കൊച്ചി: കെ-ഫോൺ പദ്ധതിയിൽ സി.ബി.ഐ. അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നൽകിയ ഹർജിയിലെ പൊതുതാത്പര്യമെന്താണെന്ന് ഹൈക്കോടതി. ഹർജി ഫയലിൽ സ്വീകരിക്കാതിരുന്ന കോടതി സർക്കാരിന്‍റെ വിശദീകരണം തേടുകയും ചെയ്തു. ചീഫ് ജസ്റ്റിസ് എ.ജെ. ദേശായി, ജസ്റ്റിസ് വി.ജി. അരുൺ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്.2019-ൽ നിലവിൽവന്നതാണ് കരാർ. ഇപ്പോൾ പൊതുതാത്പര്യ ഹർജിയിലൂടെ ഈ കരാർ ചോദ്യംചെയ്യുന്നതിന്റെ കാരണമെന്താണെന്നാണ് കോടതി ചോദിച്ചത്.
ഹർജിയിൽ ലോകായുക്തയ്ക്കെതിരേയുള്ള പരാമർശത്തെ കോടതി വിമർശിച്ചു. ഹർജിക്കുപിന്നിൽ പബ്ലിക് ഇന്ററസ്റ്റാണോ അതോ പബ്ലിസിറ്റി ഇന്ററസ്റ്റാണോ ഉള്ളതെന്ന് പരിശോധിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. ടെൻഡറിൽ അപാകമുണ്ടെന്നും അന്വേഷണം ആവശ്യമാണെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. രേഖകൾ പരിശോധിച്ചശേഷം ഉചിതമായ തീരുമാനമെടുക്കാമെന്ന് വ്യക്തമാക്കി കോടതി ഹർജി മാറ്റുകയും ചെയ്തു.