ന്യൂദല്‍ഹി : വിലക്കയറ്റം കൊണ്ട് വീര്‍പ്പുമുട്ടുന്ന വ്യാപാരികള്‍ക്ക് നേരിയ ആശ്വാസം. വാണിജ്യാവശ്യത്തിനുള്ള എല്‍ പി ജി സിലിണ്ടറുകളുടെ വില കുറച്ചു. ജൂണ്‍ 1 ബുധനാഴ്ച മുതല്‍ 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ വില 135 രൂപ കുറയും. ഇതോടെ 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ വില കൊച്ചിയില്‍ 2223 രൂപ 50 പൈസയാകും. ഗാര്‍ഹിക ആവശ്യത്തിനുള്ള പാചക വാതക വിലയില്‍ മാറ്റമില്ല. ഡല്‍ഹിയില്‍ വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്റെ വില 2,354 രൂപയില്‍ നിന്ന് 2,219 രൂപയാകും. കൊല്‍ക്കത്തയില്‍ 2,454 രൂപയില്‍ നിന്ന് 2,322 രൂപയും മുംബൈയില്‍ 2,306 രൂപയില്‍ 2,171 രൂപ 50 പൈസയുമായി കുറയും.
ചെന്നൈയില്‍ 2,507 രൂപയില്‍ നിന്ന് 2,373 രൂപയായി കുറയും. മെയ് 19 ന് രാജ്യത്ത് ഗാര്‍ഹിക, വാണിജ്യ എല്‍ പി ജി സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചിരുന്നു. 14 കിലോ ഗാര്‍ഹിക സിലിണ്ടറിന് 3.50 രൂപയും 19 കിലോഗ്രാം വാണിജ്യ എല്‍ പി ജി സിലിണ്ടറിന് 8 രൂപയുമായിരുന്നു വര്‍ധിപ്പിച്ചിരുന്നത്. ഈ വര്‍ഷം അന്താരാഷ്ട്ര എണ്ണവില കുതിച്ചുയരുകയാണ്. അതിന്റെ ഫലമായി ഇന്ധനവില (പെട്രോള്‍, ഡീസല്‍, എ ടി എഫ്, എല്‍പിജി) വലിയ കുതിച്ചുചാട്ടമുണ്ടായിരുന്നു.ഇതിനിടെ കഴിഞ്ഞ മാസം ഇന്ധന നികുതിയില്‍ കേന്ദ്രസര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചിരുന്നു.
19 കിലോഗ്രാം വാണിജ്യ എല്‍ പി ജിയുടെ വില നേരത്തെ ഏപ്രില്‍ ഒന്നിന് സിലിണ്ടറിന് 250 രൂപയും 2022 മാര്‍ച്ച് 1ന് 105 രൂപയും വര്‍ധിപ്പിച്ചിരുന്നു. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ എന്നിവ ഉള്‍പ്പെടുന്ന എണ്ണ വിപണന കമ്പനികള്‍ ഉജ്ജ്വല ദിവസ് ആഘോഷിക്കുന്നതിനായി രാജ്യത്തുടനീളം 5,000 ലധികം എല്‍ പി ജി പഞ്ചായത്തുകള്‍ സംഘടിപ്പിക്കും.
ദ്രവീകൃത പെട്രോളിയം ഗ്യാസിന്റെ (എല്‍ പി ജി) സുരക്ഷിതവും സുസ്ഥിരവുമായ ഉപയോഗം ലക്ഷ്യമിട്ടുള്ള അനുഭവം പങ്കുവെയ്ക്കുന്നതിനു പുറമേ, എണ്ണ വിപണന കമ്പനികള്‍ ഉപഭോക്തൃ എന്റോള്‍മെന്റ് പരമാവധിയാക്കാനുള്ള ശ്രമങ്ങളും നടത്തും. കേന്ദ്രസര്‍ക്കാരിന്റെ സാമൂഹിക ഉള്‍പ്പെടുത്തലിനായുള്ള ജനകീയ സംരംഭമാണ് പ്രധാനമന്ത്രി ഉജ്ജ്വല യോജന. പദ്ധതി പ്രകാരം, എല്ലാ ബിപിഎല്‍ കുടുംബങ്ങള്‍ക്കും സൗജന്യ എല്‍ പി ജി കണക്ഷന്‍ നല്‍കി വരുന്നുണ്ട്.