മലപ്പുറം: ആഭ്യന്തര വകുപ്പിന് കീഴിൽ എയ്ഡഡ് പദവിയിൽ പ്രവർത്തിക്കുന്ന എം.എസ്.പി ഹയർ സെക്കൻഡറി സ്കൂളിലെ നിയമനങ്ങൾ പി.എസ്.സിക്ക് വിട്ട് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ്. പൊതു വിദ്യാഭ്യാസവകുപ്പിന് സ്കൂൾ കൈമാറാതെ ആഭ്യന്തര വകുപ്പിന്റെ കീഴിൽ തന്നെ നിലനിർത്തി സ്കൂളിലെ നിയമനങ്ങൾ മാത്രം പി.എസ്.സിക്ക് വിട്ടാണ് ഉത്തരവ്. നിലവിൽ മോഡൽ റെസിഡൻഷ്യൽ സ്കൂളുകൾ പട്ടികജാതി/വർഗ വികസന വകുപ്പിന്റെ കീഴിലും ഫിഷറീസ്, സ്പോർട്സ് സ്കൂളുകൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് കീഴിലും നിലനിൽക്കുകയും നിയമനങ്ങൾ പി.എസ്.സി മുഖേന നടത്തുകയുമാണ് ചെയ്യുന്നത്. സമാനരീതിയിൽ സർക്കാർ വകുപ്പിന് കീഴിൽ സർക്കാർ ഉദ്യോഗസ്ഥൻ മാനേജറായി എയ്ഡഡ് പദവിയിൽ പ്രവർത്തിക്കുന്ന മലപ്പുറം എം.എസ്.പി സ്കൂളും ആസ്തികളും കൈമാറ്റം ചെയ്യാതെ ആസ്തിപരിപാലനവും ഭരണനിർവഹണവും ആഭ്യന്തര വകുപ്പിൽ നിലനിർത്തിയുമാണ് നിയമനങ്ങൾ പി.എസ്.സിക്ക് വിട്ടത്.
നിലവിലുള്ള നിയമപ്രകാരം എയ്ഡഡ് സ്കൂൾ നിയമനം പി.എസ്.സി പരിധിയിൽ വരുന്നില്ലെന്നും അതിനാൽ കേരള വിദ്യാഭ്യാസ നിയമം സെക്ഷൻ 15 പ്രകാരം ഉത്തരവിൽ തുടർനടപടി സ്വീകരിക്കാനുമാണ് നിർദേശം. അതേസമയം, ആഭ്യന്തര വകുപ്പ് നൽകിയ റിപ്പോർട്ടിൽ സ്കൂൾ പൊതു വിദ്യാഭ്യാസ വകുപ്പിന് വിട്ടുനൽകുന്നതിൽ അതൃപ്തി അറിയിച്ചിരുന്നു. സർക്കാർ ഏറ്റെടുത്താൽ സ്കൂളിലെ സാമ്പത്തിക ബാധ്യതകളും ഏറ്റെടുക്കേണ്ടിവരുമെന്നും കായികരംഗത്ത് മികച്ച സംഭാവന നൽകുന്ന സ്കൂളിന്റെ അച്ചടക്കത്തിനും കായിക പരിശീലനത്തിലും എം.എസ്.പി നൽകുന്ന സേവനത്തിനും കോട്ടം വരാൻ സാധ്യതയുണ്ടെന്നുമായിരുന്നു ആഭ്യന്തര വകുപ്പ് റിപ്പോർട്ടിൽ പറഞ്ഞത്. എം.എസ്.പി സ്കൂളിലെ അധ്യാപക-അനധ്യാപക നിയമനങ്ങൾ പി.എസ്.സിക്ക് വിടണമെന്നും സുതാര്യത ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് മലപ്പുറം ചീനിത്തോട് സ്വദേശി മുഹമ്മദ് ഇബ്രാഹീം 2010ൽ സംസ്ഥാന പിന്നാക്ക വിഭാഗ കമീഷനിൽ പരാതി സമർപ്പിച്ചിരുന്നു. ഈ പരാതിയിലാണ് സർക്കാർ നടപടി.