പത്തനംതിട്ട : പത്തനംതിട്ട നഗരസഭയുടെ വികസന മുരടിപ്പില്‍ പ്രതിഷേധിച്ച് നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ഭരണ – പ്രതിപക്ഷ അംഗങ്ങള്‍ തമ്മിലുണ്ടായ വാക്കേറ്റത്തെ തുടര്‍ന്ന് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ സഗീര്‍ എ.യുടെ അധ്യക്ഷതയിലാണ് ഇന്ന് യോഗം ആരംഭിച്ചത്. ഓണക്കാലത്ത് പത്തനംതിട്ട ജിയോ ഗ്രൗണ്ടില്‍ സ്വകാര്യ കമ്പനി വ്യാപാര മേള നടത്തുവാന്‍ നഗരസഭയുടെ യാതൊരു അനുമതിയും കൂടാതെ ഷെഡ് കെട്ടിപ്പൊക്കിയിട്ടും നഗരസഭയുടെ ഭാഗത്ത് നിന്നും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു.
നഗരസഭയുടെ ആസ്തി സംരക്ഷിക്കുവാന്‍ പോലും ഭരണ സമിതിക്ക് കഴിയുന്നില്ല. 7 മാസമായി ഭരണസമിതി അധികാരത്തില്‍ വന്നിട്ട്. ഇതിനിടയില്‍ നഗരസഭാ ഭരണം പൂര്‍ണ്ണമായും താറുമാറായെന്ന് പ്രതിപക്ഷ അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. നഗരത്തില്‍ തെരുവ് നായ ശല്യം അതിരൂക്ഷമാണ്. പലയിടത്തും സ്ട്രീറ്റ് ലൈറ്റുകള്‍ കത്തുന്നില്ല. പത്തനംതിട്ട നഗരസഭാ ചെയര്‍പേഴ്സണ്‍ സിന്ധു അനിലിന്റെ വാര്‍ഡില്‍ പോലും സ്ട്രീറ്റ് ലൈറ്റുകള്‍ കത്താത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും പ്രതിപക്ഷ അംഗങ്ങള്‍ ആരോപിച്ചു.
തുടര്‍ന്ന് യോഗം ബഹിഷ്കരിച്ച പ്രതിപക്ഷ അംഗങ്ങള്‍ സഭയുടെ നടുത്തളത്തില്‍ ഇറങ്ങി നിന്ന് മുദ്രാവാക്യം വിളികളുമായി പ്രതിഷേധിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ രാജി വെക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം മുദ്രാവാക്യം വിളിച്ചപ്പോള്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ സിന്ധു അനിലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഭരണ കക്ഷി അംഗങ്ങളും നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു. തുടര്‍ന്ന് സഭയില്‍ നിന്ന് ഇറങ്ങിപ്പോയ ഭരണ – പ്രതിപക്ഷ അംഗങ്ങള്‍ നഗരസഭ ഓഫീസിന് മുന്നില്‍ റോഡിന് ഇരുവശവുമായി നിലയുറപ്പിച്ച് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു.






























