കൊച്ചി : തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ബാങ്ക് ലോക്കറില്‍നിന്ന് ഒരു കോടി രൂപയും ഒരു കിലോഗ്രാം സ്വര്‍ണവും പിടിച്ചെടുത്തു. കേസ് അന്വേഷിക്കുന്ന എന്‍ഐഎ (ദേശീയ അന്വേഷണ ഏജന്‍സി) കോടതിയിലാണ് ഇക്കാര്യം അറിയിച്ചത്.
തിരുവനന്തപുരത്തെ എസ്ബിഐ സിറ്റി ബ്രാഞ്ച് ലോക്കറില്‍നിന്നു 64 ലക്ഷം രൂപയും 982 ഗ്രാം സ്വര്‍ണവും കണ്ടെത്തി. തിരുവനന്തപുരത്തെ ഫെഡറല്‍ ബാങ്കില്‍നിന്നും കണ്ടെടുത്ത 36.5 ലക്ഷം രൂപയും കണ്ടെടുത്തവയില്‍ ഉള്‍പ്പെടുന്നു. അതേസമയം, സ്വപ്ന വിവാഹം ചെയ്ത അറബി സമ്മാനിച്ചതാണ് ഈ സ്വര്‍ണവും പണവുമെന്നാണു സ്വപ്നയുടെ അഭിഭാഷകന് കോടതിയില്‍ പറഞ്ഞത്.
എന്‍ഐഎ പിടികൂടിയ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും ചോദ്യം ചെയ്യാന്‍ കസ്റ്റംസിന് അനുമതി നല്‍കിയിട്ടുണ്ട്. നിലവില്‍ പ്രതികള്‍ എന്‍ഐഎ കസ്റ്റഡിയിലാണ്. എന്‍ഐഎ ചോദ്യം ചെയ്യുന്ന അവസരത്തില്‍തന്നെ കസ്റ്റംസിനും പ്രതികളെ ചോദ്യം ചെയ്യാനാണ് കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതി അനുമതി നല്‍കിയിരിക്കുന്നത്.