റാന്നി: 1998ല്‍ പഴവങ്ങാടി ഗ്രാമപഞ്ചായത്ത് റാന്നി കെഎസ്ആർടിസി ബസ് സ്റ്റേഷൻ നിര്‍മ്മിക്കാനായി ഏറ്റെടുത്ത സ്ഥലത്തിൻ്റെ ബാധ്യതയായ 9.50 കോടി രൂപ സർക്കാർ ഏറ്റെടുക്കും. ഇതോടെ ജപ്തി നടപടിയിലായ പഴവങ്ങാടി പഞ്ചായത്തിന് ആശ്വാസമാകും. ജപ്തി നടപടിക്കു പിന്നാലെ മുന്‍ പ്രസിഡന്‍റ് അനിതാ അനില്‍കുമാറിന്‍റെ നേതൃത്വത്തില്‍ നല്‍കിയ റിവിഷന്‍ ഹര്‍ജികള്‍ ഹൈക്കോടതിയില്‍ നല്‍കിയിരുന്നു. പഞ്ചായത്ത് കമ്മിറ്റി തീരുമാനപ്രകാരം സെക്രട്ടറി ബി കനകമണിയും, വൈസ് പ്രസിഡണ്ട് ജോൺ എബ്രഹാം, അംഗം ബിജി വർഗീസ്, അസിസ്റ്റന്റ് സെക്രട്ടറി കെ പ്രദീപ് എന്നിവര്‍ ചേര്‍ന്നും ആയിരുന്നു ഹര്‍ജി നല്‍കിയത്.
ഡിപ്പാര്‍ട്ടുമെന്‍റ് തര്‍ക്ക കേസുകളിലെ വിധിക്കടം തീർക്കുന്നതിനുള്ള ബാധ്യത ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ അന്തർ വകുപ്പുതല തർക്കപരിഹാര കമ്മിറ്റിയാണ് തീരുമാനമെടുത്തത്. ഇതിൻ്റെ വിധിയുടെ അടിസ്ഥാനത്തിലാണ് തർക്കപരിഹാര കമ്മറ്റി ചേർന്നത്. പൊതുമരാമത്തു വകുപ്പും കെഎസ്ആർടിസിയും പഞ്ചായത്തും ബാധ്യത ഏറ്റെടുക്കാൻ ആകില്ല എന്ന് കമ്മിറ്റിയിൽ അറിയിച്ചു. തുടർന്ന് സർക്കാർ പുറമ്പോക്കാക്കി മാറ്റി റവന്യൂ വകുപ്പിന് ഭൂമി ഏറ്റെടുക്കാമെന്ന് ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി നിര്‍ദേശിക്കുകയും പ്രിൻസിപ്പൽ സെക്രട്ടറിയും റവന്യൂ വകുപ്പും ഇതേ നിർദ്ദേശം അംഗീകരിക്കുകയുമായിരുന്നു. ഭൂമിയിൽ ശബരിമല ഇടത്താവള നിർമ്മാണത്തിനായി പൈലിങ് ജോലികൾ തുടങ്ങിയത് മുൻനിർത്തിയാണ് യോഗം ഇത്തരം തീരുമാനം എടുത്തത്.
ഇട്ടിയപ്പാറ സ്വകാര്യ ബസ് സ്റ്റാൻഡിനോട് ചേർന്നുള്ള സ്ഥലമാണ് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റേഷന്‍, ശബരിമല ഇടത്താവളം എന്നിവയ്ക്കായി ഏറ്റെടുത്തത്. ആദ്യം പഴവങ്ങാടി പഞ്ചായത്ത് ഭൂമി ഏറ്റെടുത്ത് നൽകാനാണ് തദ്ദേശ സ്വയംഭരണ വകുപ്പ് അനുമതി നൽകിയത്. എന്തെങ്കിലും വ്യവഹാരം ഉണ്ടായാൽ അതിൻ്റെ പൂർണ ഉത്തരവാദിത്വം പഞ്ചായത്തിന് ആണെന്നും ഉത്തരവിൽ പറഞ്ഞിരുന്നു. എന്നാൽ പഞ്ചായത്തിൻ്റെ സാമ്പത്തിക സ്ഥിതി അനുകൂലമല്ലാത്തതിനാൽ നിർമ്മിക്കുന്നതിന് സർക്കാർ അനുവദിച്ച തുകയിൽ 72 ലക്ഷത്തി 69,000 രൂപ ചെലവഴിച്ചാണ് ഭൂമി ഏറ്റെടുത്തത്. മാർക്കറ്റ് വില ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി പിന്നീട് ഉടമകൾ കോടതിയെ സമീപിക്കുകയായിരുന്നു. കോടതി ഉടമകൾക്ക് അനുകൂലമായി വിധി പ്രഖ്യാപിക്കുകയും ചെയ്തു. ഇതോടെ വിധി തീര്‍ക്കാനുള്ള ബാധ്യത പഞ്ചായത്തിന്റെ പേരിൽ വന്നു. പണം നൽകാത്തിനെ തുടർന്ന് പഞ്ചായത്തിൻ്റെ ആസ്തി കോടതി ഉത്തരവുപ്രകാരം ചെയ്തിരിക്കുകയാണ്. വിധി നടപ്പില്‍ വരുത്തുന്നതോടെ മുടങ്ങി കിടക്കുന്ന ബസ് സ്റ്റേഷന്‍ നിര്‍മ്മാണവും ഇടത്താവള നിര്‍മ്മാണവും ആരംഭിക്കാന്‍ കഴിയും.