ചെന്നൈ: തമിഴ്നാട്ടിൽ പൊങ്കലിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ജെല്ലിക്കെട്ടുകൾ ജനങ്ങളിൽ ആവേശം പടർത്തുന്നു. ബുധനാഴ്ച അവനിയാപുരത്ത് നടന്ന ജെല്ലിക്കെട്ടിൽ 700ഒാളം കാളകളെയാണ് ഇറക്കിവിട്ടത്. 730 കാളപിടിയന്മാരും രംഗത്തിറങ്ങി. 75 അംഗങ്ങളുള്ള ബാച്ചുകൾ തിരിച്ചാണ് ഇവരെ കളത്തിലിറക്കിയത്. മത്സരത്തിൽ 72 പേർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ പത്തോളംപേരെ മധുര രാജാജി ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വിജയികളായി പ്രഖ്യാപിക്കപ്പെട്ടവർക്ക് ഉടനടി സമ്മാനങ്ങളും വിതരണം ചെയ്തു. രാവിലെ എട്ടുമണിക്ക് തുടങ്ങിയ മത്സരം വൈകീട്ട് നാലരക്ക് അവസാനിച്ചു. 14 കാളകളെ പിടിച്ച മധുര ജയ്ഹിന്ദുപുരത്തെ വിജയ് മികച്ച കാളപിടിയനായി. മൈതാനത്ത് 50ഒാളം സി.സി.ടി.വി കാമറകൾ സ്ഥാപിച്ചിരുന്നു. വ്യാഴാഴ്ച പാലമേടിലാണ് ജെല്ലിക്കെട്ട്. ലോകപ്രസിദ്ധമായ അലങ്കാനല്ലൂർ ജെല്ലിക്കെട്ട് ജനുവരി 17നാണ്. വിപുലമായ ക്രമീകരണങ്ങളാണ് ഇവിടെ ഏർപ്പെടുത്തിയിരിക്കുന്നത്.
അവനിയാപുരം ജെല്ലിക്കെട്ടിൽ മാർഗനിർദേശങ്ങൾ പാലിക്കപ്പെടുന്നത് ഉറപ്പുവരുത്താൻ റിട്ട ജില്ല ജഡ്ജി മാണിക്യത്തെ നിരീക്ഷകനായി മധുര ഹൈകോടതി ബെഞ്ച് നിയോഗിച്ചിരുന്നു. അവനിയാപുരം ജെല്ലിക്കെട്ട് തടയണമെന്നാവശ്യപ്പെട്ട് കർഷകസംഘം ഭാരവാഹികൾ സമർപ്പിച്ചിരുന്ന ഹരജി സുപ്രീംകോടതി ബുധനാഴ്ച തള്ളി.
നിയമാനുസൃതം നടക്കുന്ന ജെല്ലിക്കെട്ട് മേളകളിൽ ഇടപെടുന്നതിന് കോടതിക്ക് താൽപര്യമില്ലെന്നും ആവശ്യമെങ്കിൽ ഹരജിക്കാർക്ക് മദ്രാസ് ഹൈകോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. കോടതി ഉത്തരവ് ജെല്ലിക്കെട്ട് പ്രേമികൾക്ക് ആശ്വാസം പകർന്നു.