ടെഹാറാൻ: അമേരിക്ക കൊലപ്പെടുത്തിയ ഇറാന്റെ മേജർ ജനറൽ ഖാസിം സുലേമാനിയുടെ മരണത്തിൽ രാജ്യം മുഴുവൻ വികാരപരമായാണ് പ്രതികരിച്ചത്. വിലാപ യാത്രയിൽ രാജ്യത്തെ തെരുവുകൾ ജനങ്ങളെ കൊണ്ട് നിറഞ്ഞിരുന്നു. പ്രധാനമന്ത്രി മുതല്‍ സൈനിക മേധാവികള്‍ വരെ സുലൈമാനിയുടെ സംസ്കാര ചടങ്ങില്‍ വിതുമ്പി. സംസ്‌കാര ചടങ്ങിനിടെ മകള്‍ സൈനബ് സുലൈമാനി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. “ഭ്രാന്തന്‍ ട്രംപ്, എന്റെ പിതാവിന്റെ രക്തസാക്ഷിത്വത്തിലൂടെ എല്ലാം അവസാനിച്ചുവെന്ന് കരുതരുത്”, ഇറാന്‍ ടെലിവിഷനിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്തു സൈനബ് പറഞ്ഞു. തന്റെ പിതാവ് കൊല്ലപ്പെട്ട ദിവസം അമേരിക്കയെ സംബന്ധിച്ചിടത്തോളം ഇനി എന്നും കറുത്ത ദിനമായിരിക്കുമെന്നും സൈനബ് മുന്നറിയിപ്പു നല്‍കി.
അമേരിക്കയ്ക്ക് തക്ക തിരിച്ചടി കൊടുക്കണമെന്ന വികാരമാണ് രാജ്യമാകെയുള്ളത്. സുലേമാനിയുടെ മകളുടെ വാക്കുകൾ കൂടി പുറത്ത് വന്നതോടെ ഈ വികാരം കൂടുതൽ വ്യക്തമാകുകയാണ്. എന്നാൽ ചെറിയ ഒരു ആക്രമണം പോലും അമേരിക്ക എങ്ങനെ എടുക്കമെന്ന ഭയം ഇറാനുമുണ്ട്. പ്രത്യേകിച്ച് ട്രംപിനെ പോലെയുള്ള ഒരു പ്രസിഡന്‍റ് അധികാരത്തിൽ ഇരിക്കുന്ന സാഹചര്യത്തിൽ. മറ്റ് ലോക രാഷ്ട്രങ്ങളും ഭയപ്പെടുന്നത് അത് തന്നെയാണ്.