കുമളി : ഓടിക്കൊണ്ടിരിക്കുന്ന കാറിനു മുകളിലേക്ക് കാട്ടുപോത്ത് ചാടി. വാഹനത്തിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. യാത്രികര്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടു. ഇന്ന് രാവിലെ ആറു മണിയോടെ കൊട്ടാരക്കര – ഡിണ്ടുക്കല്‍ ദേശീയ പാതയില്‍ കുമളിക്ക് സമീപം ചെളിമടയില്‍ വെച്ചായിരുന്നു സംഭവം. കറുകച്ചാലില്‍ നിന്നും ബാംഗ്ലൂരിലേക്ക് പോകാനായി ഇതുവഴി എത്തിയ ജോജി ചെറിയാനും കുടുംബവും സഞ്ചരിച്ച കാറിനു മുകളിലേക്കാണ് കാട്ടുപോത്ത് എടുത്ത് ചാടിയത്.
പെരിയാര്‍ കടുവാ സങ്കേതത്തോട് ചേര്‍ന്ന് കിടക്കുന്ന ദേശീയ പാതയില്‍ നിന്നും പത്തടിയോളം ഉയരമുള്ള കാപ്പിത്തോട്ടത്തില്‍ നിന്നും ഓടികൊണ്ടിരിക്കുന്ന വണ്ടിക്ക് മുകളിലേക്ക് കാട്ടു പോത്ത് എടുത്ത് ചാടുകയായിരുന്നുവെന്ന് വാഹനത്തില്‍ ഉണ്ടായിരുന്ന ജോജി ചെറിയാന് പറഞ്ഞു. ബോണറ്റിനു മുകളിലേക്ക് കാട്ടുപോത്ത് വീണതിനാല്‍ കാറിന്റെ ഗ്ലാസ് ഉള്‍പ്പെടെ മുന്‍ ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. ആര്‍ക്കും പരിക്കില്ല.