പത്തനംതിട്ട : ആശുപത്രി മാലിന്യം അവിടെത്തന്നെ കുഴിച്ചുമൂടി മാതൃകയായിരിക്കുകയാണ് പത്തനംതിട്ട ജനറല്‍ ആശുപത്രി. കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്നതും ഒരാള്‍ ഇവിടെ നിരീക്ഷണത്തില്‍ കഴിയുന്നതും വിസ്മരിച്ചുകൊണ്ടാണ് ഇത്തരം നടപടി സ്വീകരിച്ചിരിക്കുന്നതെന്ന് ഏറെ ഗൌരവത്തോടെ കാണണം. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്കും പകര്‍ച്ചവ്യാധികള്‍ക്കും ഇത് കാരണമാകും. ആശുപത്രി മാനേജിംഗ് കമ്മിറ്റിയെ നോക്കുകുത്തിയാക്കി ഉദ്യോഗസ്ഥ തേര്‍വാഴ്ചയാണ് ഇവിടെ നടക്കുന്നത്. ജനപ്രതിനിധികളുടെ വാക്കിന് പുല്ലുവിലയാണ് ഉദ്യോഗസ്ഥര്‍ കല്പിക്കുന്നത്.
ഏതാനുംനാള്‍ മുമ്പുവരെ ഈ മാലിന്യങ്ങള്‍ ജില്ലാ സ്റ്റേഡിയത്തില്‍ വളരെ മാന്യമായി കൊണ്ടിടുമായിരുന്നു. ഇവിടെ ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ നിര്‍മ്മാണം ആരംഭിച്ചതുകൊണ്ട് ഇപ്പോഴുള്ള മാലിന്യങ്ങള്‍ ആശുപത്രി വളപ്പില്‍ തന്നെ കൂട്ടിയിടുകയാണ്. നിരോധിച്ച പ്ലാസ്റ്റിക് കവറുകളിലാക്കി കൂട്ടിയിടുന്ന മാലിന്യങ്ങള്‍ സമയമാകുമ്പോള്‍ ആശുപത്രി വളപ്പില്‍ത്തന്നെ കുഴിയെടുത്ത് അതില്‍ ഇട്ടു മൂടുകയാണ്. രാത്രികാലത്ത് ആരുമറിയാതെ രഹസ്യമായിട്ടാണ് കുഴിയെടുപ്പും മൂടലും. ആശുപത്രി വളപ്പില്‍ മുഴുവന്‍ മാലിന്യം കുഴിച്ചിട്ടിരിക്കുകയാണ്. ദിവസേന ആയിരക്കണക്കിനു് രോഗികള്‍ എത്തുന്ന പത്തനംതിട്ടയിലെ പ്രധാന ആശുപത്രിയിലാണ് ഈ തോന്ന്യാസം കാണിക്കുന്നത്. ജില്ലാ കളക്ടറുടെയും ജില്ലാ മെഡിക്കല്‍ ഓഫീസറുടെയും മൂക്കിനുതാഴെയാണ് ആശുപത്രി അധികൃതരുടെ ഈ നടപടി. ആശുപത്രിയുടെ നടത്തിപ്പ് ചുമതലയുള്ള പത്തനംതിട്ട നഗരസഭക്കും മിണ്ടാട്ടമില്ല. നഗരത്തിലെ മാലിന്യ സംസ്കരണം ഇപ്പോഴും താളംതെറ്റിക്കിടക്കുകയാണ്.