കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ ബിനീഷ് കോടിയേരിയെ ഇ ഡി ചോദ്യം ചെയ്യുന്നു. ബിനീഷ് കോടിയേരി രാവിലെ 9 മണിയോടെ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസില്‍ എത്തി. കൊച്ചിയിലെ ഇ.ഡി. ഓഫീസിലെത്തണമെന്നു കാട്ടി കഴിഞ്ഞ ദിവസം ഇ.ഡി നോട്ടീസ് നല്‍കിയിരുന്നു. ബിനീഷിന് പങ്കാളിത്തമുള്ള കമ്പനികള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനിടെയാണ് നിര്‍ണായക നീക്കം.
മൂന്നു കമ്പനികളുമായി ബന്ധപ്പെട്ടുയര്‍ന്ന ആരോപണങ്ങളെ തുടര്‍ന്നാണ് ബിനീഷ് കോടിയേരി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സംശയമുനയില്‍ വന്നിരിക്കുന്നത്. ബിനീഷിന് പങ്കാളിത്തമുള്ള, 2018 ല്‍ തുടങ്ങിയ യു.എ.എഫ്.എക്‌സ് സൊല്യൂഷന്‍സണ്‍സ് വഴി കമ്മീഷന്‍ ലഭിച്ചതായി സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്നസുരേഷ് വെളിപ്പെടുത്തിയിരുന്നു. ബെംഗളൂരുവില്‍ 2015ല്‍ രൂപീകരിക്കുകയും ഇടയ്ക്ക് അപ്രത്യക്ഷമാവുകയും ചെയ്ത രണ്ടു കമ്പനികളിലും ബിനീഷിനു പങ്കുണ്ട്.
കള്ളപ്പണ ഇടപാടുകള്‍ക്കും വിദേശകറന്‍സി കൈമാറ്റത്തിനും തുടങ്ങിയ കടലാസ് കമ്പനികള്‍ മാത്രമായിരുന്നു ഇതെന്ന് ബലമായ സംശയത്തിലാണ് ഇ.ഡി. ബെംഗളൂരു ലഹരികടത്തില്‍ അറസ്റ്റിലായ പ്രതികള്‍ക്ക് ഈ കമ്പനികളുടെ മറവില്‍ വിദേശത്തും സ്വദേശത്തും കള്ളപ്പണ ഇടപാടുകള്‍ നടത്തിയതായും സൂചനയുണ്ട്. ഇവയിലൊക്കെ വ്യക്തത വരുത്താനാണ് ബിനീഷ് കോടിയേരിയെ ഇ.ഡി. അന്വേഷണസംഘം വിളിപ്പിച്ചിരിക്കുന്നത്. ലഹരികടത്ത് കേസില്‍ നര്‍കോട്ടിക്‌സ് കോൺട്രോള്‍ ബ്യുറോയും ബിനീഷിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്ന് അഭ്യൂഹം ഉണ്ടായിരുന്നു. അതിനിടയിലാണ് ഇ.ഡിയുടെ നീക്കം.