തിരുവനന്തപുരം : ഗംഗേശാനന്ദ കേസില്‍ വഴിത്തിരിവ് പരാതിക്കാരിയായ പെണ്‍കുട്ടിയും സുഹൃത്തും ചേര്‍ന്ന് ഗൂഢാലോചന നടത്തി സ്വാമിയുടെ ലിംഗം മുറിക്കുകയായിരുന്നു എന്ന് ക്രൈംബ്രാഞ്ച്. പരാതിക്കാരിയായ പെണ്‍കുട്ടിയും സുഹൃത്തും ചേര്‍ന്ന് ഗൂഢാലോചന നടത്തി സ്വാമിയുടെ ലിംഗം മുറിച്ചതായാണ് ക്രൈംബ്രാഞ്ചിന്റെ അന്തിമ റിപ്പോര്‍ട്ടില്‍ ഉള്ളത്. ഗംഗേശാനന്ദ പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ ആക്രമിച്ചുവെന്ന് ആദ്യം പരാതി നല്‍കിയ പെണ്‍കുട്ടി പിന്നെ മൊഴി മാറ്റിപ്പറഞ്ഞിരുന്നു. പെണ്‍കുട്ടി മൊഴിമാറ്റാന്‍ ഇടയായ സാഹചര്യം അടക്കം പരിശോധിച്ചാണ് അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
പേട്ടയിലെ ഗംഗേശാനന്ദക്കെതിരായ ആക്രമണം വലിയ ചര്‍ച്ചയായിരുന്നു. ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥ അടക്കം കേസില്‍ ആരോപണ വിധേയ ആയിരുന്നു. കണ്ണമ്മൂലയിലെ പെണ്‍കുട്ടിയുടെ വിട്ടില്‍ അതിഥിയായി എത്തിയ ഗംഗേശാനന്ദ 2017 മെയ് 20ന് രാത്രിയിലാണ് ആക്രമിക്കപ്പെട്ടത്. സ്വാമി പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിടെ ലിംഗം മുറിച്ചുവെന്നായിരുന്നു പെണ്‍കുട്ടിയുടെ ആദ്യ പരാതി. ഗംഗേശാനന്ദക്കെതിരെ ബലാല്‍സംഗത്തിന് പോലീസ് കേസെടുത്തു. മജിസ്ട്രേറ്റിന് മുന്നിലും പെണ്‍കുട്ടി സ്വാമിക്കെതിരെ മൊഴി നല്‍കി. എന്നാല്‍ സ്വയം ലിംഗം മുറിച്ചുവെന്ന് ആദ്യം മൊഴി നല്‍കിയ ഗംഗേശാനന്ദ പിന്നീട് ഉറക്കത്തില്‍ ആരോ ആക്രമിച്ചതെന്ന് മാറ്റിപ്പറഞ്ഞു.
വിവാദം ശക്തമാകുന്നതിനിടെ കേസില്‍ വീണ്ടും വഴിത്തിരിവുണ്ടായി. ഗംഗേശാനന്ദ പീഡിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും താനല്ല കൊല്ലാന്‍ ശ്രമിച്ചതെന്നും കാണിച്ച് പെണ്‍കുട്ടി പോലീസിനെ സമീപിച്ചു. സ്വാമിയുടെ സഹായി അയ്യപ്പദാസാണ് ആക്രമിച്ചതെന്നും പെണ്‍കുട്ടി പരാതി നല്‍കി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഗംഗേശാനന്ദ കോടതിയെ സമീപിച്ചപ്പോഴും പരാതിക്കാരി ഗംഗേശാനന്ദയ്ക്ക് അനുകൂലമായി മൊഴി നല്‍കി. സംഭവത്തിന് പിന്നില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ഗൂഢാലോചന ആരോപിച്ച് ഗംഗേശാനന്ദ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് എല്ലാ പരാതികളും ഒരു വര്‍ഷത്തോളം ക്രൈം ബ്രാഞ്ച് വിശദമായി അന്വേഷിച്ചു.
സ്വാമിയെ ആക്രമിച്ചത് പെണ്‍കുട്ടി തന്നെയാണെന്നാണ് ക്രൈം ബ്രാഞ്ചിന്റെ നിഗമനം. സുഹൃത്തായ അയപ്പദാസുമായി ചേര്‍ന്നാണ് പെണ്‍കുട്ടി പദ്ധതി തയ്യാറാക്കിയത്. ബന്ധത്തിന് തടസ്സം നിന്ന ഗംഗേശാനന്ദനയെ കേസില്‍പ്പെടുത്തി ഒഴിവാക്കാനായിരുന്നു ശ്രമമെന്നാണ് കണ്ടെത്തല്‍. സംഭവ ദിവസം രണ്ടുപേരും കൊല്ലത്തെ കടല്‍ തീരത്തിരുന്നാണ് പദ്ധതി തയ്യാറാക്കിയത്. കത്തിവാങ്ങി നല്‍കിയത് അയ്യപ്പദാസാണ്. ലിംഗം മുറിക്കുന്നതിനെ കുറിച്ച് ഇന്റര്‍ നെറ്റില്‍ പരിശോധിച്ചിട്ടുണ്ട്. അന്നു തന്നെ സ്വാമിയുടെ ലിംഗം മുറിച്ചു. ഉറക്കത്തില്‍ മുറിച്ചുവെന്ന സ്വാമിയുടെ മൊഴി കളവാണെന്ന് ശാസ്ത്രീയ പരിശോധനകളുടെ അടിസ്ഥാനത്തില്‍ ക്രൈം ബ്രാഞ്ച് അനുമാനിക്കുന്നു. മറ്റാരുടെയും പ്രേരണയുണ്ടായിട്ടില്ലെന്നാണ് കണ്ടെത്തല്‍. പുതിയ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിയെയും സഹായിയേയും പ്രതിചേര്‍ക്കാനാകുമോ എന്നതില്‍ ക്രൈം ബ്രാഞ്ച് എജിയുടെ നിയമോപദേശം തേടി.