കൊച്ചി : നയതന്ത്ര ബാഗേജിന്റെ മറവിൽ സ്വർണം കടത്തിയ കേസിൽ അറസ്റ്റിലായ സ്വപ്നാ സുരേഷ് പ്രതിസ്ഥാനത്തായി അറ്റാഷേയിലേക്ക് വിരൽചൂണ്ടുമ്പോൾ അന്വേഷണത്തിന്റെ മറ്റൊരുവഴിയിൽ എൻ.ഐ.എ. അന്വേഷണം വഴിതിരിച്ചുവിടാൻ ശ്രമിക്കുമെന്ന് ഉറപ്പിച്ചുതന്നെയാണ് എൻ.ഐ.എ. അവർ പറഞ്ഞ മൊഴികൾ പരിശോധിച്ചുകൊണ്ടിരിക്കുന്നത്. സ്വർണക്കടത്തിലെ പ്രധാന കണ്ണികൾ റമീസും ജലാലുമാണെന്ന സ്വപ്നയുടെ മൊഴി സാധൂകരിക്കുന്ന തെളിവുകൾ എൻ.ഐ.എ.യ്ക്കു ലഭിച്ചിട്ടുണ്ട്. എന്നാൽ, സ്വപ്നയുടെ മറ്റു മൊഴികൾ പൂർണമായി വിശ്വസിക്കാതെയാണ് എൻ.ഐ.എ.യുടെ അന്വേഷണം തുടരുന്നത്.
സ്വർണക്കടത്ത് കേസിൽ മുൻ ഐ.ടി. സെക്രട്ടറി എം. ശിവശങ്കറിന് യാതൊരു ബന്ധവുമില്ലെന്ന സ്വപ്നയുടെ മൊഴിയുടെ പിന്നാലെയാണ് ഇപ്പോൾ എൻ.ഐ.എ. ഇതിനായാണ് സെക്രട്ടേറിയറ്റിലെ ജൂലായ് ഒന്നുമുതൽ 12 വരെയുള്ള ദിവസങ്ങളിലെ സി.സി.ടി.വി. ദൃശ്യങ്ങൾ എൻ.ഐ.എ. ആവശ്യപ്പെട്ടത്. സ്വപ്നയുടെയും ശിവശങ്കറിന്റെയും മൊഴികളിൽ വൈരുധ്യമുണ്ടെങ്കിൽ അതാകും അന്വേഷണത്തിലെ നിർണായക ഘട്ടം. സ്വർണക്കടത്തിൽ ശിവശങ്കറിന് പങ്കില്ലെന്ന് സ്വപ്നയും ആവർത്തിച്ചു പറഞ്ഞിരുന്നു. എന്നാൽ അറ്റാഷേയിലേക്ക് സ്വപ്ന വിരൽചൂണ്ടുന്നത് പൂർണമായും വിശ്വസിക്കാനാകില്ലെന്നാണ് എൻ.ഐ.എ. നൽകുന്ന സൂചന. സ്വർണക്കടത്തിനായി കേവലം ആയിരം ഡോളർ അറ്റാഷേ പങ്കുപറ്റിയെന്നത് വിശ്വസനീയമായ മൊഴിയായിട്ടല്ല എൻ.ഐ.എ. കാണുന്നത്. കസ്റ്റംസും ഇതേ രീതിയിൽത്തന്നെയാണ് സ്വപ്നയുടെ മൊഴിയെ കാണുന്നത്.