സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

സഹകരണ പെന്‍ഷന്‍കാര്‍ മസ്റ്ററിങ് നടത്തണം
സഹകരണ പെന്‍ഷന്‍ ബോര്‍ഡ് മുഖേന പെന്‍ഷന്‍ വാങ്ങുന്നവര്‍ 2026 ലെ വാര്‍ഷിക മസ്റ്ററിങ് പൂര്‍ത്തിയാക്കണമെന്ന് അഡീഷണല്‍ രജിസ്ട്രാര്‍ അറിയിച്ചു. പ്രാഥമിക സഹകരണ സംഘം, കേരള ബാങ്ക്, സഹകരണേതര വകുപ്പുകളിലെ സഹകരണ സംഘങ്ങളില്‍ നിന്നും വിരമിച്ച പെന്‍ഷന്‍കാര്‍, കുടുംബ പെന്‍ഷന്‍ വാങ്ങുന്നവര്‍, ആശ്വാസ്-സമാശ്വാസ് പദ്ധതി പ്രകാരം പെന്‍ഷന്‍ വാങ്ങുന്നവര്‍, കയര്‍ സ്പെഷ്യല്‍ സ്‌കീം പ്രകാരം പെന്‍ഷന്‍ വാങ്ങുന്നവര്‍ എന്നിങ്ങനെ 2026 ജനുവരിക്ക് മുമ്പ് പെന്‍ഷന്‍ ലഭിച്ചു തുടങ്ങിയവര്‍ക്ക് അക്ഷയ കേന്ദ്രം മുഖേന ‘ജീവന്‍രേഖ’ വഴി ബയോമെട്രിക് രീതിയില്‍ ജൂലൈ 17 മുതല്‍ സെപ്റ്റംബര്‍ 30 വരെ വാര്‍ഷിക മസ്റ്ററിങ് നടത്താം. മസ്റ്ററിങ് പൂര്‍ത്തിയാക്കാത്തവര്‍ക്ക് 2026 നവംബര്‍ മാസം മുതല്‍ പെന്‍ഷന്‍ മുടങ്ങും.

ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി ജില്ലാതല പ്രവേശന ബോധവല്‍ക്കരണ സെമിനാര്‍ ജൂലൈ 21 ന്
എല്ലാവര്‍ക്കും ബിരുദം എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ 2026-27 അധ്യയനവര്‍ഷത്തെ ജില്ലയിലെ പ്രവേശന ബോധവല്‍കരണ സെമിനാര്‍ ജൂലൈ 21 ന് നടക്കും. ജില്ലാ സാക്ഷരതാ മിഷന്റെ  സഹകരണത്തോടെ ഉച്ചയ്ക്ക് രണ്ടിന് ജില്ലാ ആസൂത്രണ സമിതി സെക്രട്ടറിയേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന വൈജ്ഞാനിക- സാഹിത്യ-സാംസ്‌കാരിക സെമിനാര്‍ അബിന്‍ വര്‍ക്കി എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിക്കും. ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ.വി.പി ജഗതി രാജ് അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി മുഖ്യാതിഥിയാകും. ജനപ്രതിനിധികള്‍, സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകര്‍, സംഘടനകളുടെ വിദ്യാഭ്യാസ ഭാരവാഹികളും പ്രതിനിധികളും വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍, സന്നദ്ധ സാക്ഷരതാ പ്രേരക്മാര്‍, പ്രതിനിധികള്‍, തുല്യതാ പഠിതാക്കള്‍, കുടുംബശ്രീ അംഗങ്ങള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

