തിരുവനന്തപുരം: കളിയിക്കാവിളയില്‍ എഎസ്ഐയെ വെടിവച്ചു കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് 18 പേര്‍കൂടി കസ്റ്റഡിയില്‍. ബുധനാഴ്ച കളിയിക്കാവിളയില്‍നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നാണു വിവരം. ഇതില്‍ രണ്ടുപേര്‍ തമിഴ്നാട് തിരുനെല്‍വേലി സ്വദേശികളാണ്. കേസിലെ മുഖ്യപ്രതികളായ തൗഫിക്, അബ്ദുള്‍ ഷമീം എന്നിവരുമായി ഇവര്‍ക്കു ബന്ധമുണ്ടെന്നും പോലീസ് പറയുന്നു. കേസിലെ മുഖ്യപ്രതികളായ രണ്ടു പേരെയും കര്‍ണാടകയിലെ ഉഡുപ്പിയില്‍ പിടികൂടിയിരുന്നു. മഹാരാഷ്ട്രയിലെ രത്നഗിരിയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികള്‍ കര്‍ണാടക ഭാഗത്തേക്കു വെരാവല്‍ എക്സ് പ്രസ്സ് ട്രെയിനില്‍ വരുന്നതിനിടയിലാണു തമിഴ്നാട് ക്യു ബ്രാഞ്ച് നല്കിയ വിവരത്തെത്തുടര്‍ന്ന് ഉഡുപ്പി പോലീസ് പിടികൂടിയത്.
തമിഴ്നാട് സ്പെഷ്യല്‍ എഎസ്ഐ വില്‍സണെ കളിയിക്കാവിളയിലെ കേരള- തമിഴ്നാട് അതിര്‍ത്തി ചെക്ക്പോസ്റ്റില്‍ കടന്നുകയറി വെട്ടിയും കുത്തിയും വെടിവച്ചും കൊലപ്പെടുത്തിയ നാഗര്‍കോവില്‍ സ്വദേശികളായ തൗഫിക്, അബ്ദുള്‍ ഷമീം എന്നിവരാണു പിടിയിലായത്. പോലീസ് ഇവരെ വിശദമായി ചോദ്യംചെയ്തുവരുന്നു. ഇവരുടെ തീവ്രവാദ ബന്ധം അടക്കമുള്ള വിവരങ്ങള്‍ ലഭ്യമായിട്ടുണ്ട്. കൊലപാതക ശേഷം കേരളത്തിലേക്കു കടന്ന പ്രതികളെ പിടികൂടാനായി തമിഴ്നാട് പോലീസും കേരള പോലീസും സംയുക്തമായി അന്വേഷണം നടത്തിവരികയായിരുന്നു.