തിരുവനന്തപുരം: സുപ്രീം കോടതി വിധി ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റി വി സിക്ക് മാത്രം എതിരെയല്ല, മറിച്ച് വി സി തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് എതിരെയാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ‘പ്രതിപക്ഷത്തിരിക്കുമ്പോള്‍ മാധ്യമ സിന്‍ഡിക്കേറ്റ് എന്നു പറഞ്ഞതും ഭരണ പക്ഷത്ത് ഇരിക്കുമ്പോള്‍ പുറത്തു കടക്കാന്‍ പറഞ്ഞതും ഞാനല്ല ആരെന്നു നിങ്ങള്‍ക്കറിയാം’- ഗവര്‍ണര്‍ പറഞ്ഞു. മുഖ്യമന്ത്രിക്ക് മറുപടി നല്‍കി കൊണ്ട് രാജ്ഭവനില്‍ വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു ആരിഫ് മുഹമ്മദ് ഖാന്‍.
രാജിവെക്കാത്ത സംസ്ഥാനത്തെ 9 സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതായും ഗവര്‍ണര്‍ പറഞ്ഞു. അടുത്ത മാസം മൂന്നാം തിയതി അഞ്ച് മണിക്കുള്ളില്‍ മറുപടി നല്‍കണമെന്നാണ് നോട്ടീസില്‍ പറയുന്നത്. ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റി, ഡിജിറ്റല്‍ സര്‍വകാലാശാല വിസിമാര്‍ക്കെതിരെയും നടപടി സ്വീകരിക്കും. ചെപ്പടി വിദ്യ കാണിക്കുന്നവരെ നിയന്ത്രിക്കാന്‍ പിപ്പിടി വിദ്യ വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. രാജിവെയ്ക്കണമെന്നുള്ള തന്റെ നിര്‍ദ്ദേശം സര്‍വകലാശാല വിസിമാര്‍ തള്ളിയതിനു പിന്നാലെ രാജ്ഭവനില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഗവര്‍ണറുടെ പരാമര്‍ശം.
കണ്ണൂര്‍ വിസിക്കെതിരായ വിമര്‍ശനത്തെ ഗവര്‍ണര്‍ ന്യായീകരിച്ചു. കുറ്റകൃത്യം ചെയ്തയാളെ ക്രിമിനല്‍ എന്നല്ലാതെ എന്ത് വിളിക്കണമെന്ന് അദ്ദേഹം ചോദിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ ഹൈക്കോടതിയും കണ്ണൂര്‍ വിസിയെ വിമര്‍ശിച്ചു. തന്റെ ഉത്തരവുകള്‍ നടപ്പാക്കുന്നില്ല. കത്തിന് പ്രതികരണം നല്‍കുന്നില്ല. കേരള വൈസ് ചാന്‍സലര്‍ രാഷ്ട്രപതിയെവരെ അവഹേളിച്ചാണ് മറുപടി നല്‍കിയത്. ഞാന്‍ അദ്ദേഹത്തെ അങ്ങോട്ട് ആറുവട്ടം വിളിച്ചു. എന്നാല്‍ തിരിച്ചുവളിക്കാനുള്ള മര്യാദ പോലും കാണിച്ചില്ല. ഭരണഘടനാപരമായ പല കാര്യങ്ങളും നടപ്പാക്കാന്‍ അദ്ദേഹം തയ്യാറായില്ല. യാതൊരു ഓണം പരിപാടിയും തിരുവനന്തപുരത്ത് നടത്തുന്നില്ലെന്നാണ് തന്നോട് പറഞ്ഞത്. എന്നാല്‍ തലസ്ഥാനത്ത് ഓണം നടന്നോ എന്നത് എല്ലവര്‍ക്കും അറിയാം. അതുകൊണ്ടാണ് അട്ടപ്പാടിയില്‍ ആദിവാസികള്‍ക്കൊപ്പം ഓണം ആഘോഷിക്കാന്‍ പോയത്.
സുപ്രീം കോടതി വിധി വളരെ കൃത്യമാണ്. സാങ്കതിക സര്‍വകലാശാല വിസിക്ക് യോഗ്യതയില്ലെന്ന് വ്യക്തമായി പറഞ്ഞു. ആ വിധി കണ്ണൂര്‍ സര്‍വകലാശാല വിസിക്കും ബാധകമാണ്. വിസി തെരഞ്ഞെടുത്ത പ്രക്രിയ നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി പറഞ്ഞു. ആരാണ് യോഗ്യരെന്നും അയോഗ്യരെന്നം പറഞ്ഞത് താന്‍ അല്ല. ഭരണഘടനയും സുപ്രീം കോടതി വിധിയും ഉയര്‍ത്തിപ്പിടിക്കാനുള്ള ബാധ്യത ഗവര്‍ണര്‍ എന്ന നിലയ്ക്ക് തനിക്കുന്നുണ്ട്. 9 പേരുടെ മാത്രമല്ല. മറ്റ് രണ്ട് വിസിമാരുടെ കാര്യവും താന്‍ പഠിക്കുകയാണ്. നിയമോപദേശം തേടിയിട്ടുണ്ട്. താന്‍ ഒരു അഭിഭാഷകനാണെന്നും ദീര്‍ഘ കാലം പ്രവര്‍ത്തിച്ചിട്ടുണ്ടെന്നുമുള്ള കാര്യം മറക്കരുത്. എന്നിരുന്നാലും മുതിര്‍ന്ന പലരില്‍ നിന്നും നിയമോപദേശം തേടിയശേഷമാണ് തീരുമാനം എടുക്കുന്നത്.
സുപ്രീം കോടതി വിധി അനുസരിച്ച് പുതിയ ആളെ തെരഞ്ഞെടുക്കുകയേ വഴിയുള്ളു. രണ്ടു, മൂന്ന് വൈസ് ചാന്‍സലര്‍മാരോട് എനിക്ക് സഹതാപമുണ്ട്. രാജിവെയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടും ആരും രാജിവെച്ചില്ല. അതിനാല്‍ കാരണം കാണിക്കല്‍ നോട്ടിസ് അയച്ചതായി ഗവര്‍ണര്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ പിപ്പിടി പരാമര്‍ശത്തിനെതിരേ ഗവര്‍ണര്‍ രംഗത്തെത്തി. ചെപ്പടി വിദ്യ കാട്ടുന്നവര്‍ക്കെതിരേ കുറച്ചു പിപ്പിടി ആകാമെന്ന് ഗവര്‍ണര്‍ പറഞ്ഞു. രണ്ടു വിസിമാര്‍ക്കെതിരേ കൂടി നടപടിയുണ്ടാകുമെന്ന സൂചന ഗവര്‍ണര്‍ നല്‍കി. ഡിജിറ്റല്‍, ശ്രീനാരായണ വിസിമാരുടെ നിയമനത്തിലും പരിശോധന ആരംഭിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ നിയമോപദേശം തേടിയിട്ടുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.
വൈസ് ചാന്‍സലര്‍മാരെ നിയന്ത്രിക്കുന്നത് എല്‍ ഡി എഫ് ആണെന്ന് ഗവര്‍ണര്‍ പറഞ്ഞു. രാജിവെയ്‌ക്കേണ്ടെന്ന് അവരോട് പറഞ്ഞത് എല്‍ ഡി എഫ് ആണ്. മികച്ച വി സിമാരുണ്ട്. അവരോട് അനുകമ്പയുണ്ട്. പക്ഷേ സുപ്രീം കോടതി വിധിയാണ് പ്രധാനം. വിസിമാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയെന്നും ഗവര്‍ണര്‍ പറഞ്ഞു. സുപ്രീം കോടതിയുടെ എല്ലാ വിധിയും നാടിന്റെ നിയമമാണ്. നടപടി ക്രമം അട്ടിമറിക്കരുത് എന്ന് താന്‍ ആവശ്യപ്പെട്ടതാണ്. കണ്ണൂര്‍ വി സി യുടെ കാര്യത്തില്‍ തനിക്ക് തെറ്റ് പറ്റി. സര്‍ക്കാര്‍ സമര്‍ദം ചെലുത്തിയെന്നും ഗവര്‍ണര്‍ പറഞ്ഞു. അഡ്വക്കേറ്റ് ജനറലും തെറ്റിദ്ധരിപ്പിച്ചു. ഗവര്‍ണറും സര്‍ക്കാരുമായി ഒരു പോരുമില്ല. ഈ പോര് താന്‍ ആരംഭിച്ചതല്ല. സുപ്രീം കോടതി വിധി അതിലേക്ക് വഴിതെളിച്ചതാണ്. തന്നെ സമ്മര്‍ദത്തിലാക്കിയത് അഡ്വക്കേറ്റ് ജനറല്‍ ആണെന്നും ഗവര്‍ണര്‍ പറഞ്ഞു.
നേരത്തെ ചാന്‍സലര്‍ പദവി ഗവര്‍ണര്‍ ദുരുപയോഗം ചെയ്യുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ രാവിലെ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതിന് മറുപടിയെന്ന നിലയിലാണ് ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്തുവന്നത്. സര്‍വകലാശാലകള്‍ക്ക് നേരെ നശീകരണ ലക്ഷ്യത്തോടെയുള്ള യുദ്ധമാണ് ഗവര്‍ണര്‍ നടത്തുന്നത്. ഗവര്‍ണറുടേത് രാഷ്ട്രീയലക്ഷ്യത്തോടെയുള്ള നടപടിയാണ്. അസ്വാഭാവിക തിടുക്കവും അത്യുത്സാഹവുമാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ചെയ്യുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
ഒന്‍പതു സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരോട് രാജി വെക്കാന്‍ ആവശ്യപ്പെട്ട ഗവര്‍ണറുടെ നടപടി സ്വാഭാവിക നീതിയുടെ ലംഘനമാണ്. അക്കാദമികമായ സ്വാതന്ത്ര്യത്തോടെ പ്രവര്‍ത്തിക്കേണ്ട സര്‍വകലാശാലകളുടെ അധികാരത്തിന്മേലുള്ള കടന്നുകയറ്റമാണ് ഗവര്‍ണറുടെ നടപടി. ഇല്ലാത്ത അധികാരം ഉപയോഗിച്ചു കളയാമെന്ന് വിചാരിക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അടിസ്ഥാനപരമായ തത്വങ്ങളെയാണ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ മറക്കുന്നത്. ഇതിന്റെ ഭാഗമായാണ് വിസിമാരോട് രാജി ആവശ്യപ്പെട്ടത്. ഇല്ലാത്ത പദവി ദുരുപയോഗിക്കാന്‍ ചാന്‍സലര്‍ ശ്രമിക്കുകയാണ്. ഗവര്‍ണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണ് എന്നു മാത്രമല്ല, ജനാദിപത്യത്തിന്റെ അന്തസത്തയെ നിരാകരിക്കുന്നതു കൂടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പാലക്കാട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കേവലസാങ്കേതികതയില്‍ തൂങ്ങിയാണ് 9 വിസിമാരോട് ഗവര്‍ണര്‍ ഇറങ്ങിപ്പോകാന്‍ പറഞ്ഞത്. ഇല്ലാത്ത അധികാരം പ്രയോഗിച്ച് കളയാം എന്ന് കരുതരുത്. ഉത്തരത്തെ പിടിച്ചുനിര്‍ത്തുന്നത് താനാണെന്ന് തോന്നുന്ന മൗഢ്യമായിരിക്കും അത്. വിസിമാരുടെ രാജി ആവശ്യപ്പെട്ടതിന് നിയമപരമായ സാധൂകരണം ഇല്ല. സര്‍വകലാശലയിലെ ഫണ്ട് ദുരുപയോഗം, മോശമായ പെരുമാറ്റം എന്നിവയുണ്ടെങ്കിലേ ഒരു വിസിയെ നീക്കം ചെയ്യാന്‍ പറ്റുകയുള്ളു. വിസിമാരെ പുറത്താക്കാന്‍ ഗവര്‍ണര്‍ക്ക് നിയപരമായ അധികാരമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഗവര്‍ണര്‍ പദവി സര്‍ക്കാരിനെ പ്രതിരോധത്തിലും പ്രതിസന്ധിയിലും ആക്കാനുള്ളതല്ല. സര്‍ക്കാരിനെതിരായ നീക്കം നടത്താനും ഉള്ളതല്ല. സംസ്ഥാനത്തിന്റെയും ജനങ്ങളുടേയും ഭരണഘടനയുടേയും അന്തസ്സ് കാത്തു സൂക്ഷിക്കാനുള്ളതാണ്. കേരള സാങ്കേതിക സര്‍വകലാശാല വിസി സംബന്ധിച്ച സുപ്രീംകോടതി വിധിയുടെ മറ പിടിച്ചാണ് 9 സര്‍വകലാശാല വിസിമാരോട് രാജി ആവശ്യപ്പെട്ടിട്ടുള്ളത്. ഗവര്‍ണര്‍ സംഘപരിവാര്‍ ചട്ടുകമായി പ്രവര്‍ത്തിക്കുകയാണ്. സര്‍വകലാശാലകളില്‍ ഗവര്‍ണറാണ് നിയമന അധികാരി. ഈ ഒന്‍പതു സര്‍വകലാശാലകളിലും വി സി നിയമനം ചട്ടവിരുദ്ധമായിട്ടാണ് നടന്നതെങ്കില്‍ പ്രാഥമികമായ ഉത്തരവാദിത്വം ഗവര്‍ണര്‍ക്കു തന്നെയല്ലേ. അതു പ്രകാരം പദവിയില്‍ നിന്നും ഒഴിയേണ്ടത് വിസിമാരാണോ എന്നു ചിന്തിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വിസിമാരെ പുറത്താക്കാന്‍ ഗവര്‍ണര്‍ക്ക് നിയമപരമായ അധികാരമില്ലെന്നും പിണറായി വ്യക്തമാക്കിയിരുന്നു.
































