നെയ്യ് കഴിക്കുന്നത് ധാരാളം ആരോഗ്യഗുണങ്ങൾ നൽകുന്നു. നെയ്യിനെ സൂപ്പർ ഫുഡ് എന്ന് വേണമെങ്കിലും നമ്മുക്ക് പറയാം. ആരോഗ്യകരമായ കൊഴുപ്പുകൾ, വിറ്റാമിൻ എ എന്നിവയും ഇതിൽ അടങ്ങിയിട്ടുണ്ട്. നെയ്യ് കഴിച്ചാലുള്ള ചില ആരോഗ്യഗുണങ്ങളെ കുറിച്ച് പ്രമുഖ സെലിബ്രിറ്റി ന്യൂട്രീഷ്യനിസ്റ്റ് റുജുത ദിവേക്കർ അടുത്തിടെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് പങ്കുവച്ചിരുന്നു. നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തിൽ ദിവസവും രണ്ട് സ്പൂൺ നെയ്യ് ചേർക്കാവുന്നതാണ്.
ചോറ്,പരിപ്പ്, റാഗി പോലുള്ള ഭക്ഷണങ്ങളിൽ അൽപം നെയ്യ് ചേർത്ത് കഴിക്കുക. മാത്രമല്ല, ഭക്ഷണത്തിന്റെ സ്വാദ് വർദ്ധിപ്പിക്കാൻ നെയ്യ് സഹായിക്കുമെന്നും റുജുത പറയുന്നു. എച്ച്ഡിഎൽ കൊളസ്ട്രോൾ വർദ്ധിപ്പിക്കാനും നെയ്യ് സഹായിക്കും.രണ്ട് സ്പൂണിൽ കൂടുതൽ നെയ്യ് ഉപയോഗിക്കരുതെന്നും അവർ പറയുന്നു. ആയുർവേദത്തിൽ നെയ്യ് ഔഷധമായി കണക്കാക്കപ്പെടുന്നു. ഇത് ചുമയും മറ്റ് അലർജി പ്രശ്നങ്ങളും കുറയ്ക്കാൻ സഹായിക്കുമെന്നും വിദഗ്ധർ പറയുന്നു.
നെയ്യ് കുടലിന്റെ വീക്കം കുറയ്ക്കുകയും പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു. മാത്രമല്ല മുടിയുടെയും ചർമ്മത്തിന്റെയും ആരോഗ്യത്തിനും ഗുണം ചെയ്യും. ഒമേഗ 3 ഫാറ്റി ആസിഡുകൾ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ നെയ്യ് ഹൃദയ സംബന്ധമായ രോഗങ്ങളെ തടയുകയും തലച്ചോറിനെ പോഷിപ്പിക്കുകയും ചെയ്യുന്നു.