തിരുവനന്തപുരം : സംസ്ഥാനത്തെ സ്വർണ്ണക്കടത്ത് വിവാദം സിപിഎം കേന്ദ്രകമ്മിറ്റി ചർച്ച ചെയ്യും. കേന്ദ്രകമ്മിറ്റിയുടെ അജണ്ടയിൽ വിഷയം ഉൾപ്പെടുത്തി. രാഷ്ട്രീയമായി പ്രതിരോധിക്കുന്നതിനുള്ള വഴി ആലോചിക്കുമെന്ന് പാർട്ടി നേതൃത്വം വ്യക്തമാക്കി. സംസ്ഥാന സെക്രട്ടറിയേറ്റ് കൈക്കൊണ്ട തീരുമാനങ്ങൾക്ക് പൂർണ്ണ പിന്തുണയെന്ന് പിബി അംഗം എസ് രാമചന്ദ്രൻ പിള്ള പറഞ്ഞു. പാർട്ടിക്ക് ഒന്നും ഒളിക്കാനില്ലെന്നും എല്ലാ വിഷയങ്ങളിലും സമഗ്രമായ അന്വേഷണം നടക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സർക്കാർ നൽകിയിരിക്കുന്ന എല്ലാ കൺസൾട്ടൻസി കരാറുകളും പരിശോധിക്കണമെന്നാണ് സിപിഎം നേതൃത്വത്തിന്റെ നിർദ്ദേശം. ഇതുവരെ നൽകിയ കരാറുകളെല്ലാം പരിശോധിക്കണം. എന്തെങ്കിലും അപകാതയുണ്ടെങ്കിൽ കണ്ടെത്തി ഉടൻ തിരുത്തണമെന്ന നിലപാടാണ് സിപിഎം കേന്ദ്ര നേതൃത്വം സ്വീകരിച്ചിരിക്കുന്നത്.
പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പര്‍ അടക്കം കൺസൾട്ടൻസി കരാറുകൾ കൈമാറിയത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിനെതിരെ വലിയ വിവാദങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിലായി ഉയർന്ന് വന്നിരുന്നത്. ഇത് ദേശീയ നേതൃത്വത്തിന്‍റെ ശ്രദ്ധയിലും വന്നിരുന്നു. ഇതെ തുടര്‍ന്നാണ് കേന്ദ്ര നേതൃത്വത്തിന്‍റെ കൂടി ആവശ്യപ്രകാരം കരാറുകളെല്ലാം പരിശോധിക്കാൻ സംസ്ഥാന തലത്തിൽ തന്നെ നടപടിയുമായി മുന്നോട്ട് പോകുന്നത്.
വിവാദ കമ്പനികളേയും കരിമ്പട്ടികയിൽ ഉൾപ്പെട്ട കമ്പനികളേയും നിര്‍ബന്ധമായും ഒഴിവാക്കണം. ചില പദ്ധതികൾക്ക് കണ്‍സൾട്ടൻസികളെ ഒഴിവാക്കി മുന്നോട്ട് പോകാനാകില്ല. അത്തരം സന്ദര്‍ഭങ്ങളിൽ കണ്‍സൾട്ടൻസികൾ നൽകുന്ന റിപ്പോര്‍ട്ടുകൾ വിവേക പൂര്‍വ്വം പരിശോധിക്കണം തുടങ്ങിയ നിര്‍ദ്ദേശങ്ങളും സിപിഎം മുന്നോട്ട് വെയ്ക്കുന്നുണ്ട്.