പോത്തന്‍കോട് : കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്തിന് കോവിഡ് സ്ഥിരീകരിച്ചു. എന്നാല്‍ പരിശോധന എത്തിയപ്പോള്‍ നല്‍കിയത് വ്യാജവിലാസമാണെന്ന് കണ്ടെത്തി. അഭിജിത്തും സംസ്ഥാന സെക്രട്ടറി ബാഹുല്‍കൃഷ്ണയും തിരുവനന്തപുരത്ത് സമരങ്ങളില്‍ പങ്കെടുത്തിരുന്നു. ഇതിന് ശേഷമാണ് കോവിഡ് പരിശോധന നടത്തിയത്.
ഇത് സംബന്ധിച്ച് പോത്തന്‍കോട് പഞ്ചായത്ത് പ്രസിഡന്റാണ് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ഇരുവരും പരിശോധനയ്ക്ക് എത്തിയത് തച്ചപ്പള്ളി എല്‍.പി.സ്‌കൂളിലാണ്. സ്‌കൂളില്‍ 48 പേരെ പരിശോധിച്ചപ്പോള്‍ 19 പേര്‍ക്ക് ഫലം പോസിറ്റീവായി. ഇതില്‍ പ്ലാമൂട് വാര്‍ഡിലെ മൂന്നുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചതില്‍ രണ്ടുപേരെ കണ്ടെത്താനേ കഴിഞ്ഞുള്ളൂ. മൂന്നാമന്‍ നല്‍കിയത് വ്യാജവിലാസമാണെന്ന് പിന്നീട് മനസ്സിലായി.
പരിശോധനയ്‌ക്കെത്തിയ വ്യക്തി വ്യാജപേരും മേല്‍വിലാസവുമാണ് നല്‍കിയതെന്ന് മനസ്സിലായതോടെ ഇയാളെ കണ്ടെത്താന്‍ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പോത്തന്‍കോട് പഞ്ചായത്ത് പ്രസിഡന്റ് കെ.വേണുഗോപാലന്‍ നായര്‍ പോത്തന്‍കോട് പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആ വ്യക്തി കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്താണെന്ന് തിരിച്ചറിഞ്ഞത്.
താന്‍ പരിശോധന നടത്തി എന്നും കോവിഡ് പോസിറ്റീവാണെന്നും അഭിജിത്തും സമ്മതിച്ചു. സെക്രട്ടേറിയറ്റിനു മുന്നിലെ നിരവധി സമരങ്ങളില്‍ അഭിജിത്ത് പങ്കെടുത്തതായി സൂചനയുണ്ട്.