കൊച്ചി : തിരുവനന്തപുരം കാർഗോ കോംപ്ലക്സിൽ നയതന്ത്ര പാഴ്സലിൽ നിന്ന് 30 കിലോഗ്രാം സ്വർണ്ണം പിടിച്ച കേസിൽ ഇരുപതിലധികം ഹവാല സംഘങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്നു കസ്റ്റംസ് കണ്ടെത്തി. പിടിയിലായ 13 പേരിൽ സരിത് ഒഴിച്ചുള്ള 12 പേർക്കും നേരിട്ടോ അല്ലാതെയോ ഹവാല സംഘങ്ങളുമായി ബന്ധമുള്ളതായാണു കസ്റ്റംസിനു ലഭിച്ച വിവരം.
കള്ളക്കടത്ത് സ്വർണ്ണം ഇവർ നേരിട്ടും അല്ലാതെയും വിറ്റഴിച്ചതായി മൊഴികളുണ്ട്. ഏറിയ പങ്കും കേരളത്തിനു പുറത്താണു വിറ്റത്. അടുത്ത കള്ളക്കടത്തിനുള്ള പണം സ്വന്തം ഹവാല കണ്ണികൾ വഴിയാണ് ഓരോ സംഘവും ദുബായിൽ ഫൈസൽ ഫരീദിനെത്തിച്ചത്. ഇതിനകം പിടിയിലായ ഓരോരുത്തരും കോടിക്കണക്കിനു രൂപയാണ് ഇറക്കിയത്. ഇവർ മറ്റു ഹവാല ഇടപാടുകാരിൽ നിന്നു പണം സംഘടിപ്പിച്ചിട്ടുണ്ടാകാമെന്നും സ്വർണ്ണക്കടത്തിൽ ഉൾപ്പെട്ട ഹവാല ഇടപാടുകാരുടെ എണ്ണം ഇരുപതിൽ അധികമാകാമെന്നും കസ്റ്റംസ് കരുതുന്നു.
സരിത്തിൽ നിന്ന് ഏറ്റുവാങ്ങുന്ന കള്ളക്കടത്ത് സ്വർണ്ണം സന്ദീപ് നായർ കെ.ടി. റമീസിനെ ഏൽപിക്കുകയാണു ചെയ്തിരുന്നത്. കെ.ടി. റമീസ് ഇത് പി.ടി. അബ്ദു, മുഹമ്മദ് ഷാഫി, എടക്കണ്ടൻ സെയ്തലവി, ജലാൽ മുഹമ്മദ് എന്നിവർക്കു നൽകും. ഈ 4 പേരാണു കേസിൽ പിടിയിലായാവരടക്കമുള്ള മറ്റ് ഹവാല ഇടപാടുകാർക്കു സ്വർണ്ണം പങ്കിട്ടു നൽകിയിരുന്നത്. പിടിയിലായവരിൽ കോട്ടയ്ക്കൽ സ്വദേശി പി.ടി. അബ്ദു ഒഴിച്ചുള്ളവർ സ്വർണ്ണം നൽകിയത് എവിടെയാണെന്നു വ്യക്തമാക്കിയിട്ടുണ്ട്. അബ്ദു വഴി വിൽപന നടത്തിയ 78 കിലോഗ്രാം സ്വർണ്ണം എവിടെയാണെത്തിയതെന്നതിൽ ദുരൂഹതയുണ്ട്.