മൃഗങ്ങളിൽ മാത്രമല്ല ഇനി മനുഷ്യരിലും ജിപി എസ് സംവിധാനം വന്നേക്കാം. കൊടുകുറ്റവാളികളിൽ ജി.പി.എസ് പരീക്ഷണാർത്ഥം ഘടിപ്പിക്കാനാണ് തീരുമാനം. ജമ്മുവിലെ സ്പെഷ്യൽ എൻഐഎ കോടതി ഉത്തരവിന്റെ പിൻബലത്തില്‍ ജമ്മുകശ്മീർ പോലീസ് ഇത്തരമൊരു നീക്കം നടത്താനൊരുങ്ങുകയാണ്. ജാമ്യത്തിലിറങ്ങിയ ഒരു തീവ്രവാദക്കേസ് പ്രതിയെ നീരീക്ഷിക്കുന്നതിനായാണ് കോടതിയുത്തരവിന്റെ അടിസ്ഥാനത്തിൽ രാജ്യത്ത് ആദ്യമായി പോലീസ് ജിപിഎസ് ട്രാക്കർ ആങ്ക്‌ലെറ്റുകൾ ഉപയോഗിക്കാൻ തീരുമാനിച്ചത്. കുറ്റവാളിയുടെ കണങ്കാലിന് ചുറ്റും ഘടിപ്പിക്കാവുന്ന ജിപിഎസ് അടങ്ങുന്ന ഉപകരണമാണ് ജിപിഎസ് ട്രാക്കർ ആങ്ക്‌ലെറ്റ്. ഇത് ധരിച്ചിരിക്കുന്നയാളെ ട്രാക്ക് ചെയ്യാൻ പോലീസിന് സാധിക്കും. ജാമ്യത്തിലും പരോളിലും വീട്ടുതടങ്കലിലുമൊക്കെയുള്ള പ്രതികളുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ യുഎസ്എ, യുണൈറ്റഡ് കിംഗ്ഡം, ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങളിൽ ഇതിനകം തന്നെ ജിപിഎസ് ട്രാക്കർ ആങ്ക്ലെറ്റ് ഉപയോഗിക്കുന്നുണ്ട്.
നിരോധിത ഭീകരസംഘടനയായ ഹിസ്ബുൾ മുജാഹിദ്ദീന്റെ നിർദേശപ്രകാരം വിവിധ തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുവെന്ന കേസിൽ ഗുലാം മുഹമ്മദ് ഭട്ടിനെതിരെ ഉത്തരവുണ്ടായിരുന്നു. ജിപിഎസ് ട്രാക്കർ ആങ്ക്‌ലെറ്റ്‌സ് അവതരിപ്പിക്കുന്ന രാജ്യത്തെ ആദ്യത്തെ പോലീസ് ഡിപ്പാർട്ട്മെന്റാണ് ജമ്മു കശ്മീർ പോലീസ്. ഭാവിയിൽ ഈ സംവിധാനം കൂടുതൽ പ്രതികളിൽ പരീക്ഷിക്കാൻ ഇടയുണ്ട് എന്ന നിരീക്ഷണങ്ങൾ ഇതിന് പിന്നാലെ എത്തിയിട്ടുണ്ട്. പല ജയിലുകളിലും താങ്ങാനാകുന്നതിലധികം കുറ്റവാളികളുണ്ട്. ഇത്തരം ട്രാക്കറുകൾ ഘടിപ്പിച്ച ശേഷം അവരിൽ പലരെയും ജാമ്യത്തിലും മറ്റും വിടാൻകഴിയുമെന്നാണ് ഈ സംവിധാനം കൊണ്ട് വരുന്നതിലൂടെ ഉദ്ദേശിക്കുന്നത്.