തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാലയില്‍ സി.പി.എമ്മിന്റെ രണ്ട് സിന്‍ഡിക്കേറ്റoഗങ്ങള്‍ സ്വന്തം ഇഷ്ടപ്രകാരം നിയമിച്ച 100പേരെ പുറത്താക്കി സര്‍ക്കാരിന് കനത്ത തിരിച്ചടി നല്‍കാന്‍ ഗവര്‍ണര്‍. സി.പി.എമ്മിന്റെ മുന്‍ എം.പി അടക്കമുള്ളവര്‍ ഇപ്പോള്‍ സിന്‍ഡിക്കേറ്റിലുണ്ട്. ഇവരാണ് നിയമനക്രമക്കേടിന് ചുക്കാന്‍ പിടിച്ചത്. വൈസ്ചാന്‍സലറുടെ അനുമതിയില്ലാതെ നിയമനത്തിന് വിജ്ഞാപനമിറക്കിയ രജിസ്ട്രാര്‍ പ്രവീണിനെ സസ്പെന്‍ഡ് ചെയ്യാനും ഗവര്‍ണര്‍ നടപടി തുടങ്ങി. ഉന്നതവിദ്യാഭ്യാസ രംഗത്തെ അപചയം ദേശീയ തലത്തില്‍ ചര്‍ച്ചയാക്കിയ ഗവര്‍ണര്‍, സാങ്കേതിക സര്‍വകലാശാലയിലെ വഴിവിട്ട നിയമനങ്ങള്‍ റദ്ദാക്കി വീണ്ടും സര്‍ക്കാരിന് തിരിച്ചടി നല്‍കാനൊരുങ്ങുകയാണ്.
സര്‍വകലാശാലയുടെ ക്രമവിരുദ്ധമായ ഏത് ഉത്തരവുകളും നടപടിയും റദ്ദാക്കാനും സസ്പെന്‍ഡ് ചെയ്യാനും ചാന്‍സലര്‍ക്ക് അധികാരമുണ്ട്. സര്‍വകലാശാലാ നിയമപ്രകാരമുള്ള ഈ അധികാരമുപയോഗിച്ച് നിയമനവിജ്ഞാപനം റദ്ദാക്കാനാണ് ഗവര്‍ണര്‍ ഒരുങ്ങുന്നത്.54 അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫ്, 19 ഇ-ഗവേണന്‍സ് സപ്പോര്‍ട്ട് സ്റ്റാഫ്, 9 ഓഫീസ് അറ്റന്‍ഡര്‍മാര്‍, 4 ഡ്രൈവര്‍മാര്‍, 8 സ്വീപ്പര്‍മാര്‍ എന്നിവരെയാണ് ക്രമവിരുദ്ധമായി നിയമിച്ചത്. മുന്‍കാലങ്ങളില്‍ പരീക്ഷയുടെയും സാങ്കേതിക പരിജ്ഞാന പരിശോധനയുടെയും അടിസ്ഥാനത്തിലായിരുന്നു ഇത്തരം നിയമനങ്ങള്‍.
അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് സിന്‍ഡിക്കേറ്രംഗങ്ങള്‍ വേണ്ടപ്പെട്ടവരെ നിയമിച്ചത്. പിന്‍വാതില്‍ നിയമനം നേടിയവരില്‍ സിന്‍ഡിക്കേറ്റംഗങ്ങളുടെ അയല്‍ക്കാര്‍, മുന്‍മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗം, സര്‍വകലാശാലാ എംപ്ലോയീസ് യൂണിയന്റെ വൈസ് പ്രസിഡന്റിന്റെ അളിയന്‍, കേരള സര്‍വകലാശാലയിലെ ഇടത് സംഘടനയുടെ നേതാവിന്റെ ഭാര്യ എന്നിവരുള്ളതായി വൈസ്ചാന്‍സലര്‍ പ്രൊഫ. സിസാ തോമസ് ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. വീണ്ടും 100പേരെക്കൂടി നിയമിക്കാനുള്ള നീക്കവും ഗവര്‍ണര്‍ തടയും.
സി.പി.എം സിന്‍ഡിക്കേറ്റങ്ങള്‍ നിയമിച്ചവരെ പിരിച്ചുവിട്ട് പി.എസ്.സിയുടെ സര്‍വകലാശാലാ അസിസ്റ്റന്റ് റാങ്ക് ലിസ്റ്റില്‍ നിന്നോ എംപ്ലോയ്മെന്റ് എക്സ്‌ചേഞ്ചില്‍ നിന്നോ താത്കാലിക ജീവനക്കാരെ നിയമിക്കാന്‍ ഗവര്‍ണര്‍ വി.സിക്ക് നിര്‍ദ്ദേശം നല്‍കും. കാലിക്കറ്റ് സര്‍വകലാശാലയില്‍ സമാനമായ ക്രമക്കേടുണ്ടായപ്പോള്‍, യൂണിവേഴ്സിറ്റി അസിസ്റ്റന്റ് റാങ്ക് ലിസ്റ്റിലുള്ളതില്‍ താത്പര്യമുള്ളവരെ താത്കാലിക അടിസ്ഥാനത്തില്‍ നിയമിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
പി.എസ്.സി പരീക്ഷയില്‍ യോഗ്യത നേടി റാങ്ക് പട്ടികയില്‍ ഇടംപിടിച്ചവരെ നിയമിക്കുന്നതാണ് ഉചിതമെന്നാണ് ഗവര്‍ണറുടെ നിലപാട്. ഇ-ഗവേണന്‍സ് സപ്പോര്‍ട്ട് സ്റ്റാഫ് അടക്കം സാങ്കേതിക പരിജ്ഞാനം വേണ്ട തസ്തികകളില്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനം നടത്താം.
സിന്‍ഡിക്കേറ്റംഗങ്ങള്‍ പിന്‍വാതിതിലൂടെ നിയമിച്ച ഇ-ഗവേണന്‍സ് സപ്പോര്‍ട്ട് സ്റ്റാഫില്‍ കമ്ബ്യൂട്ടര്‍ പരിജ്ഞാനമില്ലാത്ത നിരവധി പേരുണ്ട്. നിയമനങ്ങളിലെ ക്രമക്കേടുകള്‍ വി.സിയുടെ റിപ്പോര്‍ട്ടില്‍ അക്കമിട്ട് നിരത്തിയിട്ടുണ്ട്. അതിനാല്‍ ഇനി യൂണിവേഴ്സിറ്റിയുടെ വിശദീകരണം തേടാതെ ഗവര്‍ണര്‍ക്ക് നടപടിയെടുക്കാം. നിയമനത്തിനിറക്കിയ വിജ്ഞാപനം അസാധുവായി പ്രഖ്യാപിക്കാനാണ് ഗവര്‍ണര്‍ക്ക് ലഭിച്ചിട്ടുള്ള നിയമോപദേശം. ഇതോടെ ക്രമവിരുദ്ധ നിയമനങ്ങളെല്ലാം റദ്ദാവും. സാങ്കേതിക സര്‍വകലാശാലാ നിയമപ്രകാരം ഏത് ഉത്തരവും വിജ്ഞാപനവും റദ്ദാക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമുണ്ട്.
തന്നെ അറിവോ സമ്മതമോ ഇല്ലാതെയാണ് വിജ്ഞാപനമിറക്കിയതെന്ന് വി.സി ഗവര്‍ണറെ അറിയിച്ചിട്ടുണ്ട്. വൈസ്ചാന്‍സലറായിരുന്ന ഡോ.എം.എസ് രാജശ്രീ കരാര്‍ നിയമനത്തിന് വിജ്ഞാപനമിറക്കാന്‍ അനുമതി നല്‍കിയിരുന്നില്ല. നവംബര്‍ നാലിനാണ് പ്രൊഫ. സിസാ തോമസ് വി.സിയായി ചുമതലയേറ്റത്. വി.സിയുടെ അറിവോടെയല്ലാതെ 8ന് രജിസ്ട്രാര്‍ നിയമന വിജ്ഞാപനമിറക്കി. സര്‍വകലാശാല ഏത് ഉത്തരവോ വിജ്ഞാപനമോ സര്‍ക്കുലറോ പുറത്തിറക്കേണ്ടത് വൈസ്ചാന്‍സലറുടെ അനുമതിയോടെയായിരിക്കണം.
മുന്‍ വൈസ്ചാന്‍സലറുടെ അനുമതിയോടെയാണ് വിജ്ഞാപനമിറക്കിയതെന്ന രജിസ്ട്രാറുടെ വാദം കളവാണ്. നിയമസാധുതയില്ലാത്ത ഈ വിജ്ഞാപനം റദ്ദാക്കപ്പെടേണ്ടതാണെന്നും നിലവിലെ കരാര്‍ ജീവനക്കാരുടെ കാലാവധി നീട്ടി നല്‍കുന്നത് വിശദമായ പരിശോധനയ്ക്കും വ്യക്തിഗത അവലോകനത്തിനും ശേഷമായിരിക്കുമെന്നും വി.സി ഗവര്‍ണറെ അറിയിച്ചിട്ടുണ്ട്. യൂണിവേഴ്സിറ്റിയില്‍ സ്ഥിരം ജീവനക്കാര്‍ 57 മാത്രമാണ്. 100 അസിസ്റ്റന്റ് തസ്തിക അനുവദിക്കണമെന്ന് സര്‍വകലാശാല ആവശ്യപ്പെട്ടെങ്കിലും 25 എണ്ണമേ സര്‍ക്കാര്‍ അനുവദിച്ചുള്ളൂ. വാഴ്സിറ്റിയുടെ സുഗമമായ പ്രവര്‍ത്തനത്തിന് താത്കാലിക ജീവനക്കാര്‍ കൂടിയേതീരൂ.
നിലവിലെ സര്‍വകലാശാലാ അസിസ്റ്രന്റ് പി.എസ്.സി ലിസ്റ്റില്‍ നിന്ന് താത്കാലികാടിസ്ഥാനത്തില്‍ നിയമിക്കാന്‍ കാലിക്കറ്റ് വാഴ്സിറ്റിയിലെ കേസില്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതുപ്രകാരം സാങ്കേതിക സര്‍വകലാശാലയിലും കരാര്‍നിയമനം നടത്താം. വി.സിയുടെ അനുമതിയോടെ വിജ്ഞാപനമിറക്കുകയും എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും സാങ്കേതിക വൈദഗ്ദ്ധ്യപരിശോധനയുടെയും അടിസ്ഥാനത്തില്‍ സുതാര്യമായി നിയമനം നടത്തുകയുമാവാം.ഡ്രൈവിംഗില്‍ വൈദഗ്ദ്ധ്യമില്ലാത്തവരെപ്പോലും ഡ്രൈവര്‍മാരായി നിയമിച്ചിരുന്നു. ഈ ഡ്രൈവര്‍ സര്‍വകലാശാലയുടെ പുതിയ ബസ് പോസ്റ്റിലിടിപ്പിച്ച് 20000 രൂപയുടെ നഷ്ടവുമുണ്ടാക്കി.
































