കൊച്ചി : സ്വർണ്ണക്കടത്തു കേസിൽ അന്തിമവട്ട അന്വേഷണം മുൻനിർത്തി എൻ.ഐ.എ സംഘം വീണ്ടും യു.എ.ഇയിലേക്ക്. തിരുവനന്തപുരം യു.എ.ഇ കോൺസുലേറ്റിലെ മുൻ അഡ്മിൻ അറ്റാഷെ റാശിദ് ഖമീസ് അലിയെ ചോദ്യം ചെയ്യാൻ ഇന്ത്യക്ക് യു.എ.ഇ അനുമതി നൽകി. ജൂലൈ അഞ്ചിന് നയതന്ത്ര ബാഗേജ് മുഖേനയുള്ള സ്വർണക്കടത്ത് പിടികൂടിയ ഘട്ടത്തിൽ റാശിദ് ഖമീസ് അലിക്കായിരുന്നു യു.എ.ഇ കോൺസുലേറ്റ് ചുമതല. ബാഗേജ് വിട്ടുകിട്ടാൻ ഇയാൾ തിരുവനന്തപുരം വിമാനത്താവളത്തിലെ കസ്റ്റംസ് അധികൃതരെ സമീപിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് ആറ് ദിവസങ്ങൾക്കകം ഡൽഹി മുഖേന റാശിദ് അൽ ഖമീസി യു.എ.ഇക്ക് മടങ്ങി.
യു.എ.ഇ അന്വേഷണ സംഘം ഇതിനകം ഇയാളെ വിശദമായി ചോദ്യം ചെയ്തിരുന്നു. തുടർന്ന് റാശിദ് അൽ കമീസിന്‍റെ എല്ലാ നയതന്ത്ര പരിരക്ഷയും യു.എ.ഇ പിൻവലിച്ചുവെന്നാണ് വിവരം. ഇക്കാര്യം ഇന്ത്യൻ അന്വേഷണ ഏജൻസിയെയും അറിയിച്ചിട്ടുണ്ട്. വൈകാതെ യു.എ.ഇയിലെത്തുന്ന എൻ.ഐ.എ സംഘം റാശിദ് അൽ ഖമീസിൽ നിന്ന് മൊഴിയെടുക്കും. കോൺസുലേറ്റിലെ അക്കൗണ്ടൻറും ഈജിപ്ഷ്യൻ പൗരനുമായ ഖാലിദിനെ വിട്ടുകിട്ടാനുള്ള നീക്കവും വിദേശകാര്യ മന്ത്രാലയത്തിനു ചുവടെ ഊർജിതമാണ്. അതിനിടെ, യു.എ.ഇയിലെത്തുന്ന എൻ.ഐ.എ സംഘം റാശിദ് ഖമീസ് അലിക്കു പുറമെ ഫൈസൽ ഫരീദ് ഉൾപ്പെടെയുള്ളവരെ വീണ്ടും ചോദ്യം ചെയ്യുമെന്നും റിപ്പോർട്ടുണ്ട്.