അഹമ്മദാബാദ്: മനുഷ്യക്കുട്ടികള്‍ ജനിക്കുന്നത് കണ്ണുകള്‍ തുറന്നാണെന്നും അതുകൊണ്ട് നമ്മള്‍ മാംസാഹാരം കഴിക്കരുതെന്നും വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ വിചിത്രവാദവുമായി ഗുജറാത്ത് സ്പീക്കറും ബിജെപി നേതാവുമായ രാജേന്ദ്ര ത്രിവേദി. അഹമ്മദാബാദില്‍ ശ്രീനാരായണ കള്‍ച്ചര്‍ മിഷന്‍ നടത്തുന്ന സെന്‍ട്രല്‍ സ്കൂളിലെ വിദ്യാര്‍ത്ഥികളെക്കൊണ്ട് ജീവിതത്തിലൊരിക്കലും മാംസാഹാരം കഴിക്കില്ലെന്ന് പ്രതിജ്ഞ ചെയ്യിക്കുകയായിരുന്നു അദ്ദേഹം. കണ്ണടച്ച് ജനിച്ചവരെല്ലാം മാംസാഹാരികളാണെന്നും അദ്ദേഹം പറഞ്ഞു.
” നമ്മള്‍ ഒരിക്കലും മാംസാഹാരം കഴിക്കരുതെന്നാണ് ഇന്ത്യന്‍ സംസ്കാരം പറയുന്നത്. നമ്മള്‍ സസ്യാഹാരികളായിരിക്കണം. എന്തുകൊണ്ട് ? നമ്മുടെ ഋഷി വര്യന്‍മാര്‍ പറഞ്ഞിട്ടുണ്ട്, പൂച്ചക്കുട്ടി ജനിക്കുമ്പോള്‍ അതിന്റെ കണ്ണുകള്‍ അടഞ്ഞിരിക്കും. പട്ടിക്കുട്ടികള്‍ ജനിക്കുമ്പോഴും കണ്ണുകള്‍ അടഞ്ഞിരിക്കും. കടുവയുടെയും പുലിയുടെയും കുട്ടികള്‍ ജനിക്കുന്നതും അടഞ്ഞ കണ്ണുകളോടെയാണ്. എന്നാല്‍ മനുഷ്യക്കുട്ടികള്‍ ജനിക്കുന്നത് കണ്ണുകള്‍ തുറന്നാണ്. അതുകൊണ്ട് നമ്മള്‍ മാംസാഹാരം കഴിക്കരുത്. ഇതാണ് പ്രകൃതി നമ്മെ പഠിപ്പിക്കുന്നത.” – ത്രിവേദി പറഞ്ഞു.
ഇന്ത്യന്‍ ഭരണഘടനയുടെ കരട് തയ്യാറാക്കിയത് ബ്രാഹ്മണനാണെന്ന് പ്രസ്താവിച്ച് നേരത്തേയും വിവാദങ്ങളില്‍ ഇടംനേടിയിരുന്നു ഇദ്ദേഹം. ”60 രാജ്യങ്ങളുടെ ഭരണഘടന പഠനവിധേയമാക്കിയതിന് ശേഷമാണ് ഇന്ത്യൻ ഭരണഘടനയുടെ കരട് രൂപം തയ്യാറാക്കിയത് എന്ന കാര്യം നിങ്ങൾക്കറിയാമോ? ഡോ. ബി. ആർ. അംബേദ്കറിന് ഭരണഘടനയുടെ കരട് നൽകിയത് ആരാണെന്ന് അറിയാമോ? ഭരണഘടനയിൽ അംബേദ്കറിന്റെ പേര് ഏറ്റവും ബഹുമാനത്തോടെയാണ് എല്ലാവരും പരാമർശിക്കുന്നത്. എന്നിരുന്നാലും അദ്ദേഹത്തിന്റെ (അംബേദ്കറിന്റെ) വാക്കുകളിൽ കരട് രൂപം തയ്യാറാക്കിയത് ബ്രാഹ്മണനായ, ബി എൻ റാവു എന്ന ബെനഗൽ നർസിംഗ് റാവു ആണ്.” രാജേന്ദ്ര ത്രിവേദി പറഞ്ഞു.