കോട്ടയ്ക്കൽ: മൂന്നാംക്ലാസ് പാഠപുസ്തകത്തിലെ അടുക്കളയിൽ അമ്മയ്ക്കൊപ്പം അച്ഛനും ജോലിചെയ്യുന്ന ചിത്രം വലിയ പ്രശംസയാണു നേടിയത്. ലിംഗസമത്വത്തിന്റെ സന്ദേശങ്ങളുമായി പാഠപുസ്തകങ്ങൾ മാറുമ്പോഴും സംസ്ഥാനത്തെ പല സ്‌കൂളുകളിലും ഹാജർപുസ്തകത്തിൽ ലിംഗവിവേചനം തുടരുകയാണ്. ഹാജർപുസ്തകത്തിൽ ആൺകുട്ടികളുടെ പേര് ആദ്യം രേഖപ്പെടുത്തുന്നതാണ് പല സ്‌കൂളുകളിലെയും രീതി. ഒന്നാംക്ലാസ് മുതൽ പ്ലസ്ടുവരെ സ്ഥിതി ഇതുതന്നെ. അടുത്തദിവസം കോഴിക്കോട്ടെ ഒരു ഹയർസെക്കൻഡറി അധ്യാപിക തന്റെ ഫെയ്സ്ബുക്ക് പേജിൽ ഈ വിവേചനത്തെക്കുറിച്ചിട്ട പോസ്റ്റ് അതിനു തെളിവാണ്. നിരന്തരം ലിംഗതുല്യതയെക്കുറിച്ച് സംസാരിക്കുകയും എന്നും രാവിലെ ആൺകുട്ടികളുടെ പേരു വിളിച്ചുകഴിഞ്ഞുമാത്രം പെൺകുട്ടികളുടെ പേരു വിളിക്കുകയും ചെയ്യുന്നത് എത്രമാത്രം വൈരുധ്യാത്മകമാണ്? സെക്കൻഡ് ലാംഗ്വേജിന്റെ ഓർഡറിൽ ആൺകുട്ടികളുടെ പേരുകൾ ആദ്യവും അതിനുശേഷം പെൺകുട്ടികളുടെ പേരുകളുമാണ് എഴുതുന്നത്.
പല ആവശ്യങ്ങൾക്കായി ആൺകുട്ടികളുടെ കണക്കും പെൺകുട്ടികളുടെ കണക്കും സെക്കൻഡ് ലാംഗ്വേജ് എടുത്തതനുസരിച്ചും ജാതി, മതം തിരിച്ചുള്ള കണക്കുകളുമൊക്കെ വിദ്യാഭ്യാസ ഓഫീസിനു നൽകേണ്ടിവരും. രജിസ്റ്ററിൽത്തന്നെ ഇതനുസരിച്ച് പേരുകൾ രേഖപ്പെടുത്തിയാൽ എളുപ്പത്തിൽ അവ എടുത്തുനൽകാൻകഴിയുമെന്ന ചിന്തയാണ് ഇത്തരം ക്രമീകരണങ്ങൾക്കുപിന്നിൽ. ഇതിലേതെങ്കിലും വിഭാഗത്തെ ആദ്യംവരുന്ന രീതിയിൽ ക്രമപ്പെടുത്തുന്നത് വിവേചനമുണ്ടാക്കും. അക്ഷരമാലാക്രമത്തിൽ എല്ലാവരുടെയും പേരുകൾ നൽകുമ്പോൾ ഈ പ്രശ്‌നം ഉണ്ടാകുന്നില്ല. കോളേജുകളിൽ മിക്കയിടത്തും അക്ഷരമാലാക്രമമാണ് ഉപയോഗിക്കുന്നത്.