില്‍ നിന്ന് ആറ് മൊബൈല്‍ ഫോണുകള്‍ കണ്ടെടുത്തു. ഐലന്റ് എക്സ്പ്രസില്‍ കുപ്പം റെയില്‍വെ സ്റ്റേഷനില്‍ വെച്ച് യുവതിയില്‍ നിന്ന് കവര്‍ന്ന 20.5 ഗ്രാം വരുന്ന മാല ഇന്ത്യന്‍ ബാങ്കില്‍ പണയം വച്ചതിന്റെ രേഖകളും അധികൃതര്‍ പിടിച്ചെടുത്തു.
ട്രെയിനില്‍ യാത്രക്കാരുടെ ബാഗുകളും ഫോണുകളും മോഷ്ടിക്കുകയും സ്ത്രീകളുടെ മാല പൊട്ടിച്ചെടുക്കുകയും ചെയ്യുന്ന പ്രതികളെ ബംഗളൂരു ഡിവിഷന് കീഴിലെ ബംഗാര്‍പേട്ട് സ്റ്റേഷനിലെ റെയില്‍വേ സംരക്ഷണ സേനയാണ് പിടികൂടിയത്.
പോലീസ് അന്വേഷണത്തില്‍ സംശയാസ്പദ സാഹചര്യത്തില്‍ കണ്ട മൂവരെയും ചോദ്യം ചെയ്തെങ്കിലും പ്രസ്തുത മോഷണം സംബന്ധിച്ച് യാതൊരു വിവരം ലഭിച്ചില്ല. അതെ സമയം ട്രെയിന്‍ യാത്രക്കാരുടെ മൊബൈല്‍ ഫോണുകള്‍ കവര്‍ന്നതും ഐലന്റ് എക്സ്പ്രസിലെ യാത്രക്കാരിയുടെ മാല കവര്‍ന്നതും തങ്ങളാണെന്ന് സമ്മതിച്ചു . ഇവരില്‍ നിന്ന് 1,78,000 രൂപയുടെ മോഷണ മുതല്‍ പിടികൂടി . ശേഷം പ്രതികളെ കുപ്പം റെയില്‍വേ പോലീസിന് കൈമാറി.