കോട്ടയം : സ്വര്‍ണ്ണ പണയത്തിന് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ ജനങ്ങളില്‍നിന്ന് ഈടാക്കുന്നത് കൊള്ളപ്പലിശ. സഹകരണ ബാങ്കുകളില്‍ ഒരു വര്‍ഷത്തേക്ക് 4.5% മുതല്‍ 8.5% വരെ മാത്രം പലിശ ഈടാക്കുമ്പോഴാണ് സ്വകാര്യ സ്ഥാപനങ്ങള്‍ ജനങ്ങളുടെ കഴുത്തറക്കുന്നത്. ഒരുമാസത്തേക്ക് 12% പലിശയാണ് കേരളത്തിലെ പ്രമുഖ നോണ്‍ ബാങ്കിംഗ് ഫിനാന്‍സ് കമ്പിനി (NBFC)യായ കൊശമറ്റം ഫിനാന്‍സ് സ്വര്‍ണ്ണം പണയം വെക്കുന്നവരില്‍ നിന്നും ഈടാക്കുന്നത്. ഒരുമാസം കഴിഞ്ഞാല്‍ ഇത് കുത്തനെ കൂട്ടുകയാണ്. ആദ്യ മാസം പലിശ അടക്കുവാന്‍ കഴിഞ്ഞില്ലെങ്കില്‍ പലിശ 12 ല്‍ നിന്നും 17% ത്തിലേക്ക് കുതിക്കും. അതായത് ആദ്യമാസത്തെ പലിശ അടച്ചില്ലെങ്കില്‍ രണ്ടുമാസം വരെ വായ്പത്തുകക്ക് 17% നിരക്കില്‍ പലിശ നല്‍കണം. മൂന്നാം മാസത്തിലേക്ക് കടന്നാല്‍ 20% പലിശയും നാലാം മാസത്തില്‍ 24% ഉം ആറാം മാസത്തില്‍ 27 % പലിശയിലേക്കും കുതിച്ചുകയറും. കൃത്യമായി പറഞ്ഞാല്‍ പണയം വെച്ച സ്വര്‍ണ്ണം ആറാം മാസത്തിലാണ് തിരിച്ചെടുക്കുന്നതെങ്കില്‍ ആദ്യ മാസം മുതല്‍ നല്‍കേണ്ടത് 27 % പലിശയാണ്. ഇവര്‍ ബ്രാഞ്ചുകള്‍ക്ക് മുന്നില്‍ തൂക്കുന്ന ബോര്‍ഡാണ് ജനങ്ങളെ ആകര്‍ഷിക്കുന്നത്. ഇതില്‍ ഒരു രൂപാ പലിശ എന്നാണ് എഴുതിയിരിക്കുന്നത്. കണക്കും തൊപ്പിയും അറിയാത്തവരും മറ്റു സ്ഥാപനങ്ങളിലെ പലിശനിരക്കുകള്‍ അന്വേഷിക്കാത്തവരും ചെന്നെത്തുന്നത് മുതലാളിമാര്‍ എഴുതിയുണ്ടാക്കിയ പലിശക്കണക്കിന്റെ മായികലോകത്തേക്കാണ്. കുടത്തില്‍ തലയിട്ട നായയെപ്പോലെയാകും പിന്നീട് ചിലര്‍.
സ്വര്‍ണ്ണം പണയം വെക്കാന്‍ പോകുന്നതിനു മുമ്പ് ദേശസാല്‍കൃത ബാങ്കുകളിലെയും സഹകരണ ബാങ്കുകളിലെയും പലിശ താരതമ്യം ചെയ്യുന്നത് നന്നായിരിക്കും. ഇതില്‍ നാണക്കേടോ മാനക്കേടോ ഇല്ല. പോക്കറ്റില്‍ നിന്നും ആയിരങ്ങള്‍ ചോര്‍ന്നുപോകാതിരിക്കണമെങ്കില്‍ ഇതൊക്കെ വേണം. ഫെഡറല്‍ ബാങ്കില്‍ ഒരുവര്‍ഷത്തേക്ക് 9.9% പലിശയാണ് ഈടാക്കുന്നത്. കാനറ ബാങ്ക് 7.35% വാര്‍ഷിക നിരക്കിലും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 7.00% വാര്‍ഷിക നിരക്കിലും ബാങ്ക് ഓഫ് മഹാരാഷ്ട്ര 7.10% വാര്‍ഷിക നിരക്കിലും പഞ്ചാബ് നാഷണല്‍ ബാങ്ക് 7.70% വാര്‍ഷിക നിരക്കിലും ബാങ്ക് ഓഫ് ബറോഡ 9.00% വാര്‍ഷിക നിരക്കിലും സ്വര്‍ണ്ണപ്പണയത്തിന്മേല്‍ വായ്പ നല്‍കും. സഹകരണ ബാങ്കുകള്‍ ഈടാക്കുന്നത് 4% മുതലാണ്. കാര്‍ഷിക വായ്പക്കാണ് ഏറ്റവും കുറഞ്ഞ പലിശനിരക്ക്. കേരളാ ബാങ്ക് പരമാവധി 8.5% പലിശയാണ് ഈടാക്കുന്നത്. ഇവിടെയാണ് ചില സ്വകാര്യ സ്ഥാപനങ്ങള്‍ 12% മുതല്‍ 27% വരെ പിടിച്ചുപറിക്കുന്നത്.
