കോന്നി : തോരാതെ പെയ്ത മഴയില്‍ ഉയര്‍ന്ന കല്ലാറ്റിലെ ജല നിരപ്പ് താഴ്ന്ന് നീരൊഴുക്ക് കുറഞ്ഞപ്പോള്‍ നദി പ്ലാസ്റ്റിക് മാലിന്യങ്ങളുടെ കൂമ്പാരമായി മാറിയ കാഴ്ച്ചയാണ് കാണുവാന്‍ കഴിഞ്ഞത്. തണ്ണിത്തോട് ഇലവുങ്കല്‍ തോടിന്റെ ഭാഗം മുതല്‍ നദിയുടെ മധ്യത്തായി രൂപപ്പെട്ട ചെറിയ തുരുത്തുകളില്‍ വളര്‍ന്ന ചെടികളില്‍ പ്ലാസ്റ്റിക് മാലിന്യങ്ങളും പഴംതുണികളുമടക്കം വലിയ മാലിന്യശേഖരമാണുള്ളത്. നദീ തീരത്ത് വെള്ളത്തിലേക്ക് ചാഞ്ഞ് നിന്നിരുന്ന മരച്ചില്ലകളും പ്ലാസ്റ്റിക് മാലിന്യം കൊണ്ട് മൂടി. തണ്ണിത്തോടിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നും ഒഴുകി എത്തുന്ന ചെറുതും വലുതുമായ തോടുകള്‍ കല്ലാറ്റിലാണ് സംഗമിക്കുന്നത്. ഈ തോടുകളില്‍ മഴക്കാലത്ത് ഉപേക്ഷിക്കുന്ന മാലിന്യങ്ങള്‍ ചെന്ന് പതിക്കുന്നതും കല്ലാറ്റിലാണ്. രാസമാലിന്യങ്ങള്‍ അടക്കം ഇതിലുണ്ട്. തേക്കുതോട് പമ്പ് ഹൗസിലെ ശുദ്ധജല വിതരണത്തിനും ജനങ്ങള്‍ വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതും മാലിന്യം കലര്‍ന്ന ഈ ജലമാണ്. ഇത് പല സാംക്രമിക രോഗങ്ങള്‍ പരക്കുന്നതിനും ഇടയാക്കും.
മുന്‍പ് തട്ടാത്തിക്കയത്തിന്റെ ഭാഗത്തും ഇത്തരത്തില്‍ തെര്‍മ്മോക്കോള്‍ മാലിന്യങ്ങള്‍ വരെ അടിഞ്ഞുകൂടിയിരുന്നു. കല്ലാറിന്റെ ഇരു കരകളും വനമായതിനാല്‍ കാട്ടാന അടക്കമുള്ള വന്യമൃഗങ്ങള്‍ക്കും മാലിന്യം ഭീഷണിയാകുന്നുണ്ട്. കാട്ടാന, കാട്ടുപോത്ത്, പന്നി, കുരങ്ങ്, മലയണ്ണാന്‍, കൂരന്‍, കേഴ, മ്ലാവ് തുടങ്ങി നിരവധി വന്യജീവികള്‍ കല്ലാറ്റില്‍ വെള്ളം കുടിക്കുവാന്‍ എത്തുന്നുണ്ട്. നദിയിലും തീരങ്ങളിലും അടിഞ്ഞുകൂടുന്ന മാലിന്യങ്ങള്‍ വന്യമൃഗങ്ങള്‍ക്കും ഭീഷണിയാകുന്നു. ആനയും മറ്റും മൃഗങ്ങളും ഇത് ഭക്ഷിച്ചാല്‍ ഇത് വന്യമൃഗങ്ങളുടെ നാശത്തിലേക്കും വഴിതെളിക്കും. എണ്ണക്കുപ്പികളും മറ്റും നദിയിലേക്ക് ഒഴുകി എത്തുന്നത് നദിയിലെ മീനുകളെ ദോഷകരമായി ബാധിക്കുന്നുണ്ട്. നദിയില്‍ വര്‍ഷങ്ങളായി അടിഞ്ഞ് കൂടുന്ന ഇത്തരം മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനും ബന്ധപ്പെട്ടവര്‍ തയ്യാറായിട്ടില്ല. തോടുകളിലും കല്ലാറ്റിലും മാലിന്യം ഉപേക്ഷിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ആവശ്യമുയരുന്നു.