വിദേശയാത്രയ്ക്കിടെ മൊബൈൽ റോമിങ് ചെലവിനെക്കുറിച്ച് ആശങ്കപ്പെടുന്ന എയർടെൽ ഉപഭോക്താക്കൾക്ക് സന്തോഷവാർത്ത. പുതിയ പോസ്റ്റ്പെയ്ഡ് പ്ലാനുകളിലൂടെ വർഷത്തിൽ ഒരു അന്താരാഷ്ട്ര യാത്രയ്ക്ക് സൗജന്യ റോമിങ് ആനുകൂല്യം ലഭ്യമാക്കുകയാണ് എയർടെൽ. ഒക്ടോബർ 8 മുതൽ ലഭ്യമാകുന്ന പുതിയ പ്ലാനുകളിൽ നിലവിലുള്ള ആനുകൂല്യങ്ങൾക്ക് പുറമെയാണ് ഈ സൗകര്യം ഉൾപ്പെടുത്തിയിരിക്കുന്നത്. സൗജന്യ റോമിങ് പാക്കിലൂടെ അഞ്ച് ദിവസത്തേക്ക് 5 ജിബി ഡാറ്റയും 60 മിനിറ്റ് കോളുകളും 25 ഔട്ട്ഗോയിങ് എസ്എംഎസുകളും ലഭിക്കും. ഇൻകമിങ് എസ്എംഎസുകൾക്ക് അധിക നിരക്ക് ഈടാക്കില്ല. യാത്രയ്ക്കിടെ ആവശ്യമുള്ള സമയത്ത് അഞ്ച് ദിവസത്തെ ഈ റോമിങ് പാക്ക് ആക്ടിവേറ്റ് ചെയ്യാനും കഴിയും. കുടുംബ പോസ്റ്റ്പെയ്ഡ് പ്ലാനിലെ ഓരോ അംഗത്തിനും ഈ ആനുകൂല്യം ലഭിക്കും എന്നതാണ് മറ്റൊരു പ്രത്യേകത.
പുതിയ പോസ്റ്റ്പെയ്ഡ് പ്ലാനുകളിൽ അൺലിമിറ്റഡ് ഡാറ്റയും കോളുകളും ഉൾപ്പെടെ നിരവധി അധിക സൗകര്യങ്ങളും എയർടെൽ നൽകുന്നുണ്ട്. സ്പാം, തട്ടിപ്പ് കോളുകൾ എന്നിവയിൽ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്ന സുരക്ഷാ ഫീച്ചറുകളും വിവിധ പ്ലാനുകളുടെ ഭാഗമാണ്. ഇതിനൊപ്പം ആമസോൺ പ്രൈം, ജിയോ ഹോട്‌സ്റ്റാർ, നെറ്റ്‌ഫ്ലിക്സ്, ആപ്പിൾ മ്യൂസിക്, ആപ്പിൾ ഐക്ലൗഡ് പ്ലസ്, ഗൂഗിൾ വൺ, എക്സ്ട്രീം പ്ലേ പ്രീമിയം തുടങ്ങിയ വിവിധ ഡിജിറ്റൽ സബ്സ്ക്രിപ്ഷനുകളും പ്ലാൻ അനുസരിച്ച് ലഭിക്കും. 499 രൂപയുടെ വ്യക്തിഗത പോസ്റ്റ്പെയ്ഡ് പ്ലാനിൽ അൺലിമിറ്റഡ് ഡാറ്റയും കോളുകളും, സുരക്ഷാ ഫീച്ചറുകൾ, എക്സ്ട്രീം പ്ലേ പ്രീമിയം, ഗൂഗിൾ വൺ എന്നിവ ഉൾപ്പെടുന്നു. കുടുംബ ഉപഭോക്താക്കൾക്കായി 749 രൂപ (2 അംഗങ്ങൾ), 1,049 രൂപ(3 അംഗങ്ങൾ), 1,249 രൂപ/1,449 രൂപ (4 അംഗങ്ങൾ), 1,799 രൂപ (5 അംഗങ്ങൾ) എന്നിങ്ങനെ വിവിധ പ്ലാൻ ഓപ്ഷനുകളുമുണ്ട്. കുടുംബ പ്ലാനിലെ ഓരോ സിമ്മിനും വർഷത്തിൽ ഒരു അന്താരാഷ്ട്ര യാത്രയ്ക്കുള്ള സൗജന്യ റോമിങ് ആനുകൂല്യം ലഭിക്കും.
നിലവിലുള്ള എയർടെൽ പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കൾക്ക് എയർടെൽ ആപ്പ് വഴിയോ അടുത്തുള്ള എയർടെൽ സ്റ്റോർ സന്ദർശിച്ചോ പുതിയ പ്ലാനുകളിലേക്ക് അപ്ഗ്രേഡ് ചെയ്യാം. പുതിയ ഉപഭോക്താക്കൾക്കും ആപ്പ് വഴിയോ സ്റ്റോർ വഴിയോ പോസ്റ്റ്പെയ്ഡ് കണക്ഷനിലേക്ക് മാറാനുള്ള സൗകര്യമുണ്ട്. വിദേശയാത്രയ്ക്കിടെ ഡാറ്റയും കോളുകളും ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന അധിക റോമിങ് ചെലവ് കുറയ്ക്കാൻ ലക്ഷ്യമിടുന്നതാണ് പുതിയ ആനുകൂല്യം. പ്രത്യേകിച്ച് വർഷത്തിൽ ഒരിക്കലെങ്കിലും വിദേശയാത്ര നടത്തുന്നവർക്കും കുടുംബമായി പോസ്റ്റ്പെയ്ഡ് കണക്ഷൻ ഉപയോഗിക്കുന്നവർക്കും പുതിയ പ്ലാനുകൾ കൂടുതൽ സൗകര്യപ്രദമായ ഓപ്ഷനായിരിക്കും.





