സ്വര്‍ണ്ണം പണയം വെച്ച് വായ്പ എടുക്കുവാന്‍ ഏറ്റവും നല്ലത് ദേശസാല്‍കൃത ബാങ്കുകളോ സഹകരണ ബാങ്കുകളോ ആണെന്നതില്‍ ഒരു സംശയവും ഇല്ല. ഇവിടെയെല്ലാം പെട്ടെന്ന് തന്നെ വായ്പ ലഭിക്കുകയും ചെയ്യും. പണയം വെക്കുവാന്‍ പോകുന്ന ആളിന് ആ ബാങ്കില്‍ അക്കൌണ്ട് ഉണ്ടെങ്കില്‍ കാര്യങ്ങള്‍ കുറച്ചുകൂടി എളുപ്പമാകും. മാസംതോറും പലിശ അടച്ചില്ലെങ്കില്‍ റോക്കറ്റ് പോലെ പലിശനിരക്ക് ഇവിടെ കൂടില്ല. തന്നെയുമല്ല പണയ സ്വര്‍ണ്ണം ഇവിടെ വളരെ സുരക്ഷിതവുമാണ്. സ്വകാര്യ സ്ഥാപനത്തില്‍ വെക്കുന്ന പണയം സമീപത്തുള്ള ദേശസാല്‍കൃത ബാങ്കില്‍ മറുപണയം വെക്കുന്നതും പതിവാണ്.
സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളില്‍ പലയിടത്തും സ്വര്‍ണ്ണം നഷ്ടപ്പെടാറുണ്ട്. ജീവനക്കാര്‍ ശരിയായ സ്വര്‍ണ്ണം മാറ്റി മുക്കുപണ്ടം വെക്കുന്ന നിരവധി കേസുകള്‍ കേരളത്തില്‍ തന്നെ ഉണ്ടായിട്ടുണ്ട്. പകരം സ്വര്‍ണ്ണം കൊടുത്ത് ഇതൊക്കെ ഒതുക്കി തീര്‍ക്കും ആരുമറിയാതെ. അടുത്ത നാളില്‍ ഒരു പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ പത്തനംതിട്ട നഗരത്തിലെ ബ്രാഞ്ചില്‍ നിന്നും ജീവനക്കാര്‍ അടിച്ചുമാറ്റിയത് ലക്ഷങ്ങളുടെ സ്വര്‍ണ്ണമാണ്. പണയം വെച്ച സ്വര്‍ണ്ണം എടുക്കാന്‍ ചെന്നപ്പോള്‍ സ്വര്‍ണ്ണമില്ല. പത്തനംതിട്ട പോലീസില്‍ പരാതി എത്തിയെങ്കിലും എല്ലാം ഒതുക്കി തീര്‍ക്കുകയായിരുന്നു.
————-
Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പാക്കാൻ എല്ലാ ശ്രമങ്ങളും ഞങ്ങള്‍ നടത്തിയിട്ടുണ്ട്. എന്നിരുന്നാലും ഡാറ്റയുടെ കൃത്യത സംബന്ധിച്ച് യാതൊരു ഉറപ്പും ഞങ്ങള്‍ നൽകുന്നില്ല. ഇടപാടുകള്‍ നടത്തുന്നതിനു മുമ്പ് ബന്ധപ്പെട്ട കക്ഷികള്‍/ ബാങ്ക്/ സ്ഥാപനം എന്നിവര്‍ പരസ്പരം ആശയവിനിമയം നടത്തി കൃത്യത ഉറപ്പു വരുത്തേണ്ടതാണ്.