ചെന്നൈ: കാഞ്ചിപുരത്ത് ഭിന്നശേഷിക്കാരിയായ സര്‍ക്കാര്‍ ഉദ്യോഗസ്ഥ സെപ്റ്റിക് ടാങ്കില്‍ വീണ് മരിച്ചു. ഓഫീസിന് സമീപത്തെ ശുചിമുറിയിലേക്ക് പോയ സര്‍ക്കാര്‍ ഉദ്യോഗസ്ഥയ്ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. തമിഴ്നാട് കാഞ്ചിപുരം അസിരിനഗര്‍ നിവാസി ശരണ്യ (24) ആണ് മരിച്ചത്. ഇവിടെ കലകത്തൂര്‍ അഗ്രികള്‍ച്ചറല്‍ എക്സ്റ്റന്‍ഷന്‍ സെന്‍ററില്‍ ജൂനിയര്‍ അസിസ്റ്റന്‍റാണ് ഭിന്നശേഷിക്കാരിയായ ശരണ്യ.
ഓഫീസില്‍ ടോയ്ലറ്റ് സൗകര്യം ഇല്ലാത്തതിനാല്‍ സമീപത്തെ ഒരു കെട്ടിടത്തിലെ ശുചിമുറി സംവിധാനമാണ് ഉപയോഗപ്പെടുത്തിയിരുന്നത്. അവിടെ വച്ചാണ് അപകടം. ടോയ്ലറ്റില്‍ പോകാനിറങ്ങിയതായിരുന്നു ശരണ്യ. കനത്തമഴ പെയ്തതിനാല്‍ പ്രദേശമാകെ വെള്ളം കെട്ടിയ നിലയിലായിരുന്നു. ടോയ്ലറ്റിന് മുന്നിലായാണ് സെപ്റ്റിക് ടാങ്ക്. വെള്ളം കെട്ടി നില്‍ക്കുന്നതിനാല്‍ ഇത് ശ്രദ്ധയില്‍പ്പെടാതെ കാല് വച്ച ശരണ്യ, മുകളിലെ കോണ്‍ക്രീറ്റ് തകര്‍ന്ന് എട്ടടി താഴ്ചയുള്ള സെപ്റ്റിങ്ക് ടാങ്കിലേക്ക് വീഴുകയായിരുന്നു.
ടോയ്ലറ്റില്‍ പോകാനിറങ്ങിയ ശരണ്യയെ ഏറെ നേരമായി കാണാതെ സംശയം തോന്നിയ സഹപ്രവര്‍ത്തകര്‍ തിരക്കിയിറങ്ങിയപ്പോഴാണ് സെപ്റ്റിങ്ക് ടാങ്കില്‍ നിന്നും യുവതിയെ കണ്ടെത്തുന്നത്. ഉടന്‍ തന്നെ കാഞ്ചിപുരം സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. സംഭവത്തിന് പിന്നാലെ ജില്ലാ കളക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പ്രതിഷേധവുമായി ശരണ്യയുടെ ബന്ധുക്കള്‍ രംഗത്തെത്തി.
ഓഫീസില്‍ ടോയ്ലറ്റ് വേണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും അധികൃതര്‍ ചെവിക്കൊണ്ടിരുന്നില്ല എന്നാണ് ഇവരുടെ ആരോപണം. ടോയ്ലറ്റ് സൗകര്യം ഇല്ലാത്തതിനാല്‍ ജോലിക്ക് പോകാന്‍ പോലും ശരണ്യ മടിച്ചിരുന്നുവെന്നും ഇവര്‍ പറയുന്നു.