കൊച്ചി : സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് മന്ത്രിപുത്രനൊപ്പം നില്‍ക്കുന്ന ചിത്രം വ്യാജമല്ലെന്ന് സമ്മതിച്ച് സ്വപ്‌ന. ദുബായിലെ ഒവു ഹോട്ടലില്‍ വെച്ചെടുത്ത ചിത്രമാണ് ഇതെന്നും കൂടിക്കാഴ്ച യാദൃച്ഛികമായി സംഭവിച്ചതാണെന്നും സ്വപ്‌ന മൊഴി നല്‍കി.
മന്ത്രിപുത്രനൊപ്പം കുടുംബാംഗങ്ങളും ഉണ്ടായിരുന്നതായും പി.എസ്. സരിത്തും സന്ദീപ് നായരും തനിക്കൊപ്പം ഉണ്ടായിരുന്നതായും സ്വപ്‌ന പറഞ്ഞു. അതേസമയം മന്ത്രിപുത്രന് കമ്മീഷന്‍ ഇടപാടുമായി യാതൊരു ബന്ധവുമില്ലെന്നും സ്വപ്‌നയുടെ മൊഴിയിലുണ്ട്. മാത്രമല്ല രാഷ്ട്രീയ നേതൃത്വത്തിലെ ആരുമായും കമ്മീഷന്‍ ഇടപാടില്ലെന്നും സ്വപ്ന മൊഴി നല്‍കി.
വടക്കാഞ്ചേരിയിലെ ലൈഫ് ഫ്‌ളാറ്റ് കേസില്‍ സ്വപ്ന, സരിത്, സന്ദീപ് എന്നിവര്‍ കൈപ്പറ്റിയ കമ്മീഷന്‍ തുകയില്‍ ഒരുഭാഗം മന്ത്രിപുത്രനു കൈമാറിയെന്ന ആക്ഷേപത്തെക്കുറിച്ചുള്ള എന്‍ഐഎയുടെ ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു സ്വപ്‌നയുടെ വെളിപ്പെടുത്തല്‍.
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനൊപ്പം ദേശീയ അന്വേഷണ ഏജന്‍സി കഴിഞ്ഞദിവസം ചോദ്യം ചെയ്തപ്പോഴാണ് ഈ വെളിപ്പെടുത്തല്‍. രാഷ്ട്രീയ വിവാദമുണ്ടാക്കാന്‍ ചിത്രം മോര്‍ഫ് ചെയ്തതാണെന്നും ആരോപണം ഉയര്‍ന്നിരുന്നു. ചോദ്യം ചെയ്യലില്‍, കമ്മീഷന്‍ ഇടപാടില്‍ ബന്ധമില്ലെന്ന മുന്‍നിലപാടില്‍ ശിവശങ്കറും ഉറച്ചു നിന്നു.