തിരുവനന്തപുരം : നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കാൻ സർക്കാർ തീരുമാനം. വെളളിയാഴ്ച (ഒക്ടോബർ -10) വരെ നിശ്ചയിച്ചിരുന്ന സമ്മേളനമാണ് നാളെ അവസാനിപ്പിക്കുക. വെളളിയാഴ്ച പരിഗണിക്കേണ്ട ബില്ലുകൾ നാളെ പാസാക്കും. ശബരിമല സ്വർണപ്പാളി മോഷണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം സഭയിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുകയും അത് സഭ സ്തംഭിപ്പിക്കുന്ന സാഹചര്യത്തിലേക്ക് നീങ്ങുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. നിയമനിർമാണ പ്രക്രിയകൾ പൂർത്തിയാക്കികൊണ്ട് നാളെ തന്നെ സഭാ സമ്മേളനം അവസാനിപ്പിക്കാനാണ് ധാരണ. ശബരിമല സ്വർണ മോഷണത്തിൽ നിയമസഭയിൽ നാടകീയ രംഗങ്ങളാണ് ഇന്നും അരങ്ങേറിയത്. മന്ത്രിമാർ ഉൾപ്പെടെ ഭരണ-പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിൽ ഇറങ്ങിയതോടെ അസാധാരണ സംഭവങ്ങൾക്ക് സഭ വേദിയായി.സ്പീക്കറുടെ ഡയസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച പ്രതിപക്ഷ അംഗങ്ങളും വാച്ച് ആന്റ് വാർഡും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. അസാധരണ സംഭവങ്ങൾക്ക് സാക്ഷ്യംവഹിച്ച ഇന്നത്തെ നിയമസഭാ സമ്മേളനത്തിൽ വാ വിട്ട വാക്കുകൾക്കും ഒട്ടും കുറവുണ്ടായിരുന്നില്ല.
പ്രതിപക്ഷത്തിൻെറ സഭാ ബഹിഷ്കരണത്തിന് ശേഷം സഭയിൽ സംസാരിക്കുമ്പോഴാണ് മുഖ്യമന്ത്രിയിൽ നിന്ന് പുതിയ കാലത്തെ രാഷ്ട്രീയ ശരിക്ക് ചേരാത്ത പരാമർശം ഉണ്ടായത്. കണ്ണൂരിലെ പ്രാദേശിക വാമൊഴി വഴക്കം മുഖ്യമന്ത്രിയെ കുരുക്കി. പരാമർശം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തി മുഖ്യമന്ത്രിയിൽ നിന്നുണ്ടായ തെറ്റായ പ്രയോഗവും ഭരണപക്ഷത്തിന് പാഠമായില്ല.ആരോപണങ്ങൾ തെളിയിക്കാൻ പ്രതിപക്ഷത്തെ വെല്ലുവിളിച്ച കടകംപളളി സുരേന്ദ്രനിൽ നിന്ന് വന്നതും ആണഹങ്കാരത്തിൻെറ വാക്കുകളായിരുന്നു. ഭരണപക്ഷത്ത് നിന്നുതന്നെ പിഴവ് ചൂണ്ടിക്കാട്ടിയതോടെ കടകംപളളി പരാമർശം പിൻവലിച്ച് തലയൂരി. പരിധി വിട്ട വാക്കുകളുടെ പേരിൽ ഭരണപക്ഷത്തെ വിമർശിച്ച പ്രതിപക്ഷ നേതാവും സ്വയം അതെ കെണിയിൽ തന്നെ വീണു.





























