മലപ്പുറം: പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട് മുസ്ലിങ്ങൾക്കിടയിൽ പരന്നിട്ടുള്ള തെറ്റിദ്ധാരണ നീക്കാനായി കാന്തപുരം എ.പി. അബുബക്കർ മുസലിയാരുമായി കൂടിക്കാഴ്ച നടത്തിയെന്ന ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് ബി.ജെ.പി നേതാവ് എ.എൻ.രാധാകൃഷ്ണൻ. സ്വകാര്യ ചടങ്ങിനിടെ കാന്തപുരവുമായി പ്രാഥമിക ചർച്ച നടത്തിയെന്നായിരുന്നു എ.എൻ.രാധാകൃഷ്ണന്റെ ഫേസ്ബുക്ക് കുറിപ്പ്. കാന്തപുരത്തോടൊപ്പമുള്ള ചിത്രവും ഇതിനോപ്പം ചേർത്തിരുന്നു.
എന്നാൽ രാധാകൃഷ്ണന്റെ ഫേസ്ബുക്ക് കുറിപ്പിന് പിന്നാലെ മർക്കസ് മീഡിയ സംഭവത്തെക്കുറിച്ച് വിശദീകരിച്ച് ഒരു കുറിപ്പ് പുറത്തിറക്കി. ഇതിന് പിന്നാലെയാണ് എ.എൻ.രാധാകൃഷ്ണൻ ഫേസ്ബുക്ക് കുറിപ്പ് പിൻവലിച്ചത്. തൃശൂരില്‍ ഒരു നിക്കാഹ് കർമ്മത്തിന് ശേഷം സദ്യ കഴിക്കുമ്പോൾ ഒരുവ്യക്തി വന്ന് അയാൾ രാധാകൃഷ്ണനാണ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തി . പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് സംസാരിക്കാൻ ശ്രമിച്ചു. ഉടനെ രൂക്ഷമായ ഭാഷയിൽ കാന്തപുരം മറുപടി നൽകിയെന്നും വീണ്ടും സംഭാഷണം തുടരാൻ ശ്രമിച്ചതോടെ ഇതിവിടെ സംസാരിക്കേണ്ട കാര്യമല്ലെന്ന് കർക്കശമായി സംസാരിച്ചുവെന്നും വിശദമാക്കുന്നതായിരുന്നു മർകസ് മീഡിയയുടെ ഫേസ്ബുക്ക് കുറിപ്പ്.
ഭക്ഷണം കഴിക്കുമ്പോൾ സംസാരിക്കേണ്ട നിസാര വിഷയമല്ല പൗരത്വ ഭേദഗതി നിയമമെന്നും കേരളത്തിലെ മഹാഭൂരിപക്ഷം ജനങ്ങളും നിയമത്തിനെതിരെ ഒറ്റക്കെട്ടാണ് എന്ന് കാന്തപുരം എ.എൻ. രാധാകൃഷ്ണനോട് വ്യക്തമാക്കിയെന്ന് വിശദമാക്കുന്നതാണ് ഫേസ്ബുക്ക് കുറിപ്പ്. ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന വ്യാജപ്രചാരണങ്ങൾ മർക്കസ് തള്ളുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് എ.എൻ. രാധാകൃഷ്ണൻ ഫേസ്ബുക്ക് കുറിപ്പ് പിൻവലിച്ചത്.
https://www.facebook.com/luqmankvk/posts/3413345512025291