തിരുവോണം ബമ്പര്‍ : ജില്ലാതല വിതരണോദ്ഘാടനം ജൂലൈ 20 ന്
തിരുവോണം ബമ്പര്‍ ഭാഗ്യക്കുറിയുടെ ജില്ലാതല വിതരണോദ്ഘാടനം ജൂലൈ 20 രാവിലെ 10.30 ന് പത്തനംതിട്ട നഗരസഭ ടൗണ്‍ ഹാളില്‍ അബിന്‍ വര്‍ക്കി എം.എല്‍.എ നിര്‍വഹിക്കും. പത്തനംതിട്ട നഗരസഭ ചെയര്‍പേഴ്‌സണ്‍ സിന്ധു അനില്‍ അധ്യക്ഷത വഹിക്കും. കൗണ്‍സിലര്‍മാരായ സി.കെ അര്‍ജുനന്‍, മിസ്‌ന ആരിഫ്, ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ ഡി.ആര്‍ ജോസ്, ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ നിഷ ആര്‍.നായര്‍ എന്നിവര്‍ പങ്കെടുക്കും.

ജില്ലാ വികസന സമിതി യോഗം ജൂലൈ 25 ന്
ജില്ലാ വികസന സമിതി യോഗം ജൂലൈ 25ന് രാവിലെ 10.30ന് ജില്ലാ ആസൂത്രണ സമിതി സെക്രട്ടേറിയേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

വാഹനം ആവശ്യമുണ്ട്
ജില്ലാ തല ഐ.സി.ഡി.എസ് സെല്‍ കാര്യാലയത്തിന്റെ ആവശ്യത്തിന് ഒരു വര്‍ഷത്തേക്ക് ഡ്രൈ ലീസ് വ്യവസ്ഥയില്‍ (ഡ്രൈവര്‍ ഇല്ലാതെ വാഹനം മാത്രം) ടാക്‌സി പെര്‍മിറ്റ് ഉള്ള വാഹനത്തിനായി ടെന്‍ഡര്‍ ക്ഷണിച്ചു. വാഹനത്തിന് 12 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കം പാടില്ല. അവസാന തീയതി ജൂലൈ 30 ഉച്ചയ്ക്ക് മൂന്ന്. ഫോണ്‍  9188959620.

ഐ.ടി.ഐ പ്രവേശനം
ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐ.ടി.ഐയില്‍ ആദ്യഘട്ട പ്രവേശനം ജൂലൈ 20 രാവിലെ കാമ്പസില്‍ നടത്തും. രജിസ്‌ട്രേഷന്‍ രാവിലെ എട്ട് മുതല്‍ നടക്കും. ഇന്‍ഡക്സ് മാര്‍ക്ക് 190 വരെയുള്ള അപേക്ഷകര്‍ ഫീസ്, ഫോട്ടോ, ടി.സി, സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍ സഹിതം രക്ഷാകര്‍ത്താവിനൊപ്പം ഹാജരാകണം. ഫോണ്‍ 0468 2258710.

സൗജന്യ പി.എസ്.സി പരിശീലനം
തിരുവനന്തപുരം മണ്ണന്തലയില്‍ പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ പ്രീ എക്സാമിനേഷന്‍ ട്രെയിനിംഗ് സെന്‍ററില്‍ ആറ് മാസത്തെ സൗജന്യ പ്ലസ് ടു, ബിരുദം ലെവല്‍ പി.എസ്.സി പരീക്ഷ പരിശീലനം നല്‍കുന്നു. പി.എസ്.സി നിഷ്‌കര്‍ഷിക്കുന്ന വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസൃതമായി പരിശീലനത്തിന് അപേക്ഷിക്കാം. പട്ടികജാതി/പട്ടികവര്‍ഗക്കാര്‍ക്ക് വരുമാന പരിധി ഇല്ലാതെയും മറ്റ് അര്‍ഹ വിഭാഗക്കാര്‍ (ഒ.ഇ.സി), പിന്നാക്ക വിഭാഗക്കാര്‍ക്ക് (ഒ.ബി.സി) ഒരു ലക്ഷം രൂപ വരെ വാര്‍ഷിക വരുമാന പരിധിക്ക് വിധേയമായും പരിശീലനത്തിന് അപേക്ഷിക്കാം. ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, ഫോട്ടോ സഹിതം ട്രെയിനിംഗ് സെന്‍ററില്‍ നിന്നും ലഭിക്കുന്ന അപേക്ഷ ഫോമില്‍ ഓഗസ്റ്റ് 14 ന് മുമ്പ് സമര്‍പ്പിക്കണം. പട്ടികജാതി/പട്ടികവര്‍ഗക്കാരായ ഉദ്യോഗാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ ഉത്തരവിന് വിധേയമായി സ്‌റ്റൈപ്പന്‍റ് ലഭിക്കും. ഫോണ്‍ 0471 2543441.

കെല്‍ട്രോണില്‍ സ്‌പോട്ട് അഡ്മിഷന്‍
കെല്‍ട്രോണില്‍ ‘അഡ്വാന്‍സ്ഡ് ജേണലിസം ആന്റ് മീഡിയ സ്ട്രാറ്റജി’ യില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. ബിരുദം യോഗ്യതയുള്ളവര്‍ക്ക് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് ഡിപ്ലോമ കോഴ്‌സിലേക്കും പ്രവേശനം ലഭിക്കും. ആങ്കറിംഗ്, വാര്‍ത്താ അവതരണം, ടെലിവിഷന്‍ ജേണലിസം, ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് അധിഷ്ഠിത കണ്ടന്‍റ് നിര്‍മാണം, വീഡിയോ ക്യാമറ പരിശീലനം, വീഡിയോ എഡിറ്റിംഗ്, പ്രിന്റ് മീഡിയ ജേണലിസം, ഡിജിറ്റല്‍ മീഡിയ ജേണലിസം, പബ്ലിക് റിലേഷന്‍, അഡ്വര്‍ടൈസിങ് തുടങ്ങിയവയിലാണ് പരിശീലനം. തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട് ജില്ലകളിലെ കെല്‍ട്രോണ്‍ പഠനകേന്ദ്രങ്ങളില്‍ ജൂലൈ 20, 23 തീയതികളില്‍ രാവിലെ 10 മുതല്‍ മൂന്ന് വരെയാണ് പ്രവേശനം. ആധാര്‍, എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്, മറ്റ് വിദ്യാഭ്യാസ രേഖകള്‍ സഹിതം വിദ്യാര്‍ഥികള്‍ ഹാജരാകണം. വിവിധ മാധ്യമസ്ഥാപനങ്ങളില്‍ പരിശീലനം, ഇന്റെണ്‍ഷിപ്പ്, പ്ലേസ്‌മെന്‍റ് സപ്പോര്‍ട്ട് എന്നിവയ്ക്കുള്ള അവസരം ലഭിക്കും. ഫോണ്‍  9544958182.

ഗതാഗത നിരോധനം
പുതുക്കട – ചിറ്റാര്‍ റോഡില്‍ ടാറിംഗ് നടക്കുന്നതിനാല്‍ ജൂലൈ 18ന് ഗതാഗതം പൂര്‍ണമായി നിരോധിക്കും. പെരുനാട് ഭാഗത്ത് നിന്നും ചിറ്റാര്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ പെരുനാട്-മാമ്പാറ-മണിയാര്‍ റോഡ് വഴിയും ഭാരവാഹനങ്ങള്‍ വടശ്ശേരിക്കര-മണിയാര്‍ റോഡ് വഴിയും പോകണമെന്ന് ളാഹ പൊതുമരാമത്ത് നിരത്ത് സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

സൗജന്യ പരിശീലനം
പന്തളം മൈക്രോ കോളജില്‍ എം.എസ്.എം.ഇ ഡവലപ്പ്‌മെന്റ് ആന്റ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ  ആഭിമുഖ്യത്തില്‍ ഹൗസ് വയറിംഗില്‍ സൗജന്യ നൈപുണ്യ പരിശീലനം നടത്തുന്നു. ഒരു മാസമാണ് കോഴ്‌സ് ദൈര്‍ഘ്യം. യോഗ്യത – എസ്.എസ്.എല്‍.സി. പ്രായപരിധി 18-50. ഫോണ്‍  9446438028, 9895357217.

വാര്‍ഷിക മസ്റ്ററിങ്
മൈലപ്ര ഗ്രാമപഞ്ചായത്തില്‍ നിന്നും 2025 ഡിസംബര്‍ 31 വരെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍/ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ അനുവദിച്ചിട്ടുള്ള ഗുണഭോക്താക്കള്‍ ജൂലൈ 17 മുതല്‍ സെപ്തംബര്‍ 30 വരെ വാര്‍ഷിക മസ്റ്ററിങ് പൂര്‍ത്തിയാക്കണം. 2025 വര്‍ഷത്തെ വാര്‍ഷിക മസ്റ്ററിങ് 2026 ജൂലൈ 16 വരെ ചെയ്ത ഗുണഭോക്താക്കളും 2026 വര്‍ഷത്തെ മസ്റ്ററിംഗ് ഈ കാലയളവില്‍ തന്നെ പൂര്‍ത്തിയാക്കണം. മസ്റ്ററിങ് പരാജയപ്പെടുന്നവര്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ഹാജരാക്കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍  0468 2222340, 9496042677.

പി.എസ്.സി പ്രായോഗിക പരീക്ഷ
കേരള എക്‌സൈസ് ആന്‍റ് പ്രൊഹിബിഷന്‍ വകുപ്പില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍ (കാറ്റഗറി നമ്പര്‍ 386/2025) തസ്തികയുടെ 2026 മെയ് 21 ന് നിലവില്‍ വന്ന ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ ജൂലൈ 22, 23, 24 തീയതികളില്‍ പ്രായോഗിക പരീക്ഷ നടത്തുമെന്ന് പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍  0468 2222665.

അതിഥി അധ്യാപക നിയമനം
വെച്ചുച്ചിറ സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ ലക്ചറര്‍ ഇന്‍ മാത്തമറ്റിക്സ് തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. യോഗ്യത – ബന്ധപ്പെട്ട വിഷയത്തില്‍ 60 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം, പി.എച്ച്.ഡി/നെറ്റ്. ഇവരുടെ അഭാവത്തില്‍ 60 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം ഉള്ള ഉദ്യോഗാര്‍ഥികളെയും പരിഗണിക്കും. ഉദ്യോഗാര്‍ഥികള്‍ ബയോഡേറ്റ, മാര്‍ക്ക് പട്ടിക, എസ്.എസ്.എല്‍.സി/തത്തുല്യം, യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂലൈ 22 രാവിലെ 10 ന് വെച്ചുച്ചിറ സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍ ടെസ്റ്റ്/അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍  04735 266671.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ടി.ജി മോഹൻദാസ് ഒളിവിൽ പോകാൻ സാധ്യതയുണ്ടെന്ന് പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്

0
തിരുവനന്തപുരം: ആര്‍എസ്എസ് സൈദ്ധാന്തികന്‍ ടി.ജി മോഹൻദാസ് ഒളിവിൽ പോകാൻ സാധ്യതയുണ്ടെന്ന് പോലീസിന്റെ...

പഞ്ചായത്ത് യോഗത്തിനെത്തിയ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കുഴഞ്ഞുവീണു മരിച്ചു

0
കണ്ണൂര്‍: കണ്ണൂരില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു. ചൊക്ലി പഞ്ചായത്തിലെ...

ബിജെപിയിലെ ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ പാർട്ടി കോർ കമ്മിറ്റിയിൽ രൂക്ഷ വിമർശനം

0
തിരുവനന്തപുരം: ബിജെപിയിലെ ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ പാർട്ടി കോർ കമ്മിറ്റിയിൽ രൂക്ഷ...

അർജുൻ ആയങ്കിയുടെ ജാമ്യം റദ്ദാക്കാൻ പോലീസ് റിപ്പോർട്ട്‌ നൽകും

0
കണ്ണൂർ: അർജുൻ ആയങ്കിയുടെ ജാമ്യം റദ്ദാക്കാൻ പോലീസ് റിപ്പോർട്ട്‌ നൽകും. എറണാകുളത്തെ...