കൊല്ലം : സംസ്ഥാന സർക്കാരുമായുള്ള പോര് രൂക്ഷമാക്കി ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാൻ. തദ്ദേശ സ്ഥാപനങ്ങളിലെ വാർഡുകളുടെ എണ്ണം വർധിപ്പിക്കാനുള്ള ഓർഡിനൻസിൽ ഒപ്പിടാൻ ഗവർണ്ണർ വിസമ്മതം അറിയിച്ചു. പൗരത്വ നിയമത്തിനെതിരായ പ്രമേയം പോലെ ഇതും നിയമസഭയിൽ കൊണ്ട് വന്ന് പാസാക്കിക്കൂടെയെന്ന് തദ്ദേശമന്ത്രി എ.സി മൊയ്തീനോട് ഗവർണർ നേരിട്ട് ചോദിച്ചു. ഗവർണർ എന്ത് കൊണ്ടാണ് ഇത്തരത്തിൽ പറഞ്ഞതെന്ന് അറിയില്ലെന്ന് എ.സി മൊയ്തീൻ പ്രതികരിച്ചു.
സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിൽ ഓരോ വാർഡുകൾ വർധിപ്പിക്കാൻ തീരുമാനമെടുത്ത് സർക്കാർ അയച്ച ഓർഡിനൻസിൽ ഒപ്പിടാനാണ് ഗവർണർ വിസമ്മതിച്ചത്. രാവിലെ കൊല്ലത്ത് ഒരു ചടങ്ങിൽ വച്ച് കണ്ട മന്ത്രി എ.സി മൊയ്തീനോട് നേരിട്ട് തന്നെ ഗവർണർ ഇക്കാര്യം അറിയിച്ചു. പൗരത്വ നിയമത്തിനെതിരെ നിയമസഭ പ്രമേയം പാസാക്കിയത് ചൂണ്ടിക്കാണിച്ചായിരുന്നു ഗവർണറുടെ പ്രതികരണം. പ്രമേയം പാസാക്കിയത് പോലെ ഇതും നിയമസഭയിൽ കൊണ്ട് വന്ന് നിയമമാക്കിക്കൂടെയെന്ന പരിഹാസവും ഗവർണർ നടത്തിയതായാണ് വിവരം. ഓർഡിനൻസിൽ ഒപ്പിടരുതെന്ന് പ്രതിപക്ഷവും ഗവർണറോട് ആവശ്യപ്പെട്ടിരുന്നു.
ഗവർണറുടെ ഇടപെടലോടെ വാർഡ് വിഭജനം പ്രതിസന്ധിയിലായി. ഗവർണർ ഓർഡിനൻസ് തിരിച്ചയച്ചിരുന്നെങ്കിൽ വീണ്ടും മന്ത്രിസഭ പരിഗണിച്ച് ഗവർണർക്ക് അയക്കുകയോ നിയമസഭ ആരംഭിക്കുമ്പോൾ ബിൽ അവതരിപ്പിക്കുകയോ ചെയ്യാമായിരുന്നു. എന്നാൽ ഓർഡിനൻസിൽ ഒപ്പിടാതെ ഗവർണർ വിസമ്മതം അറിയിച്ചിരിക്കുന്നതാണ് സർക്കാരിന് മുന്നിൽ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. ഗവർണറുടെ നടപടിയെ ചോദ്യം ചെയ്യുന്നില്ലെന്നായിരുന്നു മന്ത്രി എ.സി മൊയ്തീന്റെ പ്രതികരണം. അതേസമയം ഓർഡിനൻസിൽ ഒപ്പിടാത്ത ഗവർണറുടെ നടപടിയെ കോൺഗ്രസ് സ്വാഗതം ചെയ്യുന്നുണ്ട്.
പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിലുള്ള അതൃപ്തിയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തുടർച്ചയായി വ്യക്തമാക്കുന്നത്. വാർഡ് വിഭജന ഓർഡിനൻസിൽ ഒപ്പിടാതെ വന്നതോടെ സർക്കാരുമായി നേരിട്ട് പോരിനിറങ്ങുന്നുവെന്ന് സൂചിപ്പിക്കുകയാണ് ഗവര്‍ണര്‍.
പൗരത്വ നിയമ ഭേദഗതിക്കെതിരെ നിയമസഭയിൽ പ്രമേയം പാസാക്കുകയും മിക്ക ജില്ലകളിലും മുഖ്യമന്ത്രി തന്നെ പങ്കെടുത്ത് പൊതുയോഗങ്ങളും സംഘടിപ്പിച്ചതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാരിനെതിരെ സംസ്ഥാനം സുപ്രീം കോടതിയെ സമീപിച്ചത്. നിയമസഭയിലെ പ്രമേയത്തിനെതിരെ പരസ്യമായി എതിർപ്പ് പ്രകടിപ്പിച്ച ഗവർണറെ കൂടുതൽ ചൊടിപ്പിക്കുന്നതായിരുന്നു കോടതിയെ സമീപിച്ച നടപടി. സർക്കാരിനെതിരെയുള്ള തന്റെ പ്രതിഷേധമാണ് വാർഡ് വിഭജന ഓർഡിനൻസിൽ ഒപ്പിടാതെ ഗവർണർ വ്യക്തമാക്കിയിരിക്കുന്നത്.
ഗവർണറുടെ നീക്കത്തിൽ സർക്കാരിന് അതൃപ്തിയുണ്ട്. മന്ത്രിസഭ അംഗീകരിക്കുന്ന ഓർഡിനൻസിൽ വിശദീകരണം തേടി മടക്കുന്ന സാഹചര്യങ്ങൾ നേരത്തെയും ഉണ്ടായിട്ടുണ്ട്. എന്നാൽ രാഷ്ട്രീയ കാരണത്തിന്റെ പേരിൽ ഗവർണർ ഓർഡിനൻസിൽ ഒപ്പിടാതിരിക്കുന്നത് ശരിയായ രീതിയല്ലെന്നാണ് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
തുടർ നടപടി സംബന്ധിച്ച തീരുമാനം ഉടനെ തന്നെ സർക്കാർ എടുത്തേക്കും. പൗരത്വ വിഷയത്തിൽ ആരിഫ് മുഹമ്മദ് ഖാനെ വിമർശിച്ച പ്രതിപക്ഷം ഇക്കാര്യത്തിൽ ഗവർണർക്ക് പിന്തുണ നൽകുന്നുണ്ട്. പ്രതിപക്ഷ അവശ്യം പരിഗണിച്ച് ഒപ്പിടാതിരിക്കുന്നത് സ്വാഗതാർഹമാണെന്നാണ് കോൺഗ്രസ് നിലപാട്.