കൊച്ചി : തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തില്‍ കാരാട്ട് റസാഖ് എംഎല്‍എക്കും പങ്കാളിത്തമുണ്ടെന്ന് കസ്റ്റംസിന്‍റെ രഹസ്യ റിപ്പോര്‍ട്ട്. കാരാട്ട് റസാഖിന് കെ.ടി. റമീസുമായി ഉറ്റബന്ധമെന്ന് സന്ദീപ് നായരുടെ ഭാര്യ മൊഴി നല്‍കി. പ്രതികള്‍ തമ്മിലുള്ള ആശയവിനിമയത്തിലും എംഎല്‍എക്ക് പങ്കുണ്ട്. കേന്ദ്രസര്‍ക്കാരിന് നല്‍കിയ രഹസ്യ റിപ്പോര്‍ട്ട് പുറത്ത്. കേസിലെ മുഖ്യപ്രതികളായ സന്ദീപ് നായര്‍ക്കും സ്വപ്ന സുരേഷിനുമെതിനെതിരെ ‘കോഫെപോസ’ ചുമത്താനുള്ള പ്രത്യേക അപേക്ഷയ്ക്കൊപ്പം കേന്ദ്ര ധനമന്ത്രാലയത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് എംഎല്‍എയുടെ പേര് പരാമര്‍ശിക്കുന്നത്.
പി.ഡി 12002 06 2020 കോഫി ഹൗസ് എന്ന ഫയല്‍ നമ്പറിലുള്ള രഹസ്യ റിപ്പോര്‍ട്ടിന്റെ അഞ്ചാമത്തെ പേജിലാണ് പ്രതികളുമായുള്ള എംഎല്‍എയുടെ ബന്ധം പരാമര്‍ശിക്കുന്നത്. സ്വര്‍ണ്ണക്കടത്തിന്റെ പദ്ധതിയും ആസൂത്രണവും സംബന്ധിച്ച് പ്രതികള്‍ തമ്മില്‍ നടത്തിയ ആശയവിനിമയങ്ങളുടെ വിശദാംശങ്ങളിലും എംഎല്‍എയുടെ പേര് പറയുന്നുണ്ട്.
അതേസമയം നിലവില്‍ കേസിലെ പ്രതിയായോ സാക്ഷിയായോ എംഎല്‍എയെ ഉള്‍പ്പെടുത്തിയിട്ടില്ല. ഇതേ എം.എല്‍.എക്ക് പങ്കാളിത്തമുള്ള കള്ളക്കടത്തു സംഘത്തിലെ മുഖ്യകണ്ണിയാണ് സ്വര്‍ണ്ണക്കടത്തിന്റെ സൂത്രധാരനായ കെ.ടി റമീസ് എന്നും റിപ്പോര്‍ട്ടില്‍ കസ്റ്റംസ് വെളിപ്പെടുത്തുന്നു. സ്വപ്നയും ഇയാളും തമ്മില്‍ നേരിട്ട് ബന്ധപ്പെട്ടിട്ടും ഇല്ല. ഇരുവര്‍ക്കുമിടയിലെ ആശയവിനിമയത്തിന്റെ കണ്ണി റമീസായിരുന്നു എന്നാണ് കസ്റ്റംസ് പറയുന്നത്.