കൊച്ചി : യു.എ.ഇ കോണ്‍സുലേറ്റിന്റെ നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയ കേസില്‍ ഇന്ത്യയിലും വിദേശത്തുമുള്ള ഉന്നതര്‍ക്ക് പങ്കുണ്ടെന്ന് എന്‍.ഐ.എ. ഒന്നാം പ്രതിയായ കോണ്സുലേറ്റിെല മുന്‍ പി.ആര്.ഒ സരിത്തിനെ ചോദ്യം ചെയ്തതില്‍നിന്നാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്.
ഇന്ത്യയിലെ വിമാനത്താവളങ്ങള്‍ക്ക് പുറമെ തുറമുഖം വഴിയും നിരവധി തവണ വലിയ തോതില്‍ സ്വര്‍ണം കടത്തിയതായാണ് കണ്ടെത്തിയത്. ഇതിലേറെയും കേരളത്തിലെ വിമാനത്താവളങ്ങള്‍ വഴിയാണെന്നും യു.എ.ഇക്ക് പുറമെ പശ്ചിമേഷ്യയിലെ രാജ്യങ്ങളില്‍നിന്നെല്ലാം സ്വര്‍ണം കടത്തിയിട്ടുണ്ടെന്നുമാണ് ലഭിച്ച വിവരം. രഹസ്യമായി നിരവധി പേര്‍ക്ക് വിറ്റതായും വന്‍ ലാഭമാണ് പ്രതികള്‍ കള്ളക്കടത്തിലൂടെ ഉണ്ടാക്കിയതെന്നും എന്‍.ഐ.എ പറയുന്നു. പണം തീവ്രവാദ പ്രവര്‍ത്തനത്തിന് ഉപയോഗിച്ചിട്ടുണ്ടോയെന്നും പരിശോധിക്കണം. യഥാര്‍ഥ സൂത്രധാരനെ പുറത്തുകൊണ്ടുവരാന്‍ ഇന്ത്യക്കകത്തും വിദേശത്തും അന്വേഷണം ആവശ്യമാണെന്ന് എന്‍.ഐ.എ വ്യക്തമാക്കി.
എറണാകുളം പ്രത്യേക എന്‍.ഐ.എ കോടതി മുമ്പാകെ ദിവസങ്ങള്‍ക്ക് മുമ്പ് നല്കിയ റിപ്പോര്‍ട്ടിലാണ് ഈ വിവരം. പേര് പരാമര്‍ശിക്കാതെ ഉന്നത സ്വാധീനമുള്ള വ്യക്തികള്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. അന്വേഷണം യു.എ.ഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരിലേക്കും നീങ്ങുമെന്ന സൂചനയും റിപ്പോര്‍ട്ടില്‍ നല്‍കുന്നുണ്ട്.
സന്ദീപ് നായരുടെയും സ്വപ്ന സുരേഷിന്റെയും മൊഴികളുടെ കൂടി അടിസ്ഥാനത്തിലാണ് അന്വേഷണം കോണ്‍സുലേറ്റിലേക്കും വ്യാപിപ്പിക്കാന്‍ എന്‍.ഐ.എ തീരുമാനിച്ചത്. ഇതിനായി യു.എ.ഇയുടെ സഹായം തേടിയേക്കും. പ്രാഥമിക അന്വേഷണത്തില്‍തന്നെ ഇന്ത്യയിലും ഗള്‍ഫിലുമുള്ള ഉന്നതര്‍ക്ക് കുറ്റകൃത്യത്തിനു പിന്നിലെ ഗൂഢാലോചനയില്‍ പങ്കുള്ളതായി വ്യക്തമായിട്ടുണ്ട്. യു.എ.ഇയുമായുള്ള നയതന്ത്ര ബന്ധം തകര്‍ക്കാനുള്ള നീക്കം ഉണ്ടായിട്ടുണ്ടെന്ന മുന്‍ നിലപാട് ഈ റിപ്പോര്‍ട്ടിലും എന്‍.ഐ.എ ആവര്‍ത്തിക്കുന്നുണ്ട്.