തിരുവനന്തപുരം : തിരുവനന്തപുരത്ത് നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണ്ണക്കടത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ) അന്വേഷണം ഉടന്‍ ആരംഭിക്കും. യു.എ.പി .എ ചുമത്തിയാണ് എന്‍.ഐ.എ കേസ് രജിസ്റ്റര്‍ ചെയ്യുക.
കേസിലെ മുഖ്യപ്രതിയായി സംശയിക്കുന്ന സ്വപ്ന സുരേഷിന്റെ ജാമ്യ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. സ്വര്‍ണ്ണക്കടത്തില്‍ തനിക്ക് യാതൊരു ബന്ധവുമില്ലെന്നും, ഈ സാഹചര്യത്തില്‍ മുന്‍കൂര്‍ ജാമ്യം നല്‍കണമെന്നാണ് സ്വപ്നയുടെ ഹര്‍ജിയിലെ ആവശ്യം. അതേസമയം, സ്വപ്നയുടെ സാന്നിധ്യമുണ്ടായിരുന്ന സര്‍ക്കാര്‍ പരിപാടികളെക്കുറിച്ചും അന്വേഷണം നടത്തിയേക്കുമെന്നാണ് സൂചന.
സ്വപ്‌ന സുരേഷിനുള്ള നയതന്ത്ര, രാഷ്ട്രീയ സ്വാധീനം ഭീകരബന്ധമുള്ള മാഫിയ ഉപയോഗപ്പെടുത്തിയെന്നാണ് ഇന്റലിന്‍സ് വിവരം. അടുത്തിടെ എന്‍.ഐ.എയ്‌ക്ക് നിയമഭേദഗതിയിലൂടെ കൈവന്ന അധികാരമുപയോഗിച്ച് കള്ളക്കടത്തിന്റെ വിദേശ ബന്ധങ്ങളും അന്വേഷിക്കാനാകും. അതേസമയം, കേസില്‍ നിലവിലെ കസ്റ്റംസ് അന്വേഷണം തുടരും. എന്‍.ഐ.എ പ്രത്യേക കോടതിയില്‍ പുതിയ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചതിനു ശേഷം, അതില്‍ കസ്‌റ്റംസ് ആക്ട‌് അനുസരിച്ചുള്ള വകുപ്പുകളും ചേര്‍ക്കും.
രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശപ്രകാരം ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവല്‍ വിവരങ്ങള്‍ നേരിട്ട് വിശലകനം ചെയ്യുന്നുണ്ട്. നയതന്ത്ര ചാനല്‍ വഴി സ്വര്‍ണ്ണക്കടത്ത് നടത്തിയത് സംബന്ധിച്ച് ഡോവല്‍ യു.എ.ഇ അധികൃതരുമായി സംസാരിച്ചിരുന്നു.