വായനപക്ഷാചരണം ജില്ലാതല ഉദ്ഘാടനം ജൂണ്‍ 19 ന്
ജില്ല ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ വായനപക്ഷാചരണം ജില്ലാതല ഉദ്ഘാടനം ജൂണ്‍ 19 ന് രാവിലെ 10.30 പത്തനംതിട്ട മാര്‍ത്തോമ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ജില്ല കളക്ടര്‍ എ നിസാമുദ്ദീന്‍ നിര്‍വഹിക്കും. ജില്ല ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ പി രാധാകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ എക്സിക്യൂട്ടീവ് അംഗം പി ആര്‍ പ്രസാദ് വായനാസന്ദേശം നല്‍കും. ജില്ല ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി ജി ആനന്ദന്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഹേമ മേരി മാത്യു എന്നിവര്‍ പങ്കെടുക്കും.
കേരള പ്രവാസി കമ്മീഷന്‍ ജില്ല അദാലത്ത് ജൂണ്‍ 23 ന്
കേരള പ്രവാസി കമ്മീഷന്‍ ജില്ല അദാലത്ത് ജൂണ്‍ 23 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചെയര്‍പേഴ്സണ്‍ ജസ്റ്റിസ് സോഫി തോമസിന്റെ അധ്യക്ഷതയില്‍ നടക്കും. ഔപചാരിക വാദം കേള്‍ക്കല്‍, സാക്ഷികളെ വിസ്തരിക്കല്‍, വകുപ്പുതല രേഖകള്‍ പരിശോധിക്കല്‍ എന്നിവ അദാലത്തിലുണ്ടാകും. പ്രവാസി ഇന്ത്യക്കാരുടെ കമ്മീഷന്‍ ആക്ട് പ്രകാരം രൂപീകരിച്ച നിയമാനുസൃത സ്ഥാപനമാണ് കേരള പ്രവാസി കമ്മീഷന്‍. കമ്മീഷന് സിവില്‍ കോടതിയുടെ അധികാരങ്ങളുണ്ട്. പ്രവാസി അംഗങ്ങള്‍ സമര്‍പ്പിക്കുന്ന പരാതികള്‍ക്ക് വേഗത്തില്‍ പരിഹാരം ഉറപ്പാക്കുന്നതിനാണ് കമ്മീഷന്‍ പ്രതിമാസ ജില്ല അദാലത്തുകള്‍ നടത്തുന്നത്.
സ്‌പെഷ്യല്‍ ലോക് അദാലത്ത് ജൂലൈ 18 ന്
കേരള സംസ്ഥാന ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെയും പത്തനംതിട്ട ജില്ല ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെയും ആഭിമുഖ്യത്തില്‍ നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ്‌സ് ആക്ടിന്റെ പരിധിയില്‍ വരുന്ന കേസുകള്‍ പരിഗണിക്കുന്നതിന് ജൂലൈ 18 ന് സ്‌പെഷ്യല്‍ ലോക് അദാലത്ത് നടത്തുന്നു. പത്തനംതിട്ട ജില്ല കോടതി സമുച്ചയത്തിലും തിരുവല്ല, റാന്നി, അടൂര്‍ കോടതി സമുച്ചയങ്ങളിലുമാണ് അദാലത്ത്. ജില്ലയിലെ വിവിധ ദേശസാല്‍കൃത ബാങ്കുകള്‍, സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍, മറ്റ് സ്ഥാപനങ്ങള്‍, വ്യക്തികള്‍, നിലവില്‍ ജില്ല നിയമ സേവന അതോറിറ്റി മുമ്പാകെയും താലൂക്ക് നിയമ സേവന കമ്മിറ്റികള്‍ മുമ്പാകെയും കോടതി മുമ്പാകെയും പരിഗണനയിലുള്ളതും ഇനിയും ഫയല്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നതുമായ നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റസ് ആക്ട് പരിധിയില്‍ വരുന്ന കേസുകള്‍ എന്നിവ പരിഗണിക്കും. വിവരങ്ങള്‍ക്ക് അതാത് താലൂക്ക് ലീഗല്‍ സര്‍വീസസ് സമിതികളുമായി ബന്ധപ്പെടണം. ഫോണ്‍ 0468 2220141.
ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്
കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍ നടത്തുന്ന ഒരു വര്‍ഷം, ആറ് മാസം ദൈര്‍ഘ്യമുള്ള ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് കോഴ്‌സിലേക്ക് പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍ 7994449314.
—
ഗസ്റ്റ് ട്രേഡ്‌സ്മാന്‍
വെണ്ണിക്കുളം സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍ സിവില്‍ എഞ്ചിനീയറിംഗ് (രണ്ട് ഒഴിവ്), മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് (ഒരു ഒഴിവ് ) വിഭാഗങ്ങളില്‍ ഗസ്റ്റ് ട്രേഡ്‌സ്മാന്‍ തസ്തികകളിലെ താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട ട്രേഡിലുള്ള ഐ.ടി.ഐ/കെ.ജി.സി.ഇ/ടി.എച്ച്.എസ്.എല്‍.സി ആണ് യോഗ്യത. ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി സിവില്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ജൂണ്‍ 19 രാവിലെ 10 നും മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ രാവിലെ 11 നും കോളജില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍ 0469 2650228.
പട്ടികജാതി പട്ടികവര്‍ഗ വികസന സമിതിയോഗം ജൂണ്‍ 20ന്
ജില്ലാതല പട്ടികജാതി പട്ടികവര്‍ഗ വികസന സമിതി യോഗം ജൂണ്‍ 20 ഉച്ചയ്ക്ക് രണ്ടിന് കളക്ടറേറ്റ് ഗവി കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. ഫോണ്‍ 0468 2222725.
—
അസിസ്റ്റന്റ് പ്രൊഫസര്‍ താല്‍ക്കാലിക നിയമനം
ഐ.എച്ച്.ആര്‍.ഡി യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അടൂര്‍ എഞ്ചിനീയറിംഗ് കോളജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ (മാത്തമാറ്റിക്‌സ്) തസ്തികയില്‍ താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യു ജി സി യോഗ്യതയുള്ളവര്‍ ജൂണ്‍ 19 രാവിലെ 11ന് കോളജ് കാര്യാലയത്തില്‍ അഭിമുഖത്തിന് ഹാജരാകണം. വെബ്‌സൈറ്റ് www.cea.ac.in. ഫോണ്‍ 04734 231995.
—
റേഡിയോഗ്രാഫര്‍ കരാര്‍ നിയമനം
റാന്നി പെരുനാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ റേഡിയോഗ്രാഫര്‍ തസ്തികയില്‍ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഉദ്യോഗാര്‍ഥികള്‍ ബയോഡേറ്റയും പാരാമെഡിക്കല്‍ കൗണ്‍സില്‍ സര്‍ട്ടിഫിക്കറ്റും സഹിതം ജൂണ്‍ 26 വൈകിട്ട് മൂന്നിന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണം. റാന്നി പെരുനാട് ഗ്രാമപഞ്ചായത്തില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന. ഫോണ്‍ 04735 240478.
—
ഡ്രൈവര്‍ താല്‍ക്കാലിക നിയമനം
മൈലപ്ര പ്രാഥമികാരോഗ്യകേന്ദ്രത്തിലെ പാലിയേറ്റീവ് ഹോം കെയറിലേക്ക് ആംബുലന്‍സ് ഡ്രൈവറെ ദിവസവേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നു. പ്രായപരിധി 18-41. യോഗ്യത എസ്.എസ്.എല്‍.സി, ഹെവി ലൈസന്‍സ് നിര്‍ബന്ധം. നിയമനം പരമാവധി 179 ദിവസം. പ്രവൃത്തി പരിചയമുള്ളവര്‍ക്കും മൈലപ്ര പഞ്ചായത്ത് പരിധിയിലുള്ളവര്‍ക്കും മുന്‍ഗണന. അവസാന തീയതി ജൂണ്‍ 25.
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വിവിധ ഒഴിവുകള്‍
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എക്കോ ആന്റ് റ്റി.എം.റ്റി ടെക്‌നീഷ്യന്‍ (ഒരു ഒഴിവ്, യോഗ്യത- ബി സി വി ടി ബിരുദം അല്ലെങ്കില്‍ ഡി സി വി ടി ഡിപ്ലോമ, കേരള പാരാ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍, കാത്ത്‌ലാബ് ടെക്‌നീഷ്യനായി കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം) ഇ.സി.ജി ടെക്‌നീഷ്യന്‍ (മൂന്ന് ഒഴിവ്, യോഗ്യത- സര്‍ട്ടിഫിക്കറ്റ് ഇന്‍ ഇ.സി.ജി ആന്റ് ഓഡിമെട്രിക് ടെക്‌നോളജി, കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം) തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. പ്രായപരിധി 20 – 40. പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണ. യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റ്, സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജൂണ്‍ 19 ഉച്ചക്ക് രണ്ടിന് ആശുപത്രി സൂപ്രണ്ടിന്റെ ചേംബറില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ 9497713258.
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരെ താല്‍ക്കാലികമായി നിയമിക്കുന്നു. പ്രായ പരിധി 40. മൂന്ന് ഒഴിവുകളുണ്ട്. യോഗ്യത പ്ലസ് ടു, അംഗീകൃത സ്ഥാപനത്തില്‍ നിന്നും ലഭിച്ച ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം. എം.എസ്.വേഡ്, എക്സല്‍ എന്നിവയില്‍ പ്രവൃത്തി പരിചയം അഭികാമ്യം. യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റ്, സാക്ഷ്യപ്പെടുത്തിയ പകര്‍പുകള്‍ സഹിതം ജൂണ്‍ 23 രാവിലെ 11.30 ന് ആശുപത്രി സൂപ്രണ്ടിന്റെ ചേംബറില്‍ അഭിമുഖത്തിന് ഹാജരാകണം. തിരഞ്ഞെടുക്കപ്പെടുന്നവരില്‍ ഇംഗ്ലീഷ് ആന്റ് മലയാളം ടൈപ്പിംഗ് നടത്തി അവസാന പട്ടിക പ്രസിദ്ധീകരിക്കും. 15 ല്‍ കൂടുതല്‍ ഉദ്യോഗാര്‍ത്ഥികളുണ്ടെങ്കില്‍ എഴുത്ത് പരീക്ഷ നടത്തും. ഫോണ്‍ 9497713258.
അതിഥി അധ്യാപക നിയമനം
വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍ ഒഴിവുളള തസ്തികകളില്‍ ദിവസവേതന അടിസ്ഥാനത്തില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. ലക്ചറര്‍ ഇന്‍ ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ് (യോഗ്യത – ബന്ധപ്പെട്ട വിഷയത്തില്‍ ബി.ടെക് ഒന്നാം ക്ലാസ്), ഡമോണ്‍സ്‌ട്രേറ്റര്‍ ഇന്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് (യോഗ്യത – ബന്ധപ്പെട്ട വിഷയത്തില്‍ ഡിപ്ലോമ), ട്രേഡ്‌സ്മാന്‍ ഇന്‍ ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ് (യോഗ്യത – ബന്ധപ്പെട്ട വിഷയത്തില്‍ ഐ.ടി.ഐ/ഡിപ്ലോമ) തസ്തികകളിലാണ് നിയമനം. ഉദ്യോഗാര്‍ഥികള്‍ ബയോഡേറ്റാ, മാര്‍ക്ക് ലിസ്റ്റ്, പത്താം തരം/തത്തുല്യം, യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ 22 രാവിലെ 10 ന് കോളജ് കാര്യാലയത്തില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ 04735 266671.































