കൊട്ടിയം : സിത്താര ജങ്ഷന് സമീപം വീട്ടിൽ കയറി യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഘത്തിലെ ഒരാൾ കൂടി പിടിയിലായി. മൈലാപ്പൂര് എ.കെ.എം.എച്ച്.എസിന് സമീപം എസ്.എസ്.എസ് മൻസിലിൽ ടി. ഷഹാലുദ്ദീൻ (41) ആണ് പിടിയിലായത്. ജൂലൈ 19ന് രോഹിണി വീട്ടിൽ പൊട്ടാസ് എന്ന് വിളിക്കുന്ന നിഷാദിന്റെ വീട്ടിൽ കയറിയാണ് ആക്രമണം നടത്തിയത്.
കേസിലെ ഒമ്പത് പ്രതികളെ മുമ്പ് പോലീസ് പിടികൂടിയിരുന്നു. സംഭവത്തിനുശേഷം ഇയാൾ ഒളിവിലായിരുന്നു. തിരികെ നാട്ടിൽ വന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മൈലാപ്പൂരിൽ നിന്ന് പിടികൂടുകയായിരുന്നു. കൊട്ടിയം ഇൻസ്പെക്ടർ എം.സി. ജിംസ്റ്റൻ, എസ്.ഐമാരായ സുജിത് ജി. നായർ, ഷിഹാസ്, അനൂപ്, റഹീം, പി.ജി അഷ്ടമൻ, ഗിരീശൻ, എ.എസ്.ഐ സുനിൽകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.