കോഴിക്കോട്: കരിപ്പൂരില്‍ അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി. പുലര്‍ച്ചെയാണ് അനധികൃതമായി കടത്താന്‍ ശ്രമിച്ച 828.2 ഗ്രാം സ്വര്‍ണമിശ്രിതമാണ് കോഴിക്കോട് നിന്നുള്ള കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്.
ഷാര്‍ജയില്‍ നിന്നും എയര്‍ അറേബ്യയുടെ വിമാനത്തില്‍ പുലര്‍ച്ചെ മൂന്നിന് കരിപ്പൂര്‍ വിമാനതാവളത്തില്‍ വന്നിറങ്ങിയ താമരശേരി സ്വദേശി മാലിക് അസ്റത് (24) ആണ് സ്വര്‍ണമിശ്രിതം കൊണ്ടുവന്നത്. കാപ്സ്യൂള്‍ രൂപത്തില്‍ നാലുപായ്ക്കറ്റുകളിലാക്കിയാണ് അസ്റത് ശരീരത്തില്‍ ഒളിപ്പിച്ചിരുന്നത്.
രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് കസ്റ്റംസ് പരിശോധനക്കെത്തിയത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് അതീവ സുരക്ഷയിലായിരുന്നു കസ്റ്റംസ് പരിശോധന നടത്തിയത്.
കസ്റ്റംസ് അസി.കമ്മീഷണര്‍ കെ.വി. രാജന്റെ നിര്‍ദേശപ്രകാരം സൂപ്രണ്ടുമാരായ കെ.കെ.പ്രവീണ്‍കുമാര്‍, സന്തോഷ് ജോണ്‍, ഇന്‍സ്പക്ടര്‍മാരായ എം.പ്രതീഷ്, ഇ.മുഹമ്മദ് ഫൈസല്‍, ഹെഡ് ഹവില്‍ദാര്‍ എം.സന്തോഷ്കുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് സ്വര്‍ണം പിടികൂടിയത്.