കൊച്ചി : സ്വർണക്കടത്തിലെ വിദേശബന്ധം പരിശോധിക്കാനായി ദുബായിലേക്ക് പോയ എൻഐഎയുടെ പ്രത്യേകസംഘം നാട്ടിൽ തിരിച്ചെത്തി. സ്വർണക്കടത്തുമായി ബന്ധപ്പെട്ട പ്രധാന തെളിവുകൾ അന്വേഷണസംഘം ശേഖരിച്ചതായി ഉന്നത എൻഐഎ വൃത്തങ്ങൾ വ്യക്തമാക്കി. ഡിപ്ലോമാറ്റിക്ക് കാർഗോയിലൂടെ സ്വർണം കടത്തിയതുമായി ബന്ധപ്പെട്ട വിവരങ്ങളും എൻഐഎ അന്വേഷണസംഘം ശേഖരിച്ചു.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ആരോപണവിധേയരായ യുഎഇ ഉദ്യോഗസ്ഥരെ എൻഐഎ കണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല. സ്വർണക്കടത്തിന്റെ മുഖ്യ ആസൂത്രകരിലൊരാളായ ഫൈസൽ പരീദിനെയാണ് അന്വേഷണസംഘം പ്രധാനമായും ചോദ്യം ചെയ്തതെന്നാണ് വിവരം. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് നാല് പ്രതികൾ വിദേശത്ത് ഒളിവിൽ തുടരുകയാണെന്നും ഇവരെ നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുകയാണെന്നും എൻഐഎ വ്യക്തമാക്കി. കള്ളക്കടത്തിലൂടെ ലഭിച്ച സ്വർണം തീവ്രവാദപ്രവർത്തനത്തിന് ഉപയോഗിച്ചു എന്നു കണ്ടെത്താൻ വിദേശത്തുള്ള പ്രതികളുടെ മൊഴി എൻഐഎക്ക് അത്യാവശ്യമാണ്.
സ്വർണ്ണക്കടത്ത് കേസിൽ യുഎഇ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാൻ നേരത്തെ വിദേശകാര്യമന്ത്രാലയം കത്ത് നല്കിയിരുന്നു. ആദ്യ കത്തിന് മറുപടികിട്ടാത്ത സാഹചര്യത്തിൽ വീണ്ടുമൊരു കത്ത് കൂടി കേന്ദ്രം നല്കി. ഇക്കാര്യത്തിൽ ഔദ്യോഗികമായ അനുമതിക്ക് സാധ്യതയില്ലെന്നാണ് സൂചന. അവസാനഘട്ടത്തിൽ യുഎഇയിലുള്ള ചില കോണ്സുലേറ്റ് ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്താനും എൻഐഎ ശ്രമിച്ചിരുന്നു.
ഭീകരവാദ ബന്ധം കണ്ടെത്താനെന്നായിരുന്നു കേസ് എൻഐഎക്ക് വിട്ടപ്പോഴത്തെ കേന്ദ്ര വാദം. എന്നാൽ ഭീകരവാദ ബന്ധത്തിൽ ഇതുവരെ കാര്യമായ തെളിവുകൾ കിട്ടിയിട്ടില്ല. ഫൈസൽ ഫരീദിന്റെ മൊഴി ഇതിലേക്ക് എത്താൻ സഹായിക്കും എന്നാണ് ഇപ്പോൾ സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. സ്വർണ്ണക്കടത്തിൽ നിന്ന് കേന്ദ്ര ശ്രദ്ധ റെഡ്ക്രസന്റ് ഉൾപ്പടെുള്ള ഇടപാടുകളിലേക്ക് തിരിയുകയാണ്. ലൈഫ് പദ്ധതിയുടെ വിശദാംശങ്ങൾ സംസ്ഥാനസർക്കാരിൽ നിന്ന് വിദേശകാര്യമന്ത്രാലയം തേടിയിരുന്നു. ഇതിനു സംസ്ഥാനം നല്കിയ മറുപടി പരിശോധിച്ച് ചട്ടലംഘനമോ പ്രോട്ടോക്കോൾ ലംഘനമോ ഉണ്ടായോ എന്ന് വിലയിരുത്തും.