തിരുവനന്തപുരം : വയനാട് ജില്ലയിലെ വീടുകളിലെ പ്രസവം ഒഴിവാക്കി ആശുപത്രിയിലെ പ്രസവം പ്രോത്സാഹിപ്പിക്കുവാനും അമ്മയുടേയും കുഞ്ഞിന്റേയും ജീവന്‍ രക്ഷിക്കാനുമായി ‘ഗര്‍ഭകാല ഗോത്രമന്ദിരം’ എന്ന പദ്ധതി ആരോഗ്യ വകുപ്പ് വിവിധ വകുപ്പുകളുടെ സഹായത്തോടെ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയിരിക്കുകയാണ്. പദ്ധതിയുടെ ഉദ്ഘാടനം വാഴമറ്റം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു.
പ്രസവം അടുക്കുന്നതിനോടനുബന്ധിച്ച് കുടുംബത്തോടൊപ്പം താമസിച്ച് ജീവിക്കാന്‍ കഴിയുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ഇതിനായി ആശുപത്രി പരിസരത്ത് പ്രത്യേക ഗോത്ര മന്ദിരങ്ങളാണ് പണിഞ്ഞിട്ടുള്ളത്. ഈ ഗോത്രമന്ദിരത്തില്‍ അവര്‍ക്ക് കുടുംബ സമേതം താമസിക്കാനും ആഹാരം പാകം ചെയ്യാനും സാധിക്കുന്നു. ഡോക്ടര്‍മാര്‍ ഇവിടെയെത്തി പരിശോധിക്കുകയും അവര്‍ക്കാവശ്യമായ മരുന്നുകളും ഭക്ഷണങ്ങളും നല്‍കുകയും ചെയ്യുന്നു. അതിലൂടെ ആശുപത്രി അന്തരീക്ഷവുമായി അടുക്കാനും ആരോഗ്യപരിപാലനം ലഭ്യമാക്കാനും സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
മറ്റ് ജില്ലകളെ അപേക്ഷിച്ച് വയനാട് ജില്ലയില്‍ വീടുകളിലെ പ്രസവം കൂടുതലാണെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഈയൊരു പദ്ധതി ആവിഷ്‌ക്കരിച്ചത്. പ്രതിമാസം 5 മുതല്‍ 6 വരെ പ്രസവങ്ങള്‍ നടക്കുന്നുവെന്നാണ് കണക്ക്. ആശുപത്രി അന്തരീക്ഷത്തോട് പ്രസവസമയത്ത് മാനസികമായി പൊരുത്തപ്പെടാനുള്ള പ്രശ്നങ്ങളാണ് ആശുപത്രിയില്‍ പ്രസവം നടത്താന്‍ മടി കാണിക്കുന്നത്. അതുകൊണ്ടുതന്നെ ആദ്യപ്രസവം കഴിഞ്ഞാല്‍ പിന്നെ ആശുപത്രിയില്‍ വരാന്‍ മടിക്കുന്നു. ഇതു പരിഹരിക്കാനാണ് സര്‍ക്കാര്‍ ഗര്‍ഭകാല ഗോത്രമന്ദിരം പദ്ധതി ആവിഷ്‌കരിച്ചത്. ജില്ലയില്‍ ആദ്യഘട്ടമെന്ന രീതിയില്‍ 7 യൂണിറ്റുകളാണ് പ്രവര്‍ത്തനക്ഷമമാവുന്നത്. നൂല്‍പ്പുഴ, വാഴവറ്റ, അപ്പപ്പാറ, വൈത്തിരി എന്നീ ആശുപത്രികളുടെ സമീപത്താണ് കേന്ദ്രങ്ങള്‍ നിര്‍മ്മിക്കുന്നത്. ഇതിനായി 70 ലക്ഷം രൂപയാണ് എന്‍.എച്ച്.എമ്മിലൂടെ അനുവദിച്ചിട്ടുള്ളത്. ഗോത്രവീടുകളുടെ മാതൃകയില്‍ ‘ഹാബിറ്റാറ്റ്’ ആണ് നിര്‍മ്മാണ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നത്