മലപ്പുറം : മഴയിൽ തകർന്ന റോഡുകളുടെ അറ്റകുറ്റപ്പണിക്ക് പ്രത്യേക പാക്കേജ് ആലോചനയിലെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. നാശനഷ്ടം വിലയിരുത്തിയശേഷം നടപടി സ്വീകരിക്കും. സംസ്ഥാനത്ത് റണ്ണിങ് കോൺട്രാക്ട് സംവിധാനം ഏർപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്. എവിടെ പ്രവൃത്തി നടന്നാലും നിശ്‌ചിത കാലത്തേക്ക് അറ്റകുറ്റപ്പണി ചുമതല കരാറുകാർക്കുതന്നെയായിരിക്കും.
കരാറുകാരന്റെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെയും പേരും ഫോൺ നമ്പറും റോഡിന്റെ രണ്ട് അറ്റത്തും പ്രദർശിപ്പിക്കും. ജനങ്ങൾക്ക് അവരെ നേരിട്ട് വിളിക്കാം. കരാറുകാരനെയും ഉദ്യോഗസ്ഥനെയും ബന്ധപ്പെട്ടിട്ടും പരിഹാരമില്ലെങ്കിൽ വിളിക്കാൻ ടോൾ ഫ്രീ നമ്പർ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.