മലയാലപ്പുഴ : ഗോൾഡ് ടു ഒളിംമ്പിക്സ് പദ്ധതി ആവിഷ്ക്കരിച്ച് മലയാലപ്പുഴ ഹോക്കി അക്കാദമി പരിശീലന കേന്ദ്രം. 5 മുതൽ 18 വയസ്സുവരെയുള്ള കുട്ടികൾക്ക് അക്കാദമിയുടെ നേതൃത്വത്തിൽ പരിശീലനം നല്‍കുന്നുണ്ട്. സീനിയർ താരങ്ങളാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്. ഒളിമ്പിക്സ് ഹോക്കിയിൽ രാജ്യത്തെ സ്വർണ നേട്ടത്തിലേക്ക് കളിക്കാരെ വാർത്തെടുക്കുക എന്നതാണ് ഹോക്കി അക്കാദമിയുടെ ലക്ഷ്യമെന്ന് അണിയറ പ്രവര്‍ത്തകര്‍ പ്രതികരിച്ചു.
1979 ൽ പൊതിപ്പാട് എസ്എൻഡിപി സ്കൂളിൽ തുടങ്ങിയതാണ് മലയാലപ്പുഴയുടെ ഹോക്കി പാരമ്പര്യം. ഇന്ത്യൻ കുപ്പായമണിഞ്ഞ ഏലിയാമ്മ മാത്യു. ഇന്‍റര്‍ യൂണിവേഴ്സിറ്റി ദേശീയ ചാമ്പ്യൻഷിപ്പ് ജയിച്ച കേരള യൂണിവേഴ്‌സിറ്റി ടീം ക്യാപ്റ്റൻ കെ സുലേഖ, കേരള ടീമിൽ കളിച്ച ബിന്ദു, സർവീസസ് ടീം അംഗം ഗോകുൽ രാജ്. കേരള പോലീസ് താരം ഷേർലി, സംസ്ഥാന താരമായിരുന്ന കെ കെ സോമരാജൻ എന്നിവരെല്ലാം മലയാലപ്പുഴയുടെ ഹോക്കി ചരിത്രത്തിലെ പൊൻ താരങ്ങളാണ്. മുന്നൂറിലധികം സംസ്ഥാന താരങ്ങളെ മലയാലപ്പുഴ സംഭാവന ചെയ്‌തിട്ടുണ്ട്. 1979 മുതൽ 84 വരെ സംസ്ഥാന വനിതാ ടീമിൽ ഒമ്പത് മലയാലപ്പുഴക്കാർ വരെ കളിച്ച ചരിത്രമുണ്ട്. കേരളത്തിലെ ആദ്യത്തെ ഹോക്കി അക്കാദമി മലയാലപ്പുഴയിലാണ് തുടങ്ങിയത്. 2008 മാർച്ചിൽ